
പ്രതീക്ഷ നൽകുന്ന ഒരു ഹൊറർ – കുറ്റാന്വേഷണ ചിത്രം എന്ന പ്രതീതി ഉണർത്തിയാണ് കാളിദാസനും നമിത പ്രമോദും പ്രധാന വേഷങ്ങളിലെത്തുന്ന രജനി ആരംഭിക്കുന്നത്. അപ്രതീക്ഷിതമായ സംഭവ വികാസങ്ങളോടെ കഥ മുന്നോട്ട് പോകുമ്പോൾ തുടക്കത്തിലെ ഹൊററും കുറ്റാന്വേഷണവും വിട്ട് രജനി ജൻഡർ പൊളിറ്റിക്സ് അടക്കമുള്ള പ്രമേയങ്ങളിലേക്ക് കടക്കുന്നുണ്ട്. കൃത്യം രണ്ട് മണിക്കൂർ കൊണ്ട് കഥ പറഞ്ഞ് നിർത്തുമ്പോൾ ആദ്യചത്രത്തിൽ തന്നെ മോശമല്ലാത്ത ഒരു തീയറ്റർ അനുഭവം നൽകാനായി എന്ന് തിരക്കഥാകൃത്ത് കൂടിയായ സംവിധായകൻ വിനിൽ സ്കറിയ വർഗീസിന് അഭിമാനിക്കാം.
സൈജു കുറുപ്പ് അവതരിപ്പിക്കുന്ന അഭിജിത്ത് ഒരു ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെടുന്നതോടെയാണ് ചിത്രം തുടങ്ങുന്നത്. അഭിജിത്തിന്റെ ഭാര്യാസഹോദരനായി എത്തുന്ന നവീൻ (കാളിദാസ് ജയറാം) ഈ കൊലപാതകത്തിന്റെ കാരണങ്ങൾ തേടി ഇറങ്ങിപ്പുറപ്പെടുന്നതോടെ ചിത്രത്തിന് മുറുക്കം കൈവരുന്നു. ആക്ഷനും വൈകാരിക രംഗങ്ങളും കാളിദാസ് ഒരേ കയ്യടക്കത്തോടെ അവതരിപ്പിക്കുന്നതിൽ വിജയിച്ചിട്ടുണ്ട് എന്ന് വേണം പറയാൻ. കൺവിൻസിങായ രീതിയിൽ നിറഞ്ഞാടുന്ന സത്യയും രജനിയുമായി പ്രതിനായകനും(യും) പ്രേക്ഷകരുടെ കയ്യടി നേടുന്നുണ്ട്. സഹോദരീ ഭർത്താവിന്റെ കൊലപാതകിയെ കണ്ടെത്തുന്നതിൽ വിജയിക്കുന്ന നവീൻ പക്ഷേ ഒരു സാധാരണ പ്രതികാരത്തിന് തുനിയുന്നില്ല എന്നത് ചിത്രത്തിന്റെ മേന്മയായി തോന്നി.
തുടക്കത്തിലെ ഇമോഷണൽ രംഗങ്ങളൊഴിച്ചുനിർത്തിയാൽ നമിത പ്രമോദിന് വെല്ലുവിളി ഉയർത്തുന്ന തരത്തിൽ ഒന്നും ചെയ്യാൻ രജനിയിൽ ഇല്ല. അഭിജിത്തിന്റെ ഭാര്യയായ ഗൗരിയുടെ വേഷത്തിലാണ് നമിത എത്തുന്നത്. നവീന്റെയും ഗൗരിയുടെയും അച്ഛൻ വേഷത്തിലാണ് ശ്രീകാന്ത് മുരളി. അന്വേഷണ ഉദ്യോഗസ്ഥനായ പോൾ സെൽവരാജായി അശ്വിൻ കുമാർ മുഴുനീള വേഷത്തിൽ മികച്ച പ്രകടനം തന്നെ പുറത്തെടുത്തു. മുഴുവൻ ലക്ഷ്മി ഗോപാലസ്വാമി, ഷോൺ റോമി, റെബ മോണിക്ക ജോൺ തുടങ്ങിയവരാണ് മറ്റ് സ്ത്രീകഥാപാത്രങ്ങൾ. പേര് സൂചിപ്പിക്കുന്നത് പോലെ സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ സാന്നിധ്യവും ഉടനീളം ചിത്രത്തിലുണ്ട്.
മലയാളത്തിനൊപ്പം തമിഴിലും ചിത്രം ഒരുക്കിയിരിക്കുന്നുണ്ട് എന്നത് കൊണ്ടാവണം ചിത്രത്തിന്റെ പശ്ചാത്തലം ചെന്നൈ കേന്ദ്രീകരിച്ചാണ്. ഭൂരിഭാഗം സംഭാഷണവും തമിഴിലാണ്. മലയാളത്തിൽ വിൻസന്റ് വടക്കനും തമിഴിൽ ഡേവിഡ് കെ രാജനുമാണ് സംഭാഷണം. നവരസ ഫിലിംസിന്റെ ബാനറിൽ ശ്രീജിത്ത് കെ എസ്, ബ്ലെസി ശ്രീജിത്ത് എന്നിവർ ചേർന്നാണ് രജനി നിർമിച്ചിരിക്കുന്നത്. ഛായാഗ്രഹണം ആർ ആർ വിഷ്ണു. എഡിറ്റിങ് ദീപു ജോസഫ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]