
സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ അവതരണ ഗാനത്തിനൊപ്പമുള്ള നൃത്തം ചിട്ടപ്പെടുത്താൻ നടി പ്രതിഫലം ചോദിച്ചതിനെ വിദ്യാഭ്യാസ മന്ത്രി വിമര്‍ശിച്ചതില്‍ പ്രതികരണവുമായി നടിയും നര്‍ത്തകിയുമായ ആശ ശരത്ത്. താൻ പ്രതിഫലം വാങ്ങാതെയാണ് കുട്ടികൾക്ക് വേണ്ടി നൃത്തം ചിട്ടപ്പെടുത്തിയതെന്നും എന്നാല്‍ പ്രതിഫലം വാങ്ങണോ വേണ്ടയോ എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണെന്നും ആശ ശരത്ത് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് ആശ ശരത്തിന്റെ പ്രതികരണം.
“ഞാന്‍ പ്രതിഫലം വാങ്ങിക്കാതെയാണ് കുട്ടികൾക്ക് വേണ്ടി നൃത്തം ചിട്ടപ്പെടുത്തിയത്. എല്ലാം സ്വന്തം ചെലവിലായിരുന്നു. പ്രതിഫലം വാങ്ങണോ വേണ്ടയോ എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്. ഓരോ കലാകാരിയുടെയും മൂല്യം അവർ തീരുമാനിക്കുന്നതാണല്ലോ. കഴിഞ്ഞ കലോത്സവത്തിന് കുട്ടികൾകൊപ്പം നൃത്തം ചെയ്യുക എന്നത് ഏറ്റവും വലിയ ആഗ്രഹമായിരുന്നു. കലോത്സവത്തിലൂടെ വളർന്നു വരുന്നത് നമ്മുടെ അഭിമാന താരങ്ങളാണ്”. ഇത്തവണയും കലോത്സവത്തിനു എത്താൻ ആഗ്രഹം ഉണ്ടെന്നും ആശ ശരത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
സ്കൂൾ കലോത്സവത്തിന്റെ അവതരണ ഗാനത്തിനൊപ്പമുള്ള നൃത്തം ചിട്ടപ്പെടുത്താൻ അഞ്ച് ലക്ഷം രൂപ നടി പ്രതിഫലം ചോദിച്ചെന്നായിരുന്നു വി ശിവൻകുട്ടിയുടെ വിമര്‍ശനം. കലോത്സവ വേദിയിലൂടെ വളര്‍ന്ന് ചലച്ചിത്രമേഖലയിൽ പ്രശസ്തയായ താരം കേരളത്തോട് അഹങ്കാരവും പണത്തോട് ആര്‍ത്തിയും കാണിച്ചെന്നാണ് മന്ത്രിയുടെ വിമര്‍ശനം. നടിയുടെ പേര് വെളിപ്പെടുത്താതെയായിരുന്നു മന്ത്രിയുടെ വിമർശനം. അടുത്തമാസം തിരുവനന്തപുരത്താണ് സംസ്ഥാന സ്കൂൾ കലോത്സവം. അവതരണ ഗാനത്തിനൊപ്പം വിദ്യാർത്ഥികൾ പങ്കെടുത്തുന്ന നൃത്താവിഷ്കാരം ഉണ്ട്. അതിന് കുട്ടികളെ പഠിപ്പിക്കാമോ എന്ന് ചോദിച്ചപ്പോൾ നടി സമ്മതിച്ചു. പിന്നാലെ അഞ്ച് ലക്ഷം രൂപ പ്രതിഫലം വേണമെന്നും പറഞ്ഞു. പണം കൊടുത്ത് കൊണ്ട് നടിയെ കൊണ്ട് നൃത്തം പഠിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
വെഞ്ഞാറമൂട് പ്രൊഫഷണൽ നാടകോത്സവത്തിന്റെ സമാപന പരിപാടിയിൽ പങ്കെടുക്കുമ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം. മന്ത്രിക്കൊപ്പം വേദിയിലുണ്ടായിരുന്ന നടൻ സുധീർ കരമനയും നടിയുടെ രീതിയെ വിമർശിച്ചു. കൊല്ലത്ത് കഴിഞ്ഞ വർഷം കലോത്സവത്തിൽ അതിഥിയായി മമ്മൂട്ടിയെത്തിയതും ഓണാഘോഷ പരിപാടിയിൽ ഫഹദ് ഫാസിൽ വന്നതും പ്രതിഫലം വാങ്ങാതെയാണെന്ന് വിദ്യാഭ്യാസവകുപ്പ് വിശദീകരിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]