മാന്നാർ: ആലപ്പുഴയിൽ നിന്നും അമേരിക്കയിലെ ക്ഷേത്രത്തിലേക്ക് പറക്കാനൊരുങ്ങി കൂറ്റൻ ദീപസ്തംഭം. ആലപ്പുഴയിലെ പരുമലയിൽ നിർമാണം പൂർത്തിയാക്കിയ 1000 കിലോ തൂക്കമുള്ള ഓടിൽ തീർത്ത ദീപസ്തംഭമാണ് അമേരിക്കയിലേക്ക് പറക്കാനൊരുങ്ങുകയാണ്. 1008 ഓളം തിരികളുമായി മൂന്നടി വ്യാസമുള്ള പീഠത്തിൽ 13 അടി ഉയരവും 9 തട്ടുകളും ഉള്ള, പൂർണ്ണമായും ഓടിൽ നിർമ്മിച്ച ദീപസ്തംഭം അമേരിക്കയിലെ മിഷഗൻ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലേക്കാണ് കയറ്റി അയക്കുന്നത്. വഴിപാടായി ഒരു ഭക്തനാണ് ഈ കൂറ്റൻ ദീപസ്തംഭം ക്ഷേത്രത്തിന് സമർപ്പിക്കുന്നത്.
അമേരിക്കയിൽ സ്ഥിര താമസമാക്കിയ തൃശ്ശൂർ സ്വദേശിയായ ഒരു ഭക്തനാണ് ക്ഷേത്രത്തിന് വഴിപാടായി ദീപസ്തംഭം സമർപ്പിച്ചത്. വരുന്ന വിഷു ദിനത്തിൽ മിഷഗനിലെ ഗുരുവായൂരപ്പ ക്ഷേത്രത്തിൽ ഈ വലിയ ദീപസ്തംഭത്തിൽ തിരി തെളിയും. പരുമല കാട്ടുംപുറത്ത് പന്തപ്ലാ തെക്കേതിൽ പി.പി അനന്തൻ ആചാരിയുടെയും മകൻ അനു അനന്തന്റെയും നേതൃത്വത്തിൽ ആർട്ടിസാൻസ് ഗ്രൂപ്പ് ഓഫ് കമ്പനിയാണ് ദീപസ്തംഭത്തിന്റെ നിർമ്മാതാക്കൾ.
ശബരിമല, ഏറ്റുമാനൂർ, പാറമേൽക്കാവ് തുടങ്ങി കേരളത്തിലെ നിരവധി പ്രശസ്തങ്ങളായ ക്ഷേത്രങ്ങളിലെ സ്വർണ്ണ കൊടിമരങ്ങൾ, ഇതര സംസ്ഥാനങ്ങളിലെ പ്രസിദ്ധമായ നിരവധി ആരാധനാലയങ്ങളിലും, അമേരിക്കയിലെ ന്യൂയോർക്ക് ക്രിസ്ത്യൻ പള്ളി, ചിക്കാഗോ കത്തീഡ്രൽ ചർച്ച് എന്നിവിടങ്ങളിലെ കൊടിമരങ്ങൾ, റ്റാമ്പ അയ്യപ്പക്ഷേത്രത്തിൽ കൊടിമരം, ബലിക്കല്ല്, ശ്രീകോവിൽ അലങ്കാര പണികൾ എന്നിവയിലും അനന്തൻ ആചാരിയുടെയും മകൻ അനു അനന്തന്റെയും കൈയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്.
10 പേരോളം അടങ്ങുന്ന തൊഴിലാളികളുടെ ആറുമാസത്തെ പ്രയത്നത്തിലാണ് ദീപസ്തംഭത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. പരമ്പരാഗത രീതിയിൽ പണിതെടുത്ത ദീപസ്തംഭത്തിന്റെ പീഠത്തിൽ കൂർമ്മം, കൂർമ്മത്തിൽ ദീപകന്യക, മഹാവിഷ്ണുവിന്റെ രൂപം അന്വർത്ഥമാകുന്ന രീതിയിൽ ശംഖ്, ചക്രം, ഗദ, പത്മം എന്നിവ രൂപകൽപ്പന ചെയ്ത് ഇതിന് മുകളിലായി 9 തട്ടും, മുകളിൽ ഗരുഡ വാഹനത്തോടും കൂടിയാണ് ഈ ദീപസ്തംഭത്തിന്റെ നിർമ്മാണം.
Last Updated Jan 10, 2024, 7:20 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]