
ജിദ്ദ – ലോക മനസ്സാക്ഷിയെ പിടിച്ചുലച്ച് ഗാസയിൽ വീരമൃത്യുവരിച്ച ഫലസ്തീനി ബാലിക ആറു വയസുകാരി ഹിന്ദ് റജബിന്റെയും അഞ്ചു കുടുംബാംഗങ്ങളുടെയും രണ്ടു റെഡ് ക്രസന്റ് ജീവനക്കാരുടെയും മൃതദേഹങ്ങൾ പന്ത്രണ്ടു ദിവസത്തിനു ശേഷം ശനിയാഴ്ച രാവിലെ കണ്ടെത്തി. ഇസ്രായിലി ആക്രമണത്തിൽ ഒപ്പമുണ്ടായിരുന്ന ബന്ധുക്കൾ വീരമൃത്യുവരിച്ച ശേഷം ഹിന്ദ് റജബ് ഫലസ്തീൻ റെഡ് ക്രസന്റിൽ ബന്ധപ്പെട്ട് സഹായം തേടിയിരുന്നു. ബാലികയുമായുള്ള ഫോൺ ബന്ധം പിന്നീട് മുറിഞ്ഞു. തുടർന്ന് ബാലികയെ രക്ഷിക്കാൻ പുറപ്പെട്ട റെഡ് ക്രസന്റ് സംഘത്തെ പറ്റിയും വിവരം ലഭിച്ചില്ല. ബിശാർ ഹമാദയും ഭാര്യയും മക്കളായ മുഹമ്മദ് (11), ലയാൻ (14), റഗദ് (13), ഹമാദയുടെ സഹോദരീ പുത്രി ഹിന്ദ് റബജ്, ഫലസ്തീൻ റെഡ് ക്രസന്റ് പ്രവർത്തകരായ യൂസൂഫ് സിനു, അഹ്മദ് അൽമദ്ഹൂൻ എന്നിവരാണ് ഇസ്രായിലി ആക്രമണത്തിൽ വീരമൃത്യുവരിച്ചത്.
ഗാസയിൽ തൽഅൽഹവ ഡിസ്ട്രിക്ടിൽ അൽമാലിയ ചത്വരത്തിനു സമീപം ഇസ്രായിലി സൈനികരുടെ പാറ്റൻ ടാങ്കുകൾ ഹിന്ദ് റജബും കുടുബാംഗങ്ങളും സഞ്ചരിച്ച കാർ വളയുകയായിരുന്നു. കാറിനു നേരെ ഇസ്രായിലി സൈനികർ നടത്തിയ ശക്തമായ വെടിവെപ്പിൽ അഞ്ചു പേർ തൽക്ഷണം കൊല്ലപ്പെട്ടു. ജീവനോടെ ശേഷിച്ച ആറു വയസുകാരി ഹിന്ദ് റജബിനെ രക്ഷിക്കാൻ എത്തിയ റെഡ് ക്രസന്റ് ആംബുലൻസിലെ രണ്ടു പേരും ഇസ്രായിൽ ആക്രമണത്തിൽ വീരമൃത്യുവരിക്കുകയുമായിരുന്നു.
ഇസ്രായിൽ സൈന്യം വളഞ്ഞതോടെ ഹിന്ദ് റജബിന്റെ മാതൃസഹോദര പുത്രി പതിനാലുകാരി ലയാൻ റെഡ് ക്രസന്റിൽ ബന്ധപ്പെട്ട് സംസാരിക്കുന്നതിന്റെ വോയ്സ് ക്ലിപ്പ് ഫലസ്തീൻ റെഡ് ക്രസന്റ് നേരത്തെ പുറത്തുവിട്ടിരുന്നു. ഇസ്രായിൽ സൈന്യം തങ്ങളെ വളഞ്ഞതായും തങ്ങളുടെ കാറിനു സമീപം പാറ്റൻ ടാങ്കുണ്ടെന്നും ലയാൻ പറഞ്ഞു. ഇത്രയും പറഞ്ഞുപൂർത്തിയായപ്പോഴേക്കും തുരുതുരാ വെടിപൊട്ടുന്നതിന്റെ ഒച്ചയും ലയാൻ കരയുന്നതിന്റെയും ശബ്ദവും കേൾക്കുകയും ഫോൺ ബന്ധം മുറിയുകയും ചെയ്തു.
After 12 horrific days of waiting, the PRCS discovered the burnt bodies of 5 year-old Hind and the 2 paramedics dispatched to rescue her in the ambulance.
Despite previous coordination, the IOF deliberately bombed the ambulance shortly after she was rescued in Tal Al-Hawa… pic.twitter.com/RXkgwYQNu6
— TIMES OF GAZA (@Timesofgaza) February 10, 2024
ജൂൺ 29 ന് ആണ് സംഭവമെന്ന് ഹിന്ദിന്റെ മാതാവ് വിസാം പറഞ്ഞു. അന്ന് രാവിലെ പ്രദേശത്തെ താമസക്കാരോട് ഒഴിഞ്ഞുപോകാൻ ഇസ്രായിൽ സൈന്യം ഉത്തരവിട്ടു. തങ്ങളുടെ പ്രദേശത്തിനു നേരെ ഇസ്രായിൽ സൈന്യം ശക്തമായ ബോംബാക്രമണമാണ് നടത്തിയത്. വ്യോമാക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ജീവനും കൊണ്ട് ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് തങ്ങൾ ഓടിക്കൊണ്ടിരുന്നു. കൂടുതൽ സുരക്ഷിതമായ സ്ഥലമാകുമെന്ന് കരുതി നഗരത്തിന് കിഴക്കുള്ള അൽഅഹ്ലി ആശുപത്രിയിലേക്ക് പോകാൻ കുടുംബം തീരുമാനിച്ചു. താനും മൂത്ത മകനും കാൽനടയായി ആശുപത്രി ലക്ഷ്യമാക്കി നീങ്ങി. ഇളയ മകൾ ഹിന്ദിന് തന്റെ സഹോദരന്റെ കാറിൽ സ്ഥലം ലഭിച്ചു. അവർ കാറിൽ സ്ഥലം വിട്ടതോടെ കാർ നീങ്ങിയ ഭാഗത്തു നിന്ന് ശക്തമായ വെടിയൊച്ച കേട്ടു. തന്റെ മകൾക്കും സഹോദരനും കുടുംബത്തിനും വേണ്ടി തിരച്ചിലുകളും അന്വേഷണങ്ങളും നടത്താനുള്ള തങ്ങളുടെ അപേക്ഷകൾ അന്താരാഷ്ട്ര സംഘടനകൾ അവഗണിക്കുകയായിരുന്നെന്നും വിസാം പറഞ്ഞു.
കെ.എം.സി.സി പരിപാടിയിൽ പ്രസംഗിക്കുന്നതിന് ഫാത്തിമ തഹലിയക്ക് എംബസിയുടെ വിലക്ക്
പ്രശസ്തമായ അൽഅസ്ഹർ യൂനിവേഴ്സിറ്റി ലക്ഷ്യമാക്കിയാണ് ഹിന്ദിന്റെ അമ്മാവൻ കാറോടിച്ചത്. എന്നാൽ അപ്രതീക്ഷിതമായി വഴിയിൽ അവരെ ഇസ്രായിലി ടാങ്കുകൾ നേരിട്ടു. ഇതോടെ സുരക്ഷ തേടി അവർ സമീപത്തെ പെട്രോൾ ബങ്കിൽ കാറുമായി പ്രവേശിച്ചു. ഇവിടെ വെച്ച് അവർക്കു നേരെ ഇസ്രായിൽ സൈനികർ വെടിവെപ്പ് നടത്തുകയായിരുന്നു. വെടിവെപ്പിൽ കുടുംബാംഗങ്ങൾ മരിച്ചുവീണതോടെ ശേഷിക്കുന്നവർ സഹായം തേടി റെഡ് ക്രസന്റിൽ ബന്ധപ്പെട്ടതിനെ തുടർന്നാണ് റെഡ് ക്രസന്റ് സംഘം സ്ഥലത്തെത്തിയത്. ഹിന്ദും ലയാനും ഒഴികെയുള്ളവർ ആദ്യം തന്നെ വീരമൃത്യുവരിച്ചിരുന്നു. ലയാനും ഹിന്ദ് റജബും റെഡ് ക്രസന്റ് സംഘവും ഇസ്രായിലി ആക്രമണത്തിൽ വൈകാതെ കൊല്ലപ്പെട്ടു.
ഹിന്ദ് റജബും കുടുംബാംഗങ്ങളും സഞ്ചരിച്ച കാറിൽ നിന്ന് ഏതാനും മീറ്റർ അകലെ വെച്ചാണ് റെഡ് ക്രസന്റ് ആംബുലൻസിനു നേരെ ഇസ്രായിൽ സൈന്യം വെടിവെപ്പ് നടത്തിയത്. അന്താരാഷ്ട്ര സംഘടനകളുമായി ഏകോപനം നടത്തിയാണ് ഹിന്ദ് റജബിനെ രക്ഷിക്കാൻ റെഡ് ക്രസന്റ് സംഘം ആംബുലൻസിൽ സ്ഥലത്തേക്ക് തിരിച്ചതെന്ന് ഫലസ്തീൻ റെഡ് ക്രസന്റ് വക്താവ് റാഇദ് അൽനംസ് പറഞ്ഞു. ഫലസ്തീൻ റെഡ് ക്രസന്റ് സംഘങ്ങളെ ഇസ്രായിൽ സൈന്യം മനഃപൂർവം ലക്ഷ്യമിടുകയാണെന്നും റാഇദ് അൽനംസ് പറഞ്ഞു. കാറിനകത്ത് ജീർണിച്ച നിലയിലാണ് ഹിന്ദിന്റെയും മറ്റു അഞ്ചു കുടുംബാംഗങ്ങളുടെയും മയ്യിത്തുകൾ കണ്ടെത്തിയതെന്ന് ബാലികയുടെ പിതൃസഹോദരൻ സമീഹ് ഹമാദ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]