
തൃശൂർ: ഭാവഗായകൻ പി ജയചന്ദ്രന്റെ മൃതദേഹം സംഗീത നാടക അക്കൗദമിയിലെ പൊതുദർശനത്തിന് ശേഷം പൂങ്കുന്നത്തെ വീട്ടിലെത്തിച്ചു. പത്ത് മണി മുതൽ പന്ത്രണ്ട് മണി വരെയായിരുന്നു സംഗീത നാടക അക്കാദമിയിൽ പൊതുദർശനമുണ്ടായത്. ഇപ്പോൾ പൂങ്കുന്നത്തെ വസതിയിൽ പൊതുദർശനം തുടരുകയാണ്.
സമൂഹത്തിന്റെ നാനാതുറയിൽപ്പെട്ട ആയിരങ്ങളാണ് അന്ത്യോപചാരം അർപ്പിക്കാനെത്തിയത്. മന്ത്രി ബിന്ദു, സംവിധായകൻ കമൽ, ശ്രീകുമാരൻ തമ്പി, ബാലചന്ദ്ര മേനോൻ, ഔസേപ്പച്ചൻ, മനോജ് കെ ജയൻ, വിദ്യാധരൻ മാസ്റ്റർ, കഥകളി ആചാര്യൻ കലാമണ്ഡലം ഗോപി, ജയരാജ് വാര്യർ, മേള വിദഗ്ദ്ധൻ പെരുവനം കുട്ടൻ മാരാർ അടക്കം നിരവധി പ്രമുഖർ പി ജയചന്ദ്രന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തി.
ആറു പതിറ്റാണ്ടോളം മലയാളികളെ സംഗീതത്തിന്റെ ഹൃദയതാളത്തിലേക്ക് ചേർത്തുനിറുത്തിയ ജയചന്ദ്രൻ ഇന്നലെ രാത്രി 7.54 നായിരുന്നു അന്തരിച്ചത്. കരൾ സംബന്ധമായ അസുഖത്തെത്തുടർന്ന് അദ്ദേഹം ഒരാഴ്ചയിലേറെയായി അമല ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കഴിഞ്ഞദിവസം ആശുപത്രി വിട്ടെങ്കിലും ഇന്നലെ രോഗം ഗുരുതരമായതിനെത്തുടർന്ന് വീട്ടിൽ കുഴഞ്ഞുവീണു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണസമയത്ത് ഭാര്യയും മക്കളും കൂടെയുണ്ടായിരുന്നു. പൂങ്കുന്നം സീതാറാം മിൽ ലൈനിൽ ഗുൽ മോഹർ ഫ്ലാറ്റിലായിരുന്നു താമസം. നാളെ വൈകിട്ട് 3.30 ന് പറവൂർ ചേന്ദമംഗലം പാലിയത്ത് ശ്മശാനത്തിൽ സംസ്കാരം നടക്കും.