റോം: 32 വർഷം ഇറ്റലിയിലെ സാർഡീനിയയ്ക്ക് സമീപം ബുഡെല്ലി ദ്വീപിൽ ഒറ്റയ്ക്ക് ജീവിച്ച മൗറോ മൊറാന്റി (85) അന്തരിച്ചു. 1989ൽ പോളിനേഷ്യയിലേക്കുള്ള യാത്രയ്ക്കിടെ മെഡിറ്ററേനിയൻ കടലിൽ വച്ച് ബോട്ട് തകർന്നതോടെയാണ് അദ്ധ്യാപകനായിരുന്ന മൗറോ ബുഡെല്ലി ദ്വീപിൽ അഭയം തേടിയത്. അന്ന് സ്വകാര്യ ഉടമസ്ഥതയിലായിരുന്നു ജനവാസമില്ലാത്ത ഈ ദ്വീപ്.
ദ്വീപിന്റെ പരിപാലനത്തിന് ഒരാളുണ്ടായിരുന്നു. അയാളുടെ കാലാവധി കഴിയാറായി എന്നറിഞ്ഞതോടെ ജോലി ഏറ്റെടുക്കാൻ മൗറോ തയ്യാറായി. പിങ്ക് നിറത്തിലെ മണൽത്തരികളുള്ള ബീച്ച് ദ്വീപിന്റെ പ്രത്യേകതയാണ്. രണ്ടാം ലോകമഹായുദ്ധ കാലത്ത് സൈനികരുടെ ഒളിത്താവളങ്ങളിൽ ഒന്നായിരുന്നു ഇവിടം.
മൂന്ന് പതിറ്റാണ്ട് ഈ കൊച്ചു ദ്വീപിലെ ബീച്ച് വൃത്തിയാക്കിയും സന്ദർശകരെ സ്വീകരിച്ചും മൗറോ ജീവിച്ചു. ആഹാരവും മറ്റും ബോട്ട് മാർഗ്ഗം എത്തിച്ചിരുന്നു. സൗരോർജ്ജത്തിലൂടെ മൗറോയുടെ ചെറുവീട്ടിൽ വൈദ്യുതി ലഭ്യമായി. പിന്നീട് ഇന്റർനെറ്റ് കണക്ഷനും ലഭിച്ചു.
ഏകാന്തവാസം വാർത്തകളിൽ നിറഞ്ഞതോടെ ഇറ്റലിയുടെ ‘ റോബിൻസൺ ക്രൂസോ ” എന്ന അപരനാമവും അദ്ദേഹത്തിന് ലഭിച്ചു. ഇംഗ്ലീഷ് സാഹിത്യകാരനായ ഡാനിയൽ ഡീഫോ രചിച്ച നോവലാണ് റോബിൻസൺ ക്രൂസോ. കപ്പൽ തകർന്ന് ഒരു ദ്വീപിൽ ഒറ്റപ്പെടുന്ന റോബിൻസൺ ക്രൂസോയുടെ കഥയാണിത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
2016ൽ ദ്വീപ് സർക്കാർ ഏറ്റെടുത്തിരുന്നു. ദ്വീപിനെ നേച്ചർ പാർക്കാക്കി മാറ്റാനും തീരുമാനിച്ചു. ഇതോടെ മൗറോയെ ചുമതലയിൽ നിന്ന് നീക്കാനുള്ള സമ്മർദ്ദം ശക്തമായി. ആദ്യം എതിർത്തെങ്കിലും ഒടുവിൽ അധികൃതരുടെ നിർബന്ധത്തിന് മൗറോ വഴങ്ങി. 2021ൽ സമീപ ദ്വീപായ ലാ മഡലീനയിലെ ചെറിയ അപ്പാർട്ട്മെന്റിലേക്ക് അദ്ദേഹം താമസം മാറി.
ശാരീരിക അവശതകൾ മൂലം കഴിഞ്ഞ വർഷം സാർഡീനിയയിലെ ഒരു നഴ്സിംഗ് ഹോമിലേക്കും തുടർന്ന് ജന്മനാടായ വടക്കൻ ഇറ്റലിയിലെ മൊഡേണയിലേക്കും മൗറോ താമസം മാറി. മൗറോയുടെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്റെ ചിതാഭസ്മം കടലിൽ ഒഴുക്കുമെന്ന് സുഹൃത്തുക്കൾ അറിയിച്ചു.View image in fullscreen