
കോട്ടയം: തണ്ണീർ മുക്കം ബണ്ട് അടച്ചതോടെ വേമ്പനാട്ടു കായലിൽ കരമീൻ ചാകര. കുമരകത്ത് കരിമീൻ സുലഭമായതോടെ തീൻമേശകളിൽ കരിമീൻ രുചിമേളമായി. ഷട്ടറുകൾ അടച്ച് ഒഴുക്ക് നിലച്ചതോടെ കരിമീനുകൾ കൂട്ടത്തോടെ ഷട്ടർ ഭാഗത്തേക്ക് നീങ്ങുന്നതാണ് ലഭ്യത കൂടിയത്. ഇത് കുറേ ദിവസം നീണ്ടു നിൽക്കുമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. കരിമീനിനു പുറമേ പൂമീൻ, കൂരി, മൊരശ്, കണ്ണി തുടങ്ങിയവയുടെ ലഭ്യതയും കൂടിയതോടെ അവയുടെ വിലയും സൊസൈറ്റി കുറച്ചു.
എല്ലാ ഗ്രേഡിലുമുള്ള കരിമീൻ ഇപ്പോൾ വേമ്പനാട്ടു കായലിൽ ലഭ്യമാണെന്ന് തൊഴിലാളികൾ പറയുന്നു. മുൻപ് ദിവസവും ശരാശരി 150 കിലോ കരിമീനാണ് കുമരകത്തെ മത്സ്യത്തൊഴിലാളി സഹകരണ സംഘത്തിലെത്തിയിരുന്നത്. ഇപ്പോഴത് 500 കിലോയായി. ചീപ്പുങ്കൽ, പള്ളിച്ചിറ, കുമരകം ടൗൺ എന്നിവിടങ്ങളിലെ ഔട്ട്ലെറ്റുകളിൽ കരിമീൻ വാങ്ങാൻ തിരക്കായി. ഫോൺവിളിച്ച് ബുക്ക് ചെയ്ത് മറ്റുജില്ലകളിൽ നിന്ന് ആളുകൾ കരിമീൻ വാങ്ങാനെത്തുന്നുണ്ട്.
വേമ്പനാട്ട് കായലിലെ കരിമീൻ കേമൻ
രുചിയിലും ഗുണത്തിലും വേമ്പനാട്ട് കായലിലെ കരിമീൻ കേമനാണ്. റിസോർട്ടുകൾ, ഹൗസ്ബോട്ടുകൾ, കള്ളുഷാപ്പുകൾ എന്നിവിടങ്ങളിലേക്കാണ് കൂടുതലായി കരിമീൻ കൊണ്ടുപോകുന്നത്. കുമരകത്തേതെന്ന പേരിൽ വിലയും രുചിയും കുറവുള്ള ആന്ധ്ര കരിമീൻ വ്യാപകമായി വിൽക്കുന്നുണ്ട്.
വിലയിങ്ങനെ
എ പ്ലസ്ഗ്രേഡിന് ( 250 ഗ്രാമിന് മുകളിൽ ) 650 രൂപയായിരുന്നത് 600 ആയി. എ ഗ്രേഡ് (150 മുതൽ 245 ഗ്രാം വരെ ) 550 ആയിരുന്നത് 470 ആയി. ബി.ഗ്രേഡ് (105 മുതൽ 145 ഗ്രാം വരെ ) 420 രൂപയായിരുന്നത് 340 രൂപയായി കുറഞ്ഞു.
ഹോട്ടലിൽ വിലകുറയുന്നില്ല
കരിമീൻ വില സൊസൈറ്റി കുറച്ചിട്ടും ഹോട്ടലുകളും റിസോർട്ടുകളും വില കുറച്ചിട്ടില്ല. ഇടത്തരം കരിമീൻ വാഴയിലയിൽ പൊള്ളിച്ചത് ഒരെണ്ണത്തിന് 500 രൂപയാണ് ഇടത്തരം ഹോട്ടലുകൾ ഈടാക്കുന്നത്. ഇത് കുമരകം കരീമീനാണോ എന്ന് ഉറപ്പുമില്ല .
തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടർ അടഞ്ഞുകിടക്കുന്നതിനാൽ കായലിൽ ഒഴുക്ക് കുറവാണ്. തെളിഞ്ഞ വെള്ളമുള്ള ഭാഗത്ത് കരിമീൻ കൂടുതൽ കാണപ്പെടും. കൂടുതൽ കരിമീൻ ലഭിക്കാൻ ഇതാണ് കാരണം.
പുഷ്കരൻ (മത്സ്യത്തൊഴിലാളി)
ലഭ്യത കൂടിയതാണ് വിലക്കുറവിന് കാരണം. സാധാരണക്കാർക്കും കരിമീൻ കഴിക്കാവുന്ന സാഹചര്യമായി. മത്സ്യതൊഴിലാളിക്ഷേമസഹകരണസംഘം ഭാരവാഹികൾ കുമരകം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]