
തിരുവനന്തപുരം : പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥിയായ മകനെ തളളിപ്പറഞ്ഞ എകെ ആന്റണിയുടെ പ്രസ്താവനയോടെ കോൺഗ്രസിന് ലഭിച്ചത് വലിയ ഊർജം. മകന് തോല്‍ക്കണമെന്നും, പാര്‍ട്ടി ജയിക്കുമെന്നും തുറന്നടിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എകെ ആന്റണിയുടെ പ്രസ്താവനയെ വലിയ കയ്യടിയോടെയാണ് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും സ്വീകരിച്ചത്. മകനേക്കാൾ വലുത് പാർട്ടിയെന്ന എകെ ആന്റണിയുടെ പ്രസ്താവന ഔന്നിത്യത്തിലുള്ളതെന്നാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ പ്രതികരണം. ആന്റണിക്ക് എതിരായ അനിലിന്റെ മറുപടി ജനം വിലയിരുത്തട്ടേയെന്നും വേണുഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
അതേ സമയം, അനിലിന്റെ ബിജെപി പ്രവേശത്തിന് ശേഷം അച്ഛനും മകനും നേര്‍ക്കുനേര്‍ രാഷ്ട്രീയം പറയുന്നത് ഇതാദ്യമായാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ അനിൽ സ്ഥാനാർത്ഥിയായെങ്കിലും സജീവ രാഷ്ട്രീയത്തിൽ നിന്നും മാറി നിൽക്കുന്ന ആന്റണി പ്രതികരിച്ചിരുന്നില്ല. തന്റെ രാഷ്ട്രീയ അസ്തിത്വത്തെ വരെ ചോദ്യംചെയ്യുന്ന നിലയില്‍ അനിലിന്റെ ബിജെപി പ്രവേശനം മാറിയതോടെയാണ് പതിവില്ലാത്ത വിധം ആന്റണി തുറന്നടിച്ചത്. തന്റെ മതം കോണ്‍ഗ്രസാണെന്നും ബിജെപി എല്ലായിടത്തും മൂന്നാംസ്ഥാനത്തായിരിക്കുമെന്നും ആന്റണി പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളുടെ മക്കള്‍ ബിജെപിയില്‍ പോകുന്നത് തെറ്റാണെന്നും മക്കളെക്കുറിച്ച് അധികം പറയിക്കരുതെന്നും ആന്റണി തുറന്നടിച്ചു. മകനെ തള്ളി പാര്‍ട്ടിയെ മുറുകെപ്പിടിച്ച ആന്റണിയുടെ വാക്കുകളെ വലിയ ആവേശത്തോടെയാണ് കോണ്‍ഗ്രസ് ക്യാംപുകള്‍ ഏറ്റെടുത്തത്.
Last Updated Apr 10, 2024, 10:08 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]