
റിയാദ്: എയർപ്പോർട്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ പോളിയോ ബാധിതനെ നാട്ടിലെത്തിച്ചു. റിയാദ് വിമാനത്താവളത്തിൽ വീൽച്ചെയറിൽ ഇരിക്കുന്ന നിലയിൽ കണ്ടെത്തിയ പശ്ചിമ ബംഗാൾ സ്വദേശി തസ്ബീറാണ് മലയാളി സാമൂഹികപ്രവർത്തകെൻറയും എയർപ്പോർട്ട് അധികൃതരുടെയും കരുതലിൽ നാടണഞ്ഞത്. ഒരാഴ്ച മുമ്പാണ് ഇയാൾ വിമാനത്താവളത്തിൽ എത്തിയത്. എവിടെ നിന്ന് വന്നു, ആര് കൊണ്ടെത്തിച്ചു എന്നൊന്നും അറിയില്ല. അതൊന്നും വിശദീകരിക്കാൻ കഴിയാത്തവിധം തസ്ബീറിന് സംസാരശേഷി ഇല്ലാതാവുകയും ചെയ്തിരുന്നു. ആരോഗ്യപരമായി ആകെ അവശനിലയിലായിരുന്നു.
എയർപ്പോർട്ട് അധികൃതർ അമീർ മുഹമ്മദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശേഷം എയർപ്പോർട്ടിലെ ഹജ്ജ് ഉംറ സർവിസ് മാനേജർ സഹായം തേടി റിയാദിലെ അക്ബർ ട്രാവൽസ് ഉദ്യോഗസ്ഥൻ യൂനുസിനെ വിവരം അറിയിച്ചു. യൂനുസ് വഴി വിവരം അറിഞ്ഞ സാമൂഹികപ്രവർത്തകൻ സിദ്ദീഖ് തുവ്വൂർ വിഷത്തിലിടപെടുകയും അമീർ മുഹമ്മദ് ആശുപത്രിയിൽ ജോലി ചെയ്യുന്ന സുഹൃത്ത് സുഫിയാൻ വഴി തസ്ബീറിനെ നേരിൽ കണ്ട് വിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു. കൈയ്യിലുള്ള ബാഗിൽ നിന്ന് കുറെ നമ്പറുകൾ ലഭിച്ചു. വീട്ടുകാരെ വിളിച്ചപ്പോൾ തസ്ബീർ മുംബെയിലാണെന്ന വിവരമാണുള്ളത്. അയാളുടെ പഴ്സിൽ മുംബെയിലെ ഒരു ഡോക്ടറുടെ നമ്പറുണ്ടായിരുന്നു. അതിലേക്ക് ഫോട്ടോ അയച്ചുകൊടുത്തപ്പോൾ മുംബൈ തെരുവിൽ കുറെ കാലമായി കാണാറുണ്ടെന്ന വിവരമാണ് ലഭിച്ചത്.
അസുഖം ഭേദമായി അയാൾക്ക് സംസാരശേഷി തിരിച്ചുകിട്ടിയപ്പോൾ നാട്ടിലെത്തി മക്കളെ കാണാൻ സഹായിക്കണമെന്നാണ് പറഞ്ഞത്. മുംബൈയിൽനിന്ന് എങ്ങനെ സൗദിയിലെത്തി, എന്തിനാണ് വന്നതെന്ന് എന്നതൊന്നും അയാൾ പറഞ്ഞില്ല. ദയനീയമായിരുന്നു അയാളുടെ ഭാവം. പോളിയോ ബാധിച്ച് ഒരു കൈയ്യും കാലും തളർന്നിട്ടുണ്ടെങ്കിലും നടക്കാൻ കഴിയുന്ന അവസ്ഥയിലാണിപ്പോൾ. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തപ്പോൾ ഷറഫ് എന്ന മലയാളി താമസം ഏർപ്പാട് ചെയ്തു.
തുടർന്ന് ഇന്ത്യൻ എംബസിയിൽ വിവരമറിയിച്ചു. അവർ ആവശ്യമായ സഹായങ്ങൾ വാഗ്ദാനം ചെയ്തെങ്കിലും രണ്ട് ദിവസം അവധിയായതിനാൽ അത് കാത്തുനിൽക്കാൻ കഴിയാതെ സിദ്ദീഖ് തുവ്വൂർ ഒരു ട്രാവൽ ഏജൻസിയിൽനിന്ന് കടമായി വിമാന ടിക്കറ്റ് എടുത്ത് നാട്ടിലേക്ക് കയറ്റിവിടുകയായിരുന്നു. ഫ്ലൈനാസിലാണ് മുംബൈയിലേക്ക് പോയത്.
Last Updated Apr 9, 2024, 10:32 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]