ദില്ലി: ഇന്ത്യയുമായുള്ള നയതന്ത്ര പ്രശ്നം നിലനിൽക്കെ കൂടുതൽ സഞ്ചാരികളെ അയക്കണമെന്ന് ചൈനയോട് മാലദ്വീപ്. മാലദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മൊയ്സുവാണ് ചൈനയോട് സഹായം തേടിയത്. ചൈന സന്ദർശനത്തിനിടെയായിരുന്നു മോയ്സുവിന്റെ അഭ്യർഥന. കൊവിഡിന് മുമ്പ് ചൈനയിൽ നിന്നായിരുന്നു മാലദ്വീപിലേക്ക് കൂടുതൽ വിനോദസഞ്ചാരികൾ എത്തിയിരുന്നത്. ഈ സ്ഥാനം വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ ചൈന ശക്തമാക്കണമെന്ന് അഭ്യർത്ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മന്ത്രിയുടെ അപകീർത്തികരമായ പരാമർശങ്ങളെ തുടർന്ന് ഇന്ത്യൻ വിനോദ സഞ്ചാരികൾ മാലദ്വീപിലേക്കുള്ള വിനോദയാത്ര കൂട്ടത്തോടെ റദ്ദാക്കിയിരുന്നു. ചൈനയിലേക്കുള്ള അഞ്ച് ദിവസത്തെ സന്ദർശനമാണ് മൊയ്സു നടത്തുന്നത്. ചൈന മാലദ്വീപിന്റെ അടുത്ത സഖ്യകക്ഷിയാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
2014 ൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ആരംഭിച്ച ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് (ബിആർഐ) പദ്ധതികളെയും മെയ്സു പ്രശംസിച്ചു. ദ്വീപിൽ സംയോജിത ടൂറിസം സോൺ വികസിപ്പിക്കുന്നതിനുള്ള 50 ദശലക്ഷം യുഎസ് ഡോളറിന്റെ പദ്ധതിയിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചതായി മാലദ്വീപ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ലക്ഷദ്വീപ് സന്ദർശന വേളയിൽ പ്രധാനമന്ത്രി മോദിയുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മാലദ്വീപ് മന്ത്രി അധിക്ഷേപ പരാമർശം നടത്തിയത്. തുടർന്ന് മൂന്ന് ഉപമന്ത്രിമാരെ സസ്പെൻഡ് ചെയ്തു. കൂടാതെ, മാല ദ്വീപ് അസോസിയേഷൻ ഓഫ് ടൂറിസം ഇൻഡസ്ട്രി (MATI) അപകീർത്തികരമായ പരാമർശങ്ങളെ ശക്തമായി അപലപിച്ചു.
മാല ദ്വീപ് ടൂറിസം മന്ത്രാലയം നേരത്തെ പുറത്തുവിട്ട കണക്കുകൾ പ്രകാരം 2023ൽ ഇന്ത്യയിൽ നിന്നാണ് രാജ്യത്തേക്ക് ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ എത്തിയത്. കഴിഞ്ഞ വർഷം 209,198 പേർ ദ്വീപിലെത്തി. 209,146 പേർ എത്തിയ റഷ്യയ രണ്ടാം സ്ഥാനത്തും 187,118 പേർ എത്തിയ ചൈന മൂന്നാം സ്ഥാനത്തുമാണ്.
Last Updated Jan 9, 2024, 8:15 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]