പൂനെ: കാത്തിരിപ്പിനൊടുവില്‍ ബെന്‍ സ്റ്റോക്സ് സെഞ്ചുറിയുമായി ഫോമിലേക്ക് മടങ്ങിയെത്തിയ മത്സരത്തില്‍ നെതര്‍ലന്‍ഡ്സിനെതിരെ 160 റണ്‍സിന്റെ കൂറ്റന്‍ ജയവുമായി ഇംഗ്ലണ്ട്. ബെന്‍ സ്റ്റോക്സിന്റെ സെഞ്ചുറിയുടെയും ഡേവിഡ് മലാന്, ക്രിസ് വോക്സ് എന്നിവരുടെ അര്‍ധസെഞ്ചുറികളുടെയും കരുത്തില്‍ 50 ഓവറില്‍ ഇംഗ്ലണ്ട് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 339 റണ്‍സെടുത്തപ്പോള്‍ നെതര്‍ലന്‍ഡ്സിന്റെ മറുപടി 37.2 ഓവറില്‍ 179 റണ്‍സിന് അവസാനിച്ചു. 84 പന്തില്‍ 108 റണ്‍സടിച്ച സ്റ്റോക്സ് ആണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍. സ്കോര്‍ ഇംഗ്ലണ്ട് 50 ഓവറില്‍ 339-9, നെതര്‍ല്‍ഡ്സ് 37.2 ഓവറില്‍ 179ന് ഓള് ഔട്ട്. നെതര്‍ലന്‍ഡ്സ് അവസാന മത്സരത്തില്‍ ഇന്ത്യയെയും ഇംഗ്ലണ്ട് പാകിസ്ഥാനെയും നേരിടും.
ടോസ് നേടി ക്രീസിലിറങ്ങിയ ഇംഗ്ലണ്ടിന് ജോണി ബെയര്‍സ്റ്റോയെ(15) തുടക്കത്തിലെ നഷ്ടമായെങ്കിലും ഡേവിഡ് മലാനും ജോ റൂട്ടും(28) അവരെ 100 കടത്തി. റൂട്ട് പുറത്തായശേഷം ക്രീസിലെത്തിയ സ്റ്റോക്സ് തുടക്കത്തില്‍ കരുതലോടെയാണ് കളിച്ചത്. മലന് പുറത്തായതിന് പിന്നാലെ ഹാരി ബ്രൂക്ക്(11), ക്യാപ്റ്റന്‍ ജോസ് ബട്ലര്(5), മൊയീന്‍ അലി(4) എന്നിവര്‍ കൂടി പെട്ടെന്ന് മടങ്ങിയതോടെ 36-ാം ഓവറില്‍ 192-6ലേക്ക് തകര്‍ന്നെങ്കിലും ക്രിസ് വോക്സിനെ (51) കൂട്ടുപിടിച്ച് ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ 135 റണ്‍സടിച്ച സ്റ്റോക്സ് ഇംഗ്ലണ്ടിനെ കൂറ്റന്‍ സ്കോറിലെത്തിച്ചു.
ആറ് ഫോറും ആറ് സിക്സും അടങ്ങുന്നതാണ് സ്റ്റോക്സിന്റെ സെഞ്ചുറി. ഈ ലോകകപ്പില്‍ സ്റ്റോക്സ് ആദ്യമായാണ് ഫോമാലാവുന്നത്. നെതര്‍ലന്‍ഡ്സിനായി ബാസ് ഡി ലീഡ് 10 ഓവറില്‍ 74 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ആര്യന് ദത്തും ലോഗാന്‍ വാന്‍ ബീക്കും രണ്ട് വിക്കറ്റ് വീതമെടുത്തു.
കൂറ്റന്‍ ലക്ഷ്യത്തിന് മുന്നില്‍ തുടക്കത്തിലെ അടിതെറ്റി നെതര്‍ലന്‍ഡ്സിനായി തേജാ നിദാമാനുരു(41), ക്യാപ്റ്റന്‍ സ്കോട് എഡ്വേര്‍ഡ്സ്(38), സൈബ്രാന്‍ഡ്(33), ഓപ്പണര്‍ വെസ്ലി ബറേസി(37) എന്നിവര്‍ മാത്രമാണ് പൊരുതിനോക്കിയത്. ഇംഗ്ലണ്ടിനായി ആദില്‍ റഷീദും മൊയീന്‍ അലിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഡേവിഡ് വില്ലി രണ്ട് വിക്കറ്റെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]