തൃശൂര്‍: ഇന്ത്യന്‍ പുകയിലയില്‍ നിന്നുള്ള തന്മാത്ര അല്‍ഷിമേഴ്സ് രോഗത്തെ തടയാന്‍ സഹായകമാകുമെന്ന നിര്‍ണായക കണ്ടെത്തലുകളുമായി കേരളത്തില്‍ നിന്നുള്ള ഗവേഷകര്‍. ഇന്ത്യന്‍ പുകയില എന്നറിയപ്പെടുന്ന ലോബെലിയ ഇന്‍ഫ്ളാറ്റ ചെടിയില്‍ നിന്നുള്ള തന്മാത്ര തലച്ചോറിലെ നാഡീകോശങ്ങളിലുള്ള മാംസ്യതന്മാത്രകളുമായി പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി. പഠനത്തില്‍ ഡോ. രമ്യ ചന്ദ്രന്, ഡോ. ദിലീപ് വിജയന് (ഇരുവരും ജൂബിലി ഗവേഷണകേന്ദ്രം), ഡോ. ജയദേവി വാര്യര്‍, ഡോ.സദാശിവന് (ഇരുവരും ബയോടെക്നോളജി ആന്‍ഡ് മൈക്രോബയോളജി വിഭാഗം, കണ്ണൂര്‍ സര്‍വ്വകലാശാല), ഡോ. ഓം കുമാര്‍ (രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി) എന്നിവരാണ് പങ്കെടുത്തത്. ഡോ.രമ്യ ചന്ദ്രന് ഉന്നതവിദ്യഭ്യാസ വകുപ്പ് ഏര്‍പ്പാടാക്കിയ മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോ ആണ്.
മുതിര്‍ന്ന പൗരന്മാരില് (65 വയസ്സിനു മുകളില്‍) ഒമ്പതില്‍ ഒരാള്‍ക്ക് എന്ന തോതില്‍ അല്‍ഷിമേഴ്സ് രോഗം ബാധിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മസ്തിഷ്ക കോശങ്ങള്‍ നശിച്ചുപോകുകയും അതുവഴി ഓര്‍മ്മ നഷ്ടപ്പെടുന്നതുമായ അവസ്ഥയാണ് അല്‍ഷിമേഴ്സ്. വ്യത്യസ്തങ്ങളായ രോഗാവസ്ഥയും രോഗലക്ഷണങ്ങളും ചികിത്സയെ സങ്കീര്‍ണമാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുള്ള ഗവേഷകരുടെ കണ്ടെത്തലുകള്‍ ശ്രദ്ധേയമായിരിക്കുകയാണ്. സസ്യങ്ങളില്‍ നിന്നും ലഭിക്കുന്ന തന്മാത്രകള് ആരോഗ്യ സംരക്ഷണ രംഗത്ത് സുപ്രധാന പങ്കു വഹിക്കുന്നുണ്ട്. രാസസാമ്യത ഉപയോഗിച്ചുള്ള ടാര്‍ഗെറ്റ് ഫിഷിങ്ങ് രീതിയിലൂടെ പൈപ്പിരിഡിന് ആല്‍ക്കലോയിഡ് രാസ വിഭാഗത്തില്‍പെട്ട ‘-ലോബെലിന്‍’ എന്ന തന്മാത്ര കോളിന്‍എസ്റ്ററേസ്, എന്‍.എം.ഡി.എ. റിസെപ്റ്റര്‍ എന്നീ മാംസ്യ തന്മാത്രകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്താനും അതുവഴി തലച്ചോറിലെ നാഡീ കോശങ്ങളെ സംരക്ഷിക്കാനും കഴിയുമെന്ന് എലികളില്‍ നിന്നും വേര്‍തിരിച്ചെടുത്ത മസ്തിഷ്ക കോശങ്ങളില്‍ നടത്തിയ പഠനത്തിലൂടെ മനസ്സിലാക്കാന്‍ കഴിഞ്ഞു.
Read More…. ഇനി മെനുവിൽ പട്ടിയിറച്ചിയില്ല; പ്രതിഷേധങ്ങൾ ഫലം കണ്ടു, പട്ടിയിറച്ചി നിരോധിച്ച് ഈ രാജ്യം
ഈ പ്രക്രിയയുടെ ഏറ്റവും ചെറിയ (അറ്റോമിക് തലത്തിലുള്ള) ഘടനയും, പ്രവര്‍ത്തനവും മോളികുലാര്‍ ഡോക്കിങ് എന്ന കംപ്യൂട്ടേഷണല്‍ ബയോളജി സാങ്കേതിക വിദ്യ വഴിയും തിരിച്ചറിഞ്ഞു. എലികളുടെ മസ്തിഷ്ക കോശങ്ങളില്‍ നടത്തിയ പഠനങ്ങള്‍ ഐയുബിഎംബി ലൈഫ് ജേര്‍ണലിലും കമ്പ്യൂട്ടേഷണല്‍ ബയോളജി വഴി ചെയ്ത പഠനങ്ങള്‍ നേച്ചര്‍ പ്രസിദ്ധീകരണമായ സയന്റിഫിക് റിപ്പാര്‍ട്ടിലും പ്രസിദ്ധീകരിച്ചു. ഐസിഎംആര്‍, സ്പൈസസ് ബോര്‍ഡ് എന്നിവയുടെ ധനസഹായത്തോടെയാണ് പഠനം നടത്തിയത്.
Last Updated Jan 9, 2024, 8:35 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]