![](https://newskerala.net/wp-content/uploads/2025/02/gopan.1.3132395.jpg)
തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപന്റെ പേരിൽ വലിയ ക്ഷേത്രം പണിയുമെന്ന് മകൻ രാജസേനൻ. അവിടെ ഉത്സവം നടത്തുമെന്നും കേസ് കഴിയുന്നതോടെ തീർത്ഥാടന കേന്ദ്രം ഒരുക്കുമെന്നും രാജസേനൻ വ്യക്തമാക്കി. ലിംഗ പ്രതിഷ്ഠ ഉടൻ നടത്തും. ജാതിമതഭേദമന്യേ ആർക്കും ക്ഷേത്രത്തിലേക്ക് വരാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ക്ഷേത്രത്തിന്റെ ശുദ്ധികലശമെല്ലാം കഴിഞ്ഞ ശേഷം നിത്യപൂജയും ദർശനവും ഉണ്ടായിരിക്കും. ആചാര്യ ഗുരുക്കളുമായി ആലോചിച്ച് ശുദ്ധികലശം നടത്തും. ഇന്നല്ല, നാളെയാണെങ്കിലും വിശ്വാസികളെത്തും. ജാതിമത ഭേദമന്യേ എല്ലാ വിശ്വാസികൾക്കും ഇങ്ങോട്ടെത്താം. എല്ലാവർക്കും സ്വാഗതം.
രാവിലെ 3.30നാണ് നട തുറക്കുന്നത്. ആ സമയം മുതൽ ആളുകൾക്ക് വരാം. വൈകിട്ട് എട്ട് മണിയോടെ നടയടക്കും. ശുദ്ധികലശത്തിന് ശേഷം പൂജയും ഉത്സവങ്ങളുമെല്ലാം കാണും.’- ഗോപന്റെ മകൻ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിനോടായിരുന്നു പ്രതികരണം. പ്രദേശത്തുള്ളവരുടെ പിന്തുണ എത്രത്തോളമുണ്ടെന്ന് ചോദിച്ചപ്പോൾ മറുപടിയുണ്ടായിരുന്നില്ല.
ഗോപൻ ‘സമാധി’യായതാണെന്ന് അവകാശവാദമുന്നയിച്ചുകൊണ്ട് നേരത്തെ രാജസേനൻ അടക്കമുള്ള കുടുംബാംഗങ്ങൾ രംഗത്തെത്തിയിരുന്നു. ഗോപന്റെ മരണത്തിൽ സംശയം ഉന്നയിച്ചുകൊണ്ട് ചിലർ പൊലീസിൽ പരാതി നൽകി. കേസിൽ ഹൈക്കോടതിയും ഇടപെട്ടതോടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയിരുന്നു. തുടർന്ന് 2000 കിലോ ഭസ്മവും 250 കിലോ പച്ചകർപ്പൂരവുമൊക്കെ ഉപയോഗിച്ചായിരുന്നു മൃതദേഹം സംസ്കരിച്ചത്. “ഋഷിപീഠം” എന്ന പേരിൽ കല്ലറ നിർമിച്ച് അതിലാണ് മൃതദേഹം വീണ്ടും സംസ്കരിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]