
തൃശ്ശൂര്‍: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനത്തിതെതിരെ വിമര്‍ശനം ഉന്നയിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യപാദം പൂർത്തിയായ ഘട്ടത്തിലും ജാതിചിന്തയും അതിലധിഷ്ഠിതമായ വിവേചന ബോധവും പേറുന്നവർ കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തിന് അപമാനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇനിയുമൊരു വട്ടം കൂടി ഒരു തിയ്യപ്പാട് ദൂരമോ ചെറുമപ്പാട് ദൂരമോ മാറിനിൽക്കാൻ നമ്മളെ സ്വയം വിട്ടുകൊടുക്കാതിരിക്കുക എന്ന് തന്റെ ഫേസ്ബുക്ക് പേജില്‍ കൂടെ കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടു.
ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തില്‍ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് കഴകം പ്രവർത്തിക്കായി നിയമിച്ച തിരുവനന്തപുരം സ്വദേശി ബാലു എന്ന യുവാവിനെ ഈഴവനായതിന്റെ പേരിൽ ഓഫീസ് ജോലികളിലേക്ക് മാറ്റുകയായിരുന്നു. തന്ത്രിമാരുടെയും വാര്യസമാജത്തിന്റെയും എതിർപ്പിനെ തുടർന്നായിരുന്നു തീരുമാനം. ജാതി വിവേചനം സ്ഥിരീകരിക്കുന്ന ഭരണസമിതി അംഗം പ്രതിഷ്ഠാദിന ചടങ്ങുകൾ പൂർത്തിയായതിനുശേഷം ബാലുവിനെ കഴകം ജോലിയിലേക്ക് പുനഃസ്ഥാപിക്കുമെന്ന് അറിയിച്ചു. ഇതിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. തന്ത്രിമാർക്കെതിരെ നടപടിയെടുക്കാൻ ബോർഡിന് അവകാശം ഉണ്ട് എന്ന് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻ വിഷയത്തില്‍ പ്രതികരിച്ചു.
ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വഴി നിയമനം ലഭിച്ച തിരുവനന്തപുരം സ്വദേശി ബാലു കഴിഞ്ഞ മാസം 24നാണ് ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ കഴകം പ്രവൃത്തിക്കാരനായി ചുമതലയേറ്റത്. ബാലു ഈഴവ സമുദായ അംഗം ആയതിനാൽ കഴകപ്രവർത്തിയിൽ നിന്ന് മാറ്റി നിർത്തണമെന്ന് തന്ത്രിമാരും വാര്യർ സമാജവും ആവശ്യപ്പെട്ടു. ഇരിങ്ങാലക്കുടയിലെ ആറു തന്ത്രി കുടുംബ അംഗങ്ങൾ ക്ഷേത്ര ചടങ്ങുകളിൽ നിന്ന് അന്നുമുതൽ വിട്ടുനിൽക്കുകയും ചെയ്തു.
‘ഇനിയുമൊരു വട്ടം കൂടി ഒരു തിയ്യപ്പാട് ദൂരമോ ചെറുമപ്പാട് ദൂരമോ മാറിനിൽക്കാൻ നമ്മളെ സ്വയം വിട്ടുകൊടുക്കാതിരിക്കുക.
ദേവസ്വം ബോർഡിനോടാണ്. ഒരു ദിവസമെങ്കിൽ ഒരു ദിവസമെങ്കിലും നവോത്ഥാന ആശയങ്ങളിലൂടെ ഉഴുതുമറിക്കപ്പെട്ടു എന്നവകാശപ്പെടുന്ന കേരളീയ സമൂഹത്തെ നിങ്ങൾ ഒറ്റുകൊടുത്തു. മെറിറ്റിന്റെ അടിസ്ഥാനത്തിൽ അർഹതപ്പെട്ട തൊഴിൽ ചെയ്യാനെത്തിയ മനുഷ്യനെ തീണ്ടാപ്പാടകലെ മാറ്റിനിർത്താൻ നിങ്ങളെടുത്ത തീരുമാനം കേരളത്തിന് എത്ര ഭൂഷണമാണന്ന് ആത്മപരിശോധന നടത്തണം. ജാതിവിവേചനത്തിന്റേതല്ല, മതേതരത്വത്തിന്റെയും സാഹോദര്യത്തിന്റെയും നാടായിരിക്കണം നമ്മുടെ കേരളമെന്ന് ആവർത്തിച്ച് ഉരുവിടേണ്ടതുണ്ട്’ എന്ന് കെസി വേണുഗോപാല്‍ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
Read More:വിമർശിക്കുന്നവരെ ഇല്ലാതാക്കുന്ന പാരമ്പര്യം കോൺഗ്രസിനില്ല’; ശശി തരൂർ വിവാദത്തിൽ കെ സി വേണുഗോപാൽ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]