
മീററ്റ്: കിടന്നുറങ്ങാനായില്ല. കുരച്ച് ബഹളമുണ്ടാക്കിയ നായ്ക്കുട്ടികളെ ജീവനോടെ ചുട്ടുകൊന്ന് രണ്ട് യുവതികൾ. ഉത്തർ പ്രദേശിലെ മീററ്റിലെ കൻകെർഖേദയിലാണ് സംഭവം. പ്രദേശവാസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ശോഭ, ആരതി എന്നീ യുവതികൾക്കെതിരെ പൊലീസ് കേസ് എടുത്തിരിക്കുകയാണ്.
വീടിന് സമീപത്തെ റോഡിലുണ്ടായ തെരുവ് നായ കുഞ്ഞുങ്ങളുടെ ബഹളത്തിൽ ക്ഷുഭിതരായ യുവതികൾ ഇവയുടെ മേലേയ്ക്ക് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. സഹോദരങ്ങളുടെ ഭാര്യമാരായ യുവതികൾക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. അനിമൽ കെയർ സൊസൈറ്റി ജനറൽ സെക്രട്ടറി അൻഷുമാലി വസിഷ്ട് സംഭവത്തിൽ പൊലീസിന് പരാതി നൽകിയിരുന്നു.
നവംബർ 5നാണ് പരാതിക്ക് ആസ്പദമായ സംഭവമെന്നാണ് പൊലീസ് വിശദമാക്കുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ യുവതികളെ ചോദ്യം ചെയ്തെങ്കിലും ഇവർ മറുപടി നൽകാതെ മുങ്ങാൻ ശ്രമം നടത്തിയതിന് പിന്നാലെ നാട്ടുകാർ ഇവരെ തടഞ്ഞുവയ്ക്കുകയായിരുന്നു. പൊലീസ് സംഭവ സ്ഥലത്ത് എത്തി പരിശോധിച്ചതിന് പിന്നാലെ കത്തിക്കരിഞ്ഞ നായ്ക്കുട്ടികളെ നാട്ടുകാരാണ് മറവ് ചെയ്തത്.
എന്നാൽ ഇവർക്കെതിരെ നടപടിയെടുക്കാൻ കാലതാമസം നേരിട്ടതോടെ മൃഗാവകാശ പ്രവർത്തകർ വീണ്ടും പൊലീസിൽ പരാതിപ്പെടുകയായിരുന്നു. മൃഗങ്ങൾക്കെതിരായ അതിക്രമത്തിനാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. അടുത്തിടെയാണ് ഈ നായക്കുട്ടികൾ ജനിച്ചതെന്നാണ് പ്രദേശവാസികൾ വിശദമാക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]