ഗാസ – ഫലസ്തീനികൾക്കു നേരെയുള്ള ഇസ്രായിൽ കൂട്ടക്കുരുതിയിൽ സ്ത്രീകളും കുട്ടികളുമടക്കം പതിനായിരത്തിലേറെ നിരപരാധികളാണ് ഇതിനകം പിടഞ്ഞുവീണ് മരിച്ചത്. ഇപ്പോഴും ലോകരാഷ്ട്രങ്ങളെയെല്ലാം നോക്കുകുത്തിയാക്കി ഇസ്രായിലിലെ നരാധമൻമാർ ആ കൊടും ഭീകരത തുടർന്നുകൊണ്ടേയിരിക്കുകയാണ്.
ഇതിനെ ചെറുക്കാനുള്ള, വെള്ളവും വെളിച്ചവും ജീവൻരക്ഷാ ഔഷധങ്ങളുമെല്ലാം നിഷേധിക്കപ്പെട്ട്, പിറന്ന മണ്ണിൽ ജീവിക്കാനായുള്ള തങ്ങളുടെ ജന്മാവകാശത്തിനായി, വിശ്വാസ സ്വാതന്ത്ര്യത്തിനായി ധീരമായി പൊരുതുന്ന ഫലസ്തീനികൾക്കെതിരേ ഇതിനകം വ്യാജമായ നിരവധി പ്രചാരണങ്ങളും വിവിധ തലങ്ങളിൽ നടക്കുന്നുണ്ട്.
‘മൃതദേഹം കണ്ണ് തുറന്നു, മരിക്കാത്തവരെ മരിപ്പിച്ചു’ എന്ന് പറഞ്ഞ് ഗാസയിലേതെന്ന അവകാശവാദത്തോടെ’ സമൂഹമാധ്യമങ്ങളിൽ ഹമാസിനെതിരെയുള്ള വ്യാപകമായൊരു ദൃശ്യവും ഇപ്രകാരം പ്രചരിക്കുന്നുണ്ട്. ‘മാധ്യമങ്ങളിലെ മരണസംഖ്യയൊന്നും സത്യമല്ലെന്നും ഗാസ മുനമ്പിൽ പലരും മരണവും പരുക്കുമെല്ലാം അഭിനയിക്കുകയാണെന്നുമാണ്’ ഇരുടെ പ്രചാരണം. ഇതിന് തെളിവെന്നോണമാണ് ‘മൃതദേഹം കണ്ണുതുറന്ന് എന്ന് പറഞ്ഞുള്ള’ ദൃശ്യം പ്രചരിപ്പിക്കുന്നത്. എന്നാൽ, ഈ ദൃശ്യത്തിന് ഗാസയുമായി ഒരു ബന്ധവുമില്ലെന്നാണ് ഫാക്ട് ചെക്കർമാരുടെ കണ്ടെത്തലുകൾ.
The Mossas: Satirical, Yet Awesome എന്ന അക്കൗണ്ടിൽനിന്ന് ‘അദ്ദേഹത്തെ ജീവനിലേക്ക് മടക്കിക്കൊണ്ടുവന്നുവെന്ന് റിപോർട്ട് ചെയ്യുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്’ എന്ന കുറിപ്പോടെയാണ് ഒൻപത് സെക്കൻഡുള്ള ഈ ദൃശ്യം ട്വീറ്റ് ചെയ്തത്. 2023 നവംബർ ആറിനുള്ള ഈ ട്വീറ്റ് ലക്ഷക്കണക്കിന് പേരാണ് ഇതിനകം കണ്ടത്. പള്ളിയിൽ നിരനിരയായി വെള്ളത്തുണിയിൽ പൊതിഞ്ഞുകിടത്തിയ മൃതദേഹങ്ങളിൽ ഒന്ന് ഇരു കണ്ണുകളും തുറക്കുന്നതും ക്യാമറയിലേക്ക് നോക്കുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാൽ, ഈ ദൃശ്യം അവകാശപ്പെടുന്നത് പോലെ ഗാസയിൽ നിന്നുള്ളതല്ല എന്നാണ് വസ്തുതാന്വേഷണ വിദഗ്ധരുടെ കണ്ടെത്തൽ.
ഈ ദൃശ്യം 2023 ആഗസ്ത് 18ന് ഒരു ടിക്ടോക് യൂസർ പോസ്റ്റ് ചെയ്തതാണെന്നും ഹമാസ്-ഇസ്രായിൽ സംഘർഷവും തുടർന്നുള്ള കുട്ടക്കുരുതിയുമെല്ലാം ഒക്ടോബർ ഏഴുമുതലാണെന്നും വസ്തുതാന്വേഷണ സംഘം വ്യക്തമാക്കുന്നു. മലേഷ്യയിൽനിന്നുള്ള ദൃശ്യമാണ് ഗാസയിലേതെന്ന പേരിൽ പ്രചരിക്കുന്നതെന്നും ഫോബ്സ് അടക്കം റിപോർട്ട് ചെയ്തിട്ടുണ്ട്. നിലവിലെ ഗാസ കൂട്ടക്കുരുതിയുമായി ഈ ദൃശ്യത്തിന് പങ്കില്ലെന്നും ഇവർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]