

‘ബി ജെ പിയുടെ ദീപോത്സവ്’,വിളക്കുകൾ തെളിയാൻ പോകുന്നത് 1200 പള്ളികളില്‍..!രാമക്ഷേത്ര ഉദ്ഘാടനത്തിന് മുന്നോടിയായി 1200 പള്ളികളിൽ മൺവിളക്കുകൾ തെളിയിക്കുമെന്ന് ബി ജെ പിയുടെ ന്യൂനപക്ഷ വിഭാഗമായ ന്യൂനപക്ഷ മോര്‍ച്ച.
സ്വന്തം ലേഖിക
ന്യൂഡൽഹി:അയോധ്യയിലെ രാമക്ഷേത്രത്തിനുള്ളിലെ ശ്രീരാമവിഗ്രഹത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി രാജ്യത്തുടനീളമുള്ള 1,200 ദര്‍ഗകളിലും പള്ളികളിലും മണ്‍വിളക്കുകള്‍ തെളിയിക്കുമെന്ന് ബി ജെ പിയുടെ ന്യൂനപക്ഷ വിഭാഗമായ ന്യൂനപക്ഷ മോര്‍ച്ച.ജനുവരി 12 മുതല്‍ 22 വരെയാണ് ദീപോത്സവ് എന്ന് പേരിട്ടിരിക്കുന്ന പരിപാടി. ജനുവരി 22 നാണ് പ്രതിഷ്ഠാ ചടങ്ങ്.
ബി ജെ പി ന്യൂനപക്ഷ വിഭാഗം കണ്‍വീനര്‍ യാസര്‍ ജിലാനിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. രാജ്യത്തുടനീളമുള്ള 1200 ചെറിയ/വലിയ പള്ളികളും ദര്‍ഗകളും മറ്റ് മുസ്ലീം ആരാധനാലയങ്ങളും തങ്ങള്‍ തിരഞ്ഞെടുത്തിട്ടുണ്ട് എന്നും അവിടെ തങ്ങള്‍ ചിരാതുകള്‍ കത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.ദല്‍ഹിയില്‍ 36 ദര്‍ഗകളും പള്ളികളും തിരഞ്ഞെടുത്തിട്ടുണ്ട്. ഇതില്‍ ജുമാ മസ്ജിദും നിസാമുദ്ദീന്‍ ദര്‍ഗയും ഉള്‍പ്പെടുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഡിസംബര്‍ 30 ന്, അയോധ്യ സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 22 ന് ആളുകളോട് അവരുടെ വീടുകളില്‍ ദീപങ്ങള്‍ കത്തിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ആ ദിവസം ഇന്ത്യയിലുടനീളം ദീപാവലി ആയിരിക്കണം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ജനുവരി 14 മുതല്‍ ജനുവരി 22 വരെ രാജ്യത്തുടനീളമുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങളിലും ക്ഷേത്രങ്ങളിലും ശുചീകരണ യജ്ഞങ്ങള്‍ ആരംഭിക്കാനും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.
വിവിധ മതങ്ങള്‍, സംസ്കാരങ്ങള്‍, വംശങ്ങള്‍ എന്നിവയില്‍ നിന്നുള്ള വ്യക്തികളെ ഒരുമിച്ച് കൊണ്ടുവരുന്നതിനും രാജ്യത്ത് സാമുദായിക സൗഹാര്‍ദ്ദത്തിന്റെ ആത്മാവിനെ ശക്തിപ്പെടുത്തുന്നതിനുമാണ് ഈ നീക്കമെന്നാണ് ബി ജെ പി നേതാക്കള്‍ അവകാശപ്പെടുന്നത്. എല്ലാ സംസ്ഥാനങ്ങളിലെയും ബി ജെ പിയുടെ ന്യൂനപക്ഷ വിഭാഗത്തിന്റെ സംസ്ഥാന അധ്യക്ഷന്മാര്ക്ക് ‘ദീപോത്സവം’ സംഘടിപ്പിക്കാനും സാഹോദര്യത്തിന്റെ സന്ദേശം പ്രചരിപ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഈ മെഗാ ചടങ്ങിന്റെ ഭാഗമാകുക എന്നത് മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്നും ജിലാനി പറഞ്ഞു. മറ്റ് മതങ്ങളെ ബഹുമാനിക്കണമെന്ന് ഇസ്ലാം പറയുന്നുണ്ടെന്ന് ജിലാനി കൂട്ടിച്ചേര്‍ത്തു. നൂറ്റാണ്ടിലെ ഏറ്റവും വലിയ ചടങ്ങാണ് ശ്രീരാമന്റെ പ്രാണ്‍ പ്രതിഷ്ഠാ ചടങ്ങെന്നും രാജ്യം മുഴുവന്‍ രാമക്ഷേത്ര നിര്‍മ്മാണം ആഘോഷിക്കുകയാണ് എന്നും ജിലാനി പറഞ്ഞു. രാജ്യത്ത് വ്യത്യസ്തമായ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. തങ്ങളും തങ്ങളാല്‍ കഴിയുന്നത് ചെയ്യുന്നു എന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ മതത്തെ നിങ്ങള്‍ ബഹുമാനിക്കുന്നുവെങ്കില്‍, നിങ്ങള്‍ മറ്റ് മതങ്ങളെയും ബഹുമാനിക്കണമെന്നാണ് ഇസ്ലാം പറയുന്നത്. ഇന്ത്യയുടെ യഥാര്‍ത്ഥ ധാര്‍മ്മികതയെ പ്രതിനിധീകരിക്കുന്നതിനാല്‍ ഞങ്ങള്‍ സാഹോദര്യത്തിലും ഐക്യത്തിലും വിശ്വസിക്കുന്നു, ഞങ്ങളെല്ലാം ഈ മൂല്യങ്ങളുടെ പ്രതീകങ്ങളാണ്’, അദ്ദേഹം പറഞ്ഞു.
അതേസമയം ജനുവരി 20 മുതല്‍ 25 വരെ വീടുകളില്‍ കഴിയണം എന്ന് മുസ്ലീങ്ങളോട് ആവശ്യപ്പെട്ട ഓള് ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് തലവന്‍ ബദറുദ്ദീന്‍ അജ്മലിനേയും യാസര്‍ ജിലാനി വിമര്‍ശിച്ചു. എഐയുഡിഎഫ് മേധാവിക്ക് പൈശാചിക ചിന്തയുണ്ടെന്നും ഇത്തരം പ്രഖ്യാപനങ്ങള്‍ നടത്തി വിദ്വേഷം സൃഷ്ടിക്കുകയാണെന്നും ജിലാനി പറഞ്ഞു. ഇത്തരക്കാര്‍ക്ക് ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്ന സന്ദേശം നല്‍കണം എന്നും അദ്ദേഹം പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]