ചെന്നൈ: ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയല്ലെന്നും ഔദ്യോഗിക ഭാഷ മാത്രമാണെന്നും മുൻ ഇന്ത്യൻ താരം ആർ അശ്വിൻ. ചെന്നൈയിലെ ഒരു എഞ്ചിനീയറിംഗ് കോളേജിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു താരം.
പരിപാടിയിൽ പങ്കെടുക്കുന്ന ഇംഗ്ളീഷ് സംസാരിക്കുന്ന വിദ്യാർത്ഥികൾ ഒരു യായ് തരൂ എന്നായിരുന്നു അശ്വിൻ ആദ്യം ആവശ്യപ്പെട്ടത്. അതിന് വിദ്യാർത്ഥികൾ മറുപടി നൽകുന്നു. പിന്നാലെ തമിഴ് വിദ്യാർത്ഥികളോട് ആവശ്യപ്പെടുന്നു. ശേഷം ഹിന്ദി സംസാരിക്കുന്ന വിദ്യാർത്ഥികളോട് ശബ്ദമുണ്ടാക്കാൻ ആവശ്യപ്പെടുമ്പോൾ ആരും പ്രതികരിക്കുന്നില്ല. അപ്പോഴാണ് അശ്വിൻ ഹിന്ദി ദേശീയ ഭാഷയല്ലെന്നും ഔദ്യോഗിക ഭാഷ മാത്രമാണെന്നും വ്യക്തമാക്കിയത്. അശ്വിന്റെ നിലപാടിനെ കയ്യടികളോടെയാണ് വിദ്യാർത്ഥികൾ സ്വീകരിച്ചത്.
അതേസമയം, അശ്വിന്റെ പരാമർശത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ബിജെപി. അശ്വിൻ ഭാഷാവിഷയത്തിൽ ഇടപെടാതിരിക്കുന്നതാണ് നല്ലതെന്ന് ബിജെപി നേതാവ് ഉമ ആനന്ദൻ മുന്നറിയിപ്പ് നൽകി. ഡിഎംകെ അശ്വിനെ പ്രോത്സാഹിപ്പിക്കുന്നതിൽ അത്ഭുതമൊന്നുമില്ല. എന്നാൽ അശ്വിൻ ദേശീയ ക്രിക്കറ്റ് താരമാണോ അത് തമിഴ്നാട് ക്രിക്കറ്റ് താരമാണോ എന്നത് അറിയാൻ താത്പര്യമുണ്ടെന്നും ഉമ ആനന്ദൻ പറഞ്ഞു.
ഇന്ത്യയുടെ എക്കാലത്തേയും മികച്ച സ്പിന്നർമാരിൽ ഒരാളായ ആർ അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് അടുത്തിടെയാണ് വിരമിച്ചത്. ഓസ്ട്രേലിയ്ക്കെതിരായ ബോർഡർ ഗവാസ്കർ ട്രോഫിക്കിടെയാണ് അപ്രതീക്ഷിത പ്രഖ്യാപനം ഉണ്ടായത്. ടെസ്റ്റിന് ശേഷം രോഹിത് ശർമയ്ക്കൊപ്പം വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയാണ് അശ്വിൻ ഇക്കാര്യം അറിയിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ടെസ്റ്റ് ക്രിക്കറ്റിൽ അനിൽ കുംബ്ലെക്ക് ശേഷം ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത രണ്ടാമത്തെ ഇന്ത്യൻ ബൗളർ കൂടിയാണ് അശ്വിൻ. ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരങ്ങളിൽ ഏഴാമതാണ്. 13 വർഷത്തെ കരിയറിൽ 106 ടെസ്റ്റിൽ നിന്ന് 537 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. 116 ഏകദിനത്തിൽ 156 വിക്കറ്റും 65 ട്വിന്റി 20യിൽ 72 വിക്കറ്റും സമ്പാദിച്ചു. ടെസ്റ്റിൽ ആറ് സെഞ്ച്വറികൾ നേടിയിട്ടുണ്ട്. അതേസമയം, ട്വന്റി 20 ടൂർണമെന്റിൽ മത്സരിക്കുന്നത് താരം തുടരും.