
ടെൽ അവീവ്: ഇസ്രയേൽ-പലസ്തീൻ യുദ്ധം തുടരുന്നതിനിടെ 20 കാരിയായ ഇസ്രയേൽ അതിർത്തി പൊലീസ് ഉദ്യോഗസ്ഥയെ 16കാരനായ പലസ്തീൻ ബാലൻ കുത്തിക്കൊലപ്പെടുത്തി. എലിഷേവ റോസ ഇഡ ലുബിൻ എന്ന സൈനികയാണ് മരിച്ചത്. കിഴക്കൻ ജറുസലേമിലെ ബാലനാണ് പൊലീസുകാരിയെ കുത്തിക്കൊലപ്പെടുത്തിയത്. ബാലനെ ഇസ്രയേൽ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തി. മറ്റൊരു ഉദ്യോഗസ്ഥനും പരിക്കേറ്റു. ജറുസലേമിലെ പഴയ നഗരത്തിൽ പട്രോളിംഗ് നടത്തുന്നതിനിടെയാണ് പൊലീസുകാരിക്ക് കുത്തേറ്റതെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിനിടെ ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സക്കിടെ മരിച്ചു. 2021-ൽ അമേരിക്കയിലെ ജോർജിയയിൽ നിന്ന് ഇസ്രായേലിലേക്ക് കുടിയേറിയതാണ് ഇവർ. 2022-ൽ കരസേനയുടെ ഭാഗമായ ഇസ്രായേൽ ബോർഡർ പൊലീസിൽ ചേർന്നു. കുടുംബമില്ലാതെ ഒറ്റക്കായതിനാൽ ഏകാന്ത സൈനിക എന്നാണ് ഇവർ അറിയപ്പെട്ടിരുന്നത്.
ഇസ്രയേൽ-ഹമാസ് യുദ്ധം തുടങ്ങി ഒരുമാസം പിന്നിടുമ്പോൾ കുട്ടികളുടെ ശവപ്പറമ്പായി ഗാസ മാറിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ മാസം ഏഴിന് ഹമാസ് സായുധ സംഘം ഇസ്രയേൽ അതിർത്തി കടന്ന് നടത്തിയ ആക്രമണത്തിന് പിന്നാലെ ഇസ്രയേൽ ഗാസയിൽ തുടരുന്ന സൈനിക ആക്രമണത്തിൽ മൊത്തം കൊല്ലപ്പെട്ടവരുടെ എണ്ണം പതിനായിരം കടന്നു. ഇതിൽ നാലായിരത്തിലേറെയും കുട്ടികളാണ്. ഗാസ കുട്ടികളുടെ ശവപ്പറമ്പായി മാറിയെന്നാണ് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞത്.
വെടി നിർത്തൽ ചർച്ചചെയ്യാനായി ചേർന്ന യു എൻ സുരക്ഷാ കൗൺസിൽ യോഗത്തിൽ കാര്യമായ പുരോഗതി ഉണ്ടായില്ല. വടക്കൻ ഗാസയിൽ ഭക്ഷ്യ വസ്തുക്കളും ഇന്ധനവും തീരുകയാണ്. ഇതിനിടെ ഗാസയിൽ ഫീൽഡ് ആശുപത്രി സജ്ജമാക്കാൻ യു എ ഇ തീരുമാനിച്ചു. യു എ ഇ പ്രസിഡന്റിന്റെ നിർദ്ദേശം പ്രകാരം ആശുപത്രി സാമഗ്രികളുമായി അഞ്ച് വിമാനങ്ങൾ ഗാസയിൽ എത്തും.
Last Updated Nov 8, 2023, 7:33 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]