ജനീവ- ഗാസ മുനമ്പിലെ ഇസ്രായിൽ ചെയ്തിയിൽ കാര്യമായ കുഴപ്പമുണ്ടെന്നാണ് അവിടെ കൊല്ലപ്പെട്ട സിവിലിയൻമാരുടെ എണ്ണം കാണിക്കുന്നതെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ഹമാസ് മനുഷ്യ കവചങ്ങളുണ്ടാക്കുന്നുവെന്നത് ശരിയായിരിക്കാം. അതേസമയം, സൈനിക നടപടികളിൽ കൊല്ലപ്പെട്ട സിവിലിയന്മാരുടെ എണ്ണം നോക്കുമ്പോൾ, വ്യക്തമായ തെറ്റ് ഇസ്രായിലിന് സംഭവിച്ചുവെന്ന് കാണാം. ആഗോള പൊതുജനാഭിപ്രായം ഇസ്രായിലിന് അനുകൂലമല്ല. ഓരോ വർഷവും ഇത്തരം ആക്രമണങ്ങളിൽ നൂറുകണക്കിന് കുട്ടികളാണ് കൊല്ലപ്പെടുന്നതെന്നും ഗുട്ടെറസ് പറഞ്ഞു. ഒരു മാസം മുമ്പ് പൊട്ടിപ്പുറപ്പെട്ട സംഘർഷത്തിൽ ഇസ്രായിലും ഹമാസും യുദ്ധക്കുറ്റങ്ങൾ ചെയ്തിട്ടുണ്ടെന്ന് യു.എൻ മനുഷ്യാവകാശ ഹൈക്കമ്മീഷണർ ബുധനാഴ്ച പറഞ്ഞു. ഒക്ടോബർ 7 ന് ഹമാസ് നടത്തിയ അതിക്രമങ്ങൾ ഹീനമായിരുന്നു. അവ യുദ്ധക്കുറ്റങ്ങളായിരുന്നു. ഫലസ്തീൻ സിവിലിയന്മാരെ ഇസ്രായിൽ കൂട്ടമായി ശിക്ഷിക്കുന്നതും സിവിലിയന്മാരെ നിയമവിരുദ്ധമായി നിർബന്ധിതമായി ഒഴിപ്പിക്കുന്നതും യുദ്ധക്കുറ്റമാണെന്ന് യു.എൻ വ്യക്തമാക്കി.
അതിനിടെ, ഇടവേളകളില്ലാതെ ഗാസയിൽ ഇസ്രായിലിന്റെ ക്രൂരമായ ആക്രമണം തുടരുകയാണ്. ഒരു മാസത്തിലേറെയായുള്ള ആക്രമണത്തിൽ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 10500 കവിഞ്ഞു. കൊല്ലപ്പെട്ടവരിൽ 4300 പേർ ചെറിയ കുട്ടികളാണ്. ഇന്നലെ പുലർച്ചെ നുസൈറാത്ത് അഭയാർഥി ക്യാമ്പിൽ ഇസ്രായിൽ നടത്തിയ വ്യോമാക്രമണത്തിൽ പതിനെട്ട് പേർ കൊല്ലപ്പെട്ടു. ഖാൻ യൂനിസിൽ ഒരു പെൺകുട്ടിയടക്കം ആറ് പേർ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. ഒരു വൃദ്ധയും വൃദ്ധനും മറ്റുള്ളവരും ഇപ്പോഴും അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുകയാണ്.
ഇസ്രായിലിന്റെ മുന്നറിയിപ്പിനെ തുടർന്ന് ആയിരക്കണക്കിന് ആളുകൾ ഗാസയിൽനിന്ന് പലായനം ചെയ്തു. വസ്ത്രങ്ങളല്ലാതെ മറ്റൊന്നും കയ്യിൽ കരുതാതെ ജനക്കൂട്ടം വടക്കൻ ഗാസയിൽനിന്ന് തെക്കോട്ട് നീങ്ങി. ഇസ്രായിൽ അനുവദിച്ച നാലു മണിക്കൂർ ഇടവേളയിലാണ് ഗാസ നിവാസികൾ പലായനം ചെയ്തത്. ഇതോടകം തന്നെ ഒന്നരലക്ഷത്തിലധികം പേർ ഗാസയിൽനിന്ന് പലായനം ചെയ്തു. വ്യോമാക്രമണം ശക്തമായതോടെ പലായനം ചെയ്യുന്നവരുടെ എണ്ണം കൂടുകയാണെന്ന് യു.എൻ ഓഫീസ് ഫോർ കോർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്സ് അറിയിച്ചു. ചൊവ്വാഴ്ച ഏകദേശം 15,000 പേർ പലായനം ചെയ്തു. തിങ്കളാഴ്ച 5,000 ഉം ഞായറാഴ്ച 2,000 ഉം ആളുകളും പലായനം ചെയ്തിരുന്നു. അതേസമയം, ഗാസക്കാരെ നിർബന്ധിതമായി കുടിയിറക്കുന്നതിൽ ഇസ്രായിലുമായി യു.എൻ ഒത്തുകളിക്കുകയാണെന്ന് ഹമാസ് ആരോപിച്ചു. കുടിയൊഴിപ്പിക്കൽ എന്ന മാനുഷിക ദുരന്തത്തിന്റെ ഉത്തരവാദിത്തം യു.എൻ.ആർ.ഡബ്ല്യു.എക്കാണെന്നും പലായനം ചെയ്യണമെന്ന ഇസ്രായിൽ ഉത്തരവ് നടപ്പാക്കുകയാണ് യു.എൻ ഉദ്യോഗസ്ഥരെന്നും ഹമാസ് മീഡിയ ബ്യൂറോ മേധാവി സലാമ മറൂഫ് പറഞ്ഞു.
ഇസ്രായിൽ സൈന്യം ഗാസ നഗരത്തെ ചുറ്റിവരിഞ്ഞിരിക്കുകയാണെന്ന് ഇസ്രായിൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു. ഹമാസിന്റെ തുരങ്കം തകർക്കാൻ വൻ സ്ഫോടക വസ്തുക്കൾ പ്രയോഗിക്കുന്നുണ്ടെന്ന് ഇസ്രായിൽ വ്യക്തമാക്കി. ഇതുവരെ 130 ടണൽ ഷാഫ്റ്റുകൾ തകർത്തതായി സൈന്യം ബുധനാഴ്ച പ്രസ്താവനയിൽ പറഞ്ഞു. അതേസമയം, തുരങ്കങ്ങൾ ഉപയോഗിച്ച് ഹമാസ് പോരാളികൾ നടത്തുന്ന പോരാട്ടത്തിൽ ഇസ്രായിലിന് കനത്ത നഷ്ടം നേരിടുന്നുണ്ട്. 33 ഇസ്രായിൽ സൈനികരാണ് ഗാസയിൽ ഇതേവരെ കൊല്ലപ്പെട്ടത്.
ഹമാസുമായുള്ള യുദ്ധം അവസാനിച്ചാൽ ഗാസ വീണ്ടും പിടിച്ചടക്കരുതെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇസ്രായിലിനോട് ആവശ്യപ്പെട്ടു. യുദ്ധത്തിന് ശേഷവും ഗാസയുടെ സുരക്ഷ തങ്ങൾക്കായിരിക്കുമെന്ന് ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതേസമയം, ഗാസയിൽ വെടിനിർത്തൽ ചർച്ച പുരോഗമിക്കുന്നുണ്ട്. ഗാസയിൽ തടവിലാക്കപ്പെട്ട നിരവധി ബന്ദികളെ മോചിപ്പിക്കുന്നതിന് ഇസ്രായിലും ഹമാസും തമ്മിലുള്ള ചർച്ചകൾക്ക് ഖത്തറാണ് മധ്യസ്ഥത വഹിക്കുന്നത്. ഒന്നോ രണ്ടോ ദിവസത്തെ വെടിനിർത്തലിന് പകരമായി 10 മുതൽ 15 ബന്ദികളെ മോചിപ്പിക്കാൻ യു.എസുമായി ഏകോപിപ്പിച്ച് ഖത്തറിന്റെ മധ്യസ്ഥതയിലുള്ള ചർച്ചകൾ തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]