
മലപ്പുറം- പടിഞ്ഞാറ്റുംമുറി ഫസ്ഫരി സെന്റര്‍ ഫോര്‍ സോഷ്യല്‍ എംപവര്‍മെന്റ് നല്കുന്ന എം.കെ. മുഹമ്മദ് സാലിം മൗലവി സ്മാരക ഫസ്ഫരി എക്സലന്‍സ് അവാര്‍ഡിന് വാഴക്കാട് എളമരം യതീംഖാന ജീവനക്കാരനായ മഠത്തിപ്പാറ മുഹമ്മദ് മുസ്ലിയാര് അര്‍ഹനായതായി ജൂറി ചെയര്മാന് എം.കെ. മുഹമ്മദ് ജാബിര്‍ അലി ഹുദവി വാര്‍ത്താസമ്മേളത്തില്‍ അറിയിച്ചു. 10001 രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.
പണ്ഡിതനും സാമൂഹിക പരിഷ്കര്‍ത്താവുമായ മുഹമ്മദ് സാലിം മൗലവി പ്രഭാഷകന്‍, വിദ്യാഭ്യാസ പ്രവര്ത്തകന്, എഴുത്തുകാരന്, പത്രപ്രവര്ത്തകന്, വിവര്ത്തകന് തുടങ്ങിയ മേഖലകളില്‍ കഴിവ് തെളിയിച്ച വ്യക്തിത്വമായിരുന്നു. പടിഞ്ഞാറ്റുംമുറി ഫസ്ഫരി എജുക്കേഷണല്‍ കോംപ്ലക്സ് സ്ഥാപകനായ മൗലവി മത, സാമൂഹ്യ, സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ വിവിധ സംഘടനകളിലും സ്ഥാപനങ്ങളിലും ഔദ്യോഗികവും അനൗദ്യോഗകവുമായ നിരവധി ചുമതലകള്‍ വഹിച്ചിരുന്നു. 2008 ല്‍ മരണപ്പെടുന്നത് വരെ പടിഞ്ഞാറ്റുംമുറി ഫസ്ഫരി യതീഖാന ജനറല്‍സെക്രട്ടറിയും മാനേജറുമായിരുന്നു. അദ്ദേഹത്തിന്റെ സ്മരണക്കായാണ് ഓരോ വര്‍ഷവും വിവിധ മേഖലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കു ഫസ്ഫരി എക്സലന്‍സ് അവാര്‍ഡ് നല്‍കുന്നത്.
ഈ വര്‍ഷം മലപ്പുറം ജില്ലയിലെ ഓര്‍ഫനേജുകളില്‍ ഒരേ സ്ഥാപനത്തില്‍ ദീര്‍ഘകാലം സേവനം ചെയ്ത ജീവനക്കാരനാണ് നല്‍കുന്നത്. അവാര്‍ഡ് ജേതാവായ വിളയില്‍ പാണാട്ടാലുങ്ങല്‍ സ്വദേശിയായ മുഹമ്മദ് മുസ്ലിയാര് 1970 മുതല്‍ 53 വര്‍ഷമായി എളമരം യതീംഖാനയില്‍ വിവിധ തസ്തികകളിലായി ജോലി ചെയ്തു വരുന്നു. നിലവില്‍ മദ്രസയിലെ പ്രധാന അധ്യാപകനായി സേവനം ചെയ്തുവരികയാണ്. എം.കെ. മുഹമ്മദ് ജാബിര്‍ അലി ഹുദവി, ഡോ.സലാഹുദ്ദീന് വാഫി കാടേരി, ഡോ.എം.കെ.അബ്ദുല്‍ റഹ് മാന്‍ മുബാറക് എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
വ്യാഴാഴ്ച കാലത്ത് 10.30 ഫസ്ഫരി കാമ്പസില്‍ നടക്കുന്ന മുഹമ്മദ് സാലിം മൗലവി സ്മാരക പ്രഭാഷണ ചടങ്ങില്‍ വെച്ച് പി. ഉബൈദുല്ല എം.എല്‍.എ അവാര്‍ഡ് സമ്മാനിക്കും. ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരു രത്നം ജ്ഞാന തപസ്വി, ‘മാനവികത’ എന്ന വിഷയത്തില്‍ സ്മാരക പ്രഭാഷണം നടത്തും. അന്‍വര്‍ അബ്ദുല്ല ഫസ്ഫരി ഉള്‍പ്പെടെ മത, സാമൂഹ്യ, സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
വാര്‍ത്താസമ്മേളത്തില്‍ ജൂറി ചെയര്മാന് എം.കെ. മുഹമ്മദ് ജാബിര്‍ അലി ഹുദവി, ജൂറി അംഗവും ഫസ്ഫരി എജ്യുക്കേഷണല്‍ കോംപ്ലക്സ് ചെയര്‍മാനുമായ ഡോ.എം.കെ.അബ്ദുല്‍ റഹ്മാന് മുബാറക്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ നിസാര്‍ കാടേരി എന്നിവര്‍ പങ്കെടുത്തു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
