ബംഗളൂരു: കർണാടകയിൽ ഇതര ജാതിക്കാരിയായ പെൺകുട്ടിയെ പ്രണയിച്ചതിന് ദളിത് വിഭാഗത്തിൽപ്പെട്ട യുവാവിനെ തല്ലിക്കൊന്നു. കമലാനഗറിലെ ഫസ്റ്റ് ഗ്രേഡ് കോളേജിലെ ഒന്നാം വർഷ ബിഎസ്സി വിദ്യാർത്ഥിയായ സുമിത് കുമാറാണ് (18) കൊല്ലപ്പെട്ടത്. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ് കിഷൻ ഗാവ്ലി (55) സഹോദരൻ രാഹുൽ ഗാവ്ലി (24) എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പെൺകുട്ടിയും സുമിത്തുമായി ഏറെ കാലമായി അടുപ്പത്തിലായിരുന്നു. ഈ ബന്ധത്തിൽ പെൺകുട്ടിയുടെ ബന്ധുക്കൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നതായാണ് വിവരം.
അതിനിടെ ജനുവരി അഞ്ചിന് പെൺകുട്ടിയെ കാണാനായി സുമിത്ത് വീട്ടിലെത്തിയിരുന്നു. ഈ സമയത്ത് കിഷനും രാഹുലും വീട്ടിൽ ഇല്ലായിരുന്നു. തുടർന്ന് പ്രതികൾ വീട്ടിലെത്തിയപ്പോൾ സുമിത്തിനെ കാണുകയും വടിയുപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. ശേഷം ഗ്രാമത്തിന് പുറത്ത് ആളൊഴിഞ്ഞ സ്ഥലത്ത് യുവാവിനെ ഉപേക്ഷിച്ചു. മണിക്കൂറുകളോളം നീണ്ട തിരച്ചിലിനൊടുവിലാണ് സുമിത്തിനെ നാട്ടുകാർ കണ്ടെത്തിയത്. ഗുരുതര പരിക്കേറ്റ യുവാവിനെ ലാത്തൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിനുശേഷം സുമിത്തിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയതായും ആശുപത്രി അധികൃതർ അറിയിച്ചു.
സംഭവത്തിൽ സുമിത്തിന്റെ ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രതികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. മകന് പെൺകുട്ടിയുമായി അടുപ്പമുളള കാര്യം അറിയുമായിരുന്നുവെന്നും അവർ കൊല്ലുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും പിതാവ് മാദ്ധ്യമങ്ങളോട് പറഞ്ഞു. പ്രതികളെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]