![](https://newskerala.net/wp-content/uploads/2025/02/s.1739201069.jpg)
കൊല്ലം: എൽ.ഡി.എഫിലെ ധാരണ പ്രകാരം സി.പി.എം പ്രതിനിധിയായിരുന്ന പ്രസന്ന ഏണസ്റ്റ് കൊല്ലം കോർപ്പറേഷൻ മേയർ സ്ഥാനം രാജിവച്ചു. നിലവിലെ ഭരണസമിതിയുടെ കാലാവധി അവസാനിക്കുന്ന ഡിസംബർ വരെ ഇനി സി.പി.ഐക്കാണ് മേയർ സ്ഥാനം.
എൽ.ഡി.എഫിലെ ധാരണ പ്രകാരം ആദ്യ നാല് വർഷം സി.പി.എമ്മിന് മേയർ പദവിയും സി.പി.ഐക്ക് ഡെപ്യൂട്ടി മേയർ സ്ഥാനവുമാണ്. തുടർന്നുള്ള ഒരു വർഷം സി.പി.ഐ പ്രതിനിധി മേയർ സ്ഥാനം വഹിക്കുമ്പോൾ സി.പി.എമ്മിനാണ് ഡെപ്യൂട്ടി മേയർ പദവി. ഇതുപ്രകാരം കഴിഞ്ഞ ഡിസംബറിൽ മേയർ സ്ഥാനം സി.പി.ഐക്ക് കൈമാറേണ്ടതായിരുന്നു. ഒന്നരമാസം പിന്നിട്ടിട്ടും മേയർ സ്ഥാനം കൈമാറാത്തതിൽ പ്രതിഷേധിച്ച് സി.പി.ഐയുടെ ഡെപ്യൂട്ടി മേയറും രണ്ട് സ്ഥിരം സമിതി അദ്ധ്യക്ഷരും കഴിഞ്ഞയാഴ്ച രാജിവച്ചിരുന്നു.
മുൻകാലങ്ങളിൽ മേയർ രാജിവയ്ക്കുമ്പോൾ ഡെപ്യൂട്ടി മേയർ ചുമതല വഹിക്കുമായിരുന്നു. പുതിയ മേയറെ തിരഞ്ഞെടുത്ത ശേഷമാണ് ഡെപ്യൂട്ടി മേയർ രാജിവയ്ക്കുന്നത്. ഇത്തവണ ഡെപ്യൂട്ടി മേയർ നേരത്തെ രാജിവച്ചതിനാൽ രണ്ടാഴ്ചയ്ക്കുള്ളിൽ മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ് ഒരുമിച്ച് നടക്കും. അന്തിമഘട്ടത്തിൽ എത്തിയ ചില പദ്ധതികളുടെ ഉദ്ഘാടനം നടത്താനാണ് മേയറുടെ രാജി നീട്ടിയതെന്നാണ് സി.പി.എം വിശദീകരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]