
ലാഹോർ : കേസിലകപ്പെട്ട ജനപ്രതിനിധികൾക്ക് തെരെഞ്ഞെടുപ്പിലെ ആജീവനാന്ത വിലക്ക് ഒഴിവാക്കി പാകിസ്ഥാൻ സുപ്രീം കോടതി. വിലക്ക് ആജീവനാന്തമല്ല, 5 വർഷത്തേക്കു മാത്രമായിരിക്കും അയോഗ്യതയെന്ന് ചീഫ് ജസ്റ്റിസ് ഖാസി ഫയെസ് ഇസ അധ്യക്ഷനായ ഏഴംഗ ബെഞ്ച് വിധിയിൽ വ്യക്തമാക്കി. ഫെബ്രുവരി 8ന് പാകിസ്താനിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി. മുൻ പാക് പ്രധാനമന്ത്രിമാരായ നവാസ് ഷെരീഫിനും ഇമ്രാൻ ഖാനും ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾക്ക് വിധി ആശ്വാസമാകും.
പാനമ പേപ്പർ കേസിൽ ശിക്ഷിക്കപ്പെട്ടു തിരഞ്ഞെടുപ്പ് അയോഗ്യത നേരിടുന്ന മുൻ പ്രധാനമന്ത്രി നവാസ് ഷരീഫ് ഇത്തവണ തെരഞ്ഞെടുപ്പിൽ മത്സേരിച്ചേക്കും. 2017 ലാണ് ഷരീഫ് കുറ്റക്കാരനെന്ന് കോടതി വിധിച്ചത്. അന്നു മുതൽ ബാധകമായ ആജീവനാന്ത വിലക്ക് പുതിയ വിധിയോടെ മാറും. കഴിഞ്ഞ ഡിസംബറിലാണ് അഴിമതിക്കേസിൽ ശിക്ഷ വിധിക്കപ്പെട്ട മുൻ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ഇസ്ലാമാബാദ് ഹൈക്കോടതി കുറ്റവിമുക്തനാക്കുന്നത്. ഫെബ്രുവരി 8ന് നടക്കാനിരിക്കുന്ന പാക് പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള വാതിൽ ഈ വിധിയോടെ ഷെരീഫിനു മുന്നിൽ തുറക്കുകയാണ്.
കഴിഞ്ഞ വർഷം ഒക്ടോബറിൽ നാല് വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നവാസ് ഷെരീഫ് പാക്കിസ്ഥാനിലേക്ക് തിരിച്ചെത്തിയിത്. 2019-ലാണ് ചികിത്സയ്ക്കായി നവാസ് ഷെരീഫ് ലാഹോർ ഹൈക്കോടതിയുടെ അനുമതിയോടെ വിദേശത്തേക്ക് പോയത്. അതിന് ശേഷം നവാസ് നാട്ടിലേക്ക് തിരികെ വന്നിട്ടില്ല. പാക്കിസ്ഥാനിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ടു മുന്നെയുള്ള മടങ്ങി വരവ് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് തിരികൊളുത്തിയിരുന്നു.
മൂന്ന് തവണ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷരീഫ് അഴിമതിക്കേസിൽ 7 വർഷം തടവിന് ശിക്ഷിക്കപ്പെട്ട് ലഹോർ ജയിലിൽ കഴിയവേയാണ് ചികിത്സയ്ക്കായി ലണ്ടനിലേക്ക് പോയത്. ഇത്തവണ തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചാൽ നവാസ് ഷരീഫ് നാലാം തവണയും പ്രഥാനമന്ത്രി പദത്തിലെത്തുന്ന നേതാവാകും. അതേസമയം അഴിമതിക്കേസിൽ കഴിഞ്ഞ വർഷം ശിക്ഷിക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനു പക്ഷേ, അയോഗ്യത നീങ്ങാൻ 5 വർഷം കാത്തിരിക്കണം. 2028ലേ ഇമ്രാൻ ഖാന്റെ അയോഗ്യത മാറൂ.
Read More : ‘ആരാടാ എന്റെ ചങ്കിനെ തൊടാൻ’; വളർത്തുനായക്ക് നേരെ പാഞ്ഞെത്തി കൊയോട്ടുകൾ, തുരത്തിയോടിച്ച് പൂച്ച!- VIDEO
Last Updated Jan 9, 2024, 7:24 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]