
7:56 PM IST:
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ മന്ത്രിമാരെ പുറത്താക്കി മാലദ്വീപ് ഭരണകൂടം. മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തെ പരിഹസിച്ച് സമൂഹമാധ്യമത്തിൽ നടത്തിയ പരാമർശത്തിൽ ഇന്ത്യ കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് നടപടി. മന്ത്രിമാരുടേത് സർക്കാരിൻ്റെ അഭിപ്രായമല്ലെന്ന് മാലദ്വീപ് പ്രസ്താവനയിൽ അറിയിച്ചു.
7:55 PM IST:
വയനാട് വെള്ളാരംകുന്നില്‍ കെഎസ്ആര്‍ട്ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഇരുപത്തിരണ്ട് പേര്‍ക്ക് പരിക്ക്. മൂന്ന് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ കല്‍പ്പറ്റയിലെ വിവിധ ആശുപത്രികളിലും മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
4:51 PM IST:
പന്തല്ലൂരിൽ മൂന്നു വയസുളള കുട്ടിയെ കടിച്ചുകൊന്ന പുലിയെ മയക്കുവെടിവെച്ച് കൂട്ടിലാക്കി. ഉച്ചയ്ക്ക് 1.55 ഓടെയാണ് മയക്കുവെടിവെച്ചത്. വൈകിട്ട് 3.30തോടെയാണ് പുലിയെ കൂട്ടിലാക്കിയത്. ജാര്‍ഖണ്ഡ് സ്വദേശികളുടെ മകളായ മൂന്നു വയസുകാരി നാന്‍സിയാണ് ഇന്നലെ അതിദാരുണമായി കൊല്ലപ്പെട്ടത്. പ്രദേശത്താകെ ജാഗ്രതാ നിർദ്ദേശമുണ്ട്. പുലിയ പിടികൂടാന്‍ വൈകുന്നതിനെതിരെ നാട്ടുകാരും കുട്ടിയുടെ മാതാപിതാക്കളും പ്രതിഷേധം തുടരുകയാണ്.
1:37 PM IST:
കേരളത്തില്‍ ജനവാസമേഖലയിലിറങ്ങി പ്രശ്നങ്ങളുണ്ടാക്കുന്ന കടുവകളെയും പുലികളെയും കൂടുവെച്ച് പിടികൂടാനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നത് പരിശോധിക്കുകയാണെന്ന് വനം മന്ത്രി എകെ ശശീന്ദ്രന് പറഞ്ഞു.പന്തല്ലൂരിൽ തമിഴ്നാട് വനം വകുപ്പ് കാടിനകത്ത് എന്തെങ്കിലും സഹായങ്ങൾ ആവശ്യപ്പെട്ടാൽ നൽകും. അവിടുത്തെ പ്രശ്നം പരിഹരിക്കാൻ തമിഴ്നാട് വനം വകുപ്പ് സുസജ്ജമാണെന്നും എകെ ശശീന്ദ്രന് കൂട്ടിച്ചേര്‍ത്തു. വയനാട് അതിര്‍ത്തിയോട് ചേര്‍ന്നുള്ള പന്തല്ലൂരിൽ മൂന്നു വയസുകാരിയെ കൊലപ്പെടുത്തിയ പുലിയെ കണ്ടെത്തിയതായി സൂചന. പ്രദേശം വളഞ്ഞ് വനംവകുപ്പ് സംഘം പരിശോധന തുടരുകയാണ്. പന്തല്ലൂരില്‍ പ്രതിഷേധവും തുടരുകയാണ്.
1:36 PM IST:
പെട്രോൾ വില കുറയ്ക്കുന്നത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടല്ലെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി. ക്രൂഡ് ഓയിൽ വില അടിസ്ഥാനമാക്കിയാണ് ഇന്ധനവില കുറയ്ക്കുന്നത്. തെരഞ്ഞടുപ്പ് വരും പോകും. അതടിസ്ഥാനമാക്കിയല്ല വില കുറക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ ഏറ്റക്കുറച്ചിലിന് അനുസരിച്ച് കേന്ദ്ര സർക്കാർ പല ഘട്ടങ്ങളിലായി പരമാവധി സഹായം നൽകിയിട്ടുണ്ട്. സംസ്ഥാന സർക്കാർ വാറ്റ് കുറയ്ക്കാൻ തയ്യാറാകാത്തതാണ് കേരളത്തിലെ പ്രതിസന്ധി. പല സംസ്ഥാനങ്ങളും മദ്യവും ഇന്ധനവുമാണ് പ്രധാന വരുമാന മാർഗമായി കാണുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
12:31 PM IST:
പാലക്കാട് വിവിധയിടങ്ങളിൽ നിന്നായി 12കിലോയോളം കഞ്ചാവ് എക്സൈസ് പിടികൂടി. അഗളി, തൃത്താല എന്നിവിടങ്ങളിൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. അഗളിയിൽ രണ്ട് കിലോ കഞ്ചാവുമായി പെട്ടിക്കൽ സ്വദേശികളായ രജീഷ് (39) അഖിലേഷ് (20) എന്നിവരെയാണ് പിടികൂടിയത്. ഇവർ ഉപേക്ഷിച്ചതെന്ന് സംശയിക്കുന്ന കാറും കാറിൽ നിന്ന് എട്ട് കിലോ കഞ്ചാവും പിടിച്ചെടുത്തു.
12:30 PM IST:
മാത്തൂരിൽ പൊളിഞ്ഞു വീഴാറായ കൂരയിൽ കഴിയുന്ന കാഴ്ചശക്തിയില്ലാത്ത ഗംഗാധരനും കുടുംബത്തിനും ഷാഫി പറമ്പിൽ എംഎൽഎയുടെ കൈത്താങ്ങ്. കുടുംബത്തിന് ഷാഫി പറമ്പിൽ എംഎൽഎ കുടുംബത്തിന് വീട് വെച്ചു നൽകും. ഇതിനായുളള ശ്രമം തുടങ്ങിയതായി ഷാഫി അറിയിച്ചു. ജനറൽ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾക്ക് ലൈഫ് പദ്ധതിയിലടക്കം വീട് ലഭിക്കാത്ത സ്ഥിതിയുണ്ടെന്നും സർക്കാർ ഇക്കാര്യം പരിഗണിക്കണമെന്നും എംഎൽഎ ചൂണ്ടിക്കാട്ടി.
12:30 PM IST:
കണ്ണൂർ സിവിൽ സ്റ്റേഷനിൽ സമരം ചെയ്ത എം. വിജിൻ എംഎൽഎയെ മനസ്സിലായില്ലെന്ന് എസ്ഐ ഷമീലിന്റെ മൊഴി. നഴ്സിങ് അസോസിയേഷൻ ഭാരവാഹിയെന്ന് കരുതിയാണ് എംഎൽഎക്കെതിരെ പ്രതികരിച്ചത്. മൈക്ക് പിടിച്ചുവാങ്ങിയത് കളക്ടറേറ്റ് വളപ്പിൽ വിലക്കുള്ളതിനാലാണെന്നും എസ്ഐ ഷമീലിന്റെ മൊഴിയിൽ പറയുന്നു. എംഎൽഎയുടെ പേര് ചോദിച്ചത് എസ്ഐ പറഞ്ഞിട്ടാണെന്ന് പിങ്ക് പൊലീസ് ഉദ്യോഗസ്ഥയും മൊഴി നൽകി.
12:29 PM IST:
കൊച്ചിയിൽ സ്പാ കേന്ദ്രീകരിച്ച് വ്യാപക പരിശോധന. 79 ഇടങ്ങളിലാണ് പരിശോധന നടന്നത്. നഗരത്തിൽ സ്പാ കേന്ദ്രികരിച്ച് ലഹരി ഉപയോഗവും അനാശാസ്യ പ്രവർത്തനങ്ങളും നടക്കുന്നുവെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കടവന്ത്രയിലെ അലീറ്റ സ്പാ എന്ന സ്ഥാപനത്തിലെ ജീവനക്കാരിയിൽ നിന്നും കഞ്ചാവ് പിടികൂടി. അഞ്ച് ഗ്രാം കഞ്ചാവാണ് പിടികൂടിയത്. ജീവനക്കാരിക്കെതിരെ കടവന്ത്ര പൊലീസ് കേസെടുത്തു.
9:07 AM IST:
സെക്രട്ടറിയേറ്റിലെ ശുചീകരണ തൊഴിലാളികള്‍ക്ക് കറുത്ത കോട്ട് വാങ്ങാന്‍ പണം അനുവദിച്ച് സര്‍ക്കാര്‍. മുഖ്യമന്ത്രി പോകുന്നിടത്തെല്ലാം കറുപ്പിന് അപ്രഖ്യാപിത വിലക്കുള്ളപ്പോഴാണ് സെക്രട്ടറിയേറ്റിലെ ശുചീകരണ തൊഴിലാളികൾക്ക് കറുത്ത കോട്ട് വാങ്ങുന്നതിന് അനുമതി നല്‍കിയിരിക്കുന്നത്. ഇതാദ്യമായാണ് തൊഴിലാളികൾക്ക് കോട്ട് വാങ്ങാൻ പണം അനുവദിക്കുന്നത്. കൈത്തറി വികസന കോർപ്പറേഷൻ വഴി 188 കോട്ടുകളാണ് വാങ്ങുന്നത്.
8:16 AM IST:
സാമ്പത്തിക വർഷത്തിന്റെ അവസാനം സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കി വീണ്ടും കേന്ദ്ര സര്‍ക്കാരിന്റെ കടുംവെട്ട്. അവസാനപാദ കടമെടുപ്പ് പരിധിയിൽ 5600 കോടി രൂപയാണ് കേന്ദ്രം വെട്ടിച്ചുരുക്കിയത്. ഇതോടെ ക്ഷേമ പെന്ഷന് വിതരണമടക്കമുള്ള വർഷാന്ത്യ ചെലവുകളിലും വലിയ പ്രതിസന്ധിയായിരിക്കും സര്‍ക്കാര്‍ നേരിടേണ്ടിവരുക.
7:44 AM IST:
വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറ് വയസുകാരിയുടെ അച്ഛനെ ആക്രമിച്ച പ്രതി പാൽരാജിനെതിരെ വധശ്രമക്കുറ്റം ചുമത്തി. കൊലപാതകം നടത്തുകയെന്ന ഉദ്ദേശത്തോടെയാണ് പ്രതി സ്ഥലത്ത് എത്തിയതെന്നാണ് എഫ്ഐആർ. ആയുധവുമായി എത്തിയ പാൽരാജ് മനപൂർവം പ്രകോപനമുണ്ടാക്കിയെന്നും പൊലീസ് എഫ്ഐആറില്‍ വ്യക്തമാക്കുന്നുണ്ട്.പിടിയിലായ പാല്‍രാജിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. തെളിവെടുപ്പ് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ ഇന്ന് നടക്കും.
7:16 AM IST:
ലോക്സഭ തെരഞ്ഞെടുപ്പിന്റെ സീറ്റ് ചര്‍ച്ചയിലേക്ക് കടന്ന് ആംആദ്മി പാര്‍ട്ടി. സംസ്ഥാനങ്ങളിലെ ജയസാധ്യതയുള്ള സീറ്റുകളിൽ ഇന്ത്യ സഖ്യ യോഗത്തില്‍ അവകാശവാദം ഉന്നയിക്കാൻ ആപ് തീരുമാനിച്ചു. പട്ടിക ഇന്ന് നടക്കുന്ന ഇന്ത്യ യോഗത്തിൽ കൈമാറും. പഞ്ചാബിൽ സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിനൊപ്പം നിൽക്കുമെന്നും ബിജെപിയെ തോൽപ്പിക്കുകയാണ് ലക്ഷ്യമെന്നും എഎപി വക്താവും എംഎൽഎയുമായ സഞ്ജീവ് ഝാ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
7:15 AM IST:
മൂന്നാഴ്ചയ്ക്കിടെ രണ്ടുപേരുടെ ജീവനെടുത്ത പുലിയെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് വയനാട് അതിര്‍ത്തിയോട് ചേര്‍ന്നുള്ള തമിഴ്നാട്ടിലെ പന്തല്ലൂർ താലൂക്കിൽ ഇന്ന് ഹർത്താൽ. സംഘർഷാ സാധ്യതയുള്ള പ്രദേശങ്ങളിൽ പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. ഇന്നലെ വൈകിട്ട് ആയിരുന്നു തോട്ടം തൊഴിലാളികളുടെ മകളായ മൂന്നു വയസ്സുകാരിയെ പുലി കൊലപ്പെടുത്തിയത്. സംഭവത്തെ തുടർന്ന് ഇന്നലെ രാത്രി ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിലെ വിവിധയിടങ്ങളിൽ നാട്ടുകാർ റോഡ് ഉപരോധിച്ചിരുന്നു.
7:15 AM IST:
എം വിജിൻ എംഎൽഎയോട് തട്ടിക്കയറിയ കണ്ണൂർ ടൗൺ എസ്ഐക്കെതിരെ വകുപ്പുതല നടപടിക്ക് സാധ്യത. പ്രോട്ടോക്കോൾലംഘിച്ച് പെരുമാറിയെന്നും കളക്ടറേറ്റിൽ സുരക്ഷ ഒരുക്കുന്നതിൽ വീഴ്ചയുണ്ടായെന്നും കണ്ടെത്തൽ.കണ്ണൂർ ടൗൺ എസ്ഐക്കെതിരെ എം. വിജിൻ എംഎൽഎ നൽകിയ പരാതിയിലാണ് അന്വേഷണം പൂർത്തിയാക്കി അസിസ്റ്റന്റ് കമ്മീഷണർ ഇന്ന് റിപ്പോർട്ട് നൽകുക. എംഎൽഎയുടെ പരാതി ശരിവെക്കുന്ന കണ്ടെത്തലുകൾ റിപ്പോർട്ടിൽ ഉണ്ടെന്നാണ് സൂചന.
7:13 AM IST:
ബംഗ്ലാദേശില്‍ ഇന്ന് പൊതു തെരഞ്ഞെടുപ്പ് നടക്കും. പ്രാദേശിക സമയം രാവിലെ എട്ടു മണിക്ക് തുടങ്ങുന്ന പോളിംഗ് വൈകീട്ട് നാലു വരെ തുടരും. വോട്ടെണ്ണലും ഇന്ന് തന്നെ തുടങ്ങും. നാളെയോടെ ഫലം പ്രതീക്ഷിക്കുന്നു.300 പാർലമെന്റ് സീറ്റുകളിലേക്ക് രണ്ടായിരം സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ട്. അവാമി ലീഗ് നേതാവും പ്രധാനമന്ത്രിയുമായ ഷെയ്ക്ക് ഹസീന തന്നെ തുടർച്ചയായ നാലാം തവണയും അധികാരത്തിലെത്തുമെന്ന് ഏതാണ്ട് ഉറപ്പാണ്. പ്രധാന പ്രതിപക്ഷപാർട്ടികളെല്ലാം തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിരിക്കുകയാണ്.ഷെയ്ക്ക് ഹസീനയുടെ ഭരണത്തിൽ രാജ്യത്ത് സ്വതന്ത്ര തെരഞ്ഞെടുപ്പ് നടക്കില്ല എന്നുറപ്പ് ഉള്ളതിനാൽ ബഹിഷ്ക്കരിക്കുന്നു എന്നാണ് പ്രതിപക്ഷവാദം.