സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം പ്രഖ്യാപിക്കാനിരിക്കെ എല്ലാ കണ്ണുകളും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിലേക്ക്. സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം തനിക്ക് അർഹതപ്പെട്ടതാണെന്ന് ആവർത്തിച്ച് ട്രംപ് വാദിക്കുന്നതിനിടെ, അദ്ദേഹത്തെ ഒഴിവാക്കി പുരസ്കാരം പ്രഖ്യാപിച്ചാലുണ്ടാകുന്ന രാഷ്ട്രീയ പ്രത്യാഘാതങ്ങളും ലോകം ഉറ്റുനോക്കുന്നു.
നൊബേൽ സമ്മാന സമിതി അഭിമാനകരമായ സമാധാന സമ്മാന ജേതാവിനെ പ്രഖ്യാപിക്കാൻ രണ്ട് ദിവസം മുമ്പാണ്, യുഎസ് പ്രസിഡന്റ് ഇസ്രായേൽ-ഹമാസ് സമാധാന കരാറിന് തിടുക്കം കൂട്ടി നടപ്പിലാക്കിയത്. സമാധാന കരാർ നടപ്പിലായത് സ്വന്തം ശ്രമങ്ങളായി ചിത്രീകരിക്കാൻ ശ്രമിക്കുകയും സ്വയം പ്രഖ്യാപിത സമാധാന ദൂതൻ എന്ന പ്രതിച്ഛായ സൃഷ്ടിക്കുകയും ചെയ്തു.
കരാർ, ട്രംപിന് നൊബേൽ സമ്മാനം നേടിക്കൊടുക്കുമോ എന്ന ചോദ്യം സജീവമാക്കാനും അദ്ദേഹത്തിന് സാധിച്ചു. എന്നാൽ, ഗാസ സമാധാന ചർച്ചകളിലെ അദ്ദേഹത്തിന്റെ പങ്ക് ഈ വർഷത്തെ അവാർഡ് സാധ്യതകളെ ബാധിക്കാൻ സാധ്യതയില്ലെന്നാണ് പറയുന്നത്.
നോബൽ സമ്മാന സമിതിയുടെ മാനദണ്ഡങ്ങൾ അനുസരിച്ച്, എല്ലാ വർഷവും ജനുവരി 31-ന് സിഇടി സമയം രാത്രി 11:59 ന് മുമ്പ് സമർപ്പിച്ചാൽ മാത്രമേ സമാധാന നോബൽ സമ്മാനത്തിനുള്ള നാമനിർദ്ദേശങ്ങൾ പരിഗണിക്കൂ. അതിനുശേഷം വരുന്ന ഏതൊരു നാമനിർദ്ദേശവും പൊതുവെ ആ വർഷത്തെ അവലോകന പ്രക്രിയയിൽ നിന്ന് ഒഴിവാക്കപ്പെടുകയും സാധാരണയായി അടുത്ത വർഷത്തെ മൂല്യനിർണ്ണയത്തിലേക്ക് മാറ്റിവയ്ക്കുകയും ചെയ്യും.
ഇതേ കാരണത്താൽ, ഈ വർഷം ജനുവരി 20 ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധികാരമേറ്റതിനുശേഷം നേടിയെടുത്ത നയതന്ത്ര മധ്യസ്ഥ ശ്രമങ്ങളോ നൊബേൽ പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് എത്തിയ നാടകീയമായ ഗാസ കരാറോ 2025 ലെ ഔദ്യോഗിക സമാധാന നോബൽ സമ്മാന മൂല്യനിർണ്ണയത്തിൽ ഉൾപ്പെടുത്താൻ സാധ്യതയില്ല. ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ ശ്രമങ്ങൾ അദ്ദേഹത്തിന് അനുകൂലമാകുമെന്ന് വിമർശകർ പോലും വിശ്വസിക്കുന്നു.
ഇന്ത്യ-പാകിസ്ഥാൻ സംഘർഷം ഉൾപ്പെടെ ഏഴ് സംഘർഷങ്ങൾ അവസാനിപ്പിച്ചതായി അവകാശപ്പെട്ട ട്രംപിന് പാകിസ്ഥാൻ, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങൾ മാത്രമാണ് പിന്തുണ നൽകിയത്.
ഈ വർഷം ട്രംപ് ആയിരിക്കില്ല പുരസ്കാര ജേതാവെന്ന് സ്വീഡിഷ് അന്താരാഷ്ട്ര കാര്യ പ്രൊഫസർ പീറ്റർ വാലൻസ്റ്റീൻ എഎഫ്പിയോട് പറഞ്ഞു. അതേസമയം, ലോകത്തിലെ ഏറ്റവും അഭിമാനകരമായ പുരസ്കാരം വെള്ളിയാഴ്ച പ്രഖ്യാപിക്കും.
പുരസ്കാരം നിർണയിക്കുന്ന യോഗത്തിലേക്ക് ബിബിസിക്കും നോർവേയുടെ ദേശീയ പ്രക്ഷേപകനും പ്രത്യേക പ്രവേശനം ലഭിച്ചു. അവാർഡിന്റെ 125 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് മാധ്യമങ്ങൾക്ക് പ്രവേശനം ലഭിക്കുന്നത്.
പ്രസംഗങ്ങളിലും പത്രസമ്മേളനങ്ങളിലും, താൻ പരിഹരിച്ചതായി പറയുന്ന ഏഴ് യുദ്ധങ്ങളുടെ പട്ടിക അദ്ദേഹം ആവർത്തിച്ച് പരാമർശിച്ചിരുന്നു. താൻ അവാർഡ് അർഹിക്കുന്നുവെന്നും അദ്ദേഹം ആവർത്തിക്കുന്നു.
ഇസ്രായേലിന്റെ ബെഞ്ചമിൻ നെതന്യാഹു വൈറ്റ് ഹൗസിൽ പരസ്യമായി നാമനിർദ്ദേശ കത്ത് നൽകി. അസർബൈജാൻ പ്രസിഡന്റ് ഒരു വാർത്താ സമ്മേളനത്തിൽ ട്രംപിനോട് സമ്മാനത്തിന് അർഹനാണെന്ന് പറഞ്ഞു.
പാകിസ്ഥാൻ സർക്കാർ അദ്ദേഹത്തെ നാമനിർദ്ദേശം ചെയ്തതായി പ്രഖ്യാപിച്ചു. അതിനപ്പുറം മറ്റ് രാജ്യങ്ങളൊന്നും ട്രംപിനെ ഇക്കാര്യത്തിൽ അനുകൂലിച്ചിട്ടില്ല.
ഓരോ വർഷവും ഞങ്ങൾക്ക് ആയിരക്കണക്കിന് കത്തുകൾ, ഇമെയിലുകൾ, അഭ്യർത്ഥനകൾ എന്നിവ ലഭിക്കുന്നുവെന്നും പുരസ്കാരത്തിനുള്ള സമ്മർദ്ദം പുതിയ കാര്യമല്ലെന്നും അവാർഡ് നിർണയ കമ്മിറ്റി പറയുന്നു. ലോകം നമ്മളെ ശ്രദ്ധിക്കുന്നുണ്ടെന്നും, ലോകം ചർച്ച ചെയ്യുന്നുണ്ടെന്നും, സമാധാനം എങ്ങനെ കൈവരിക്കാമെന്ന് ചർച്ച ചെയ്യുന്നത് നല്ല കാര്യമാണെന്നും ഞങ്ങൾക്ക് തോന്നുന്നുവെന്നും ജൂറി പറഞ്ഞു.
2010 ൽ ചൈനീസ് വിമതനായ ലിയു സിയാബോയ്ക്ക് അവാർഡ് ലഭിച്ചപ്പോൾ, ചൈന ഓസ്ലോയുമായുള്ള നയതന്ത്ര ബന്ധം മരവിപ്പിക്കുകയും ആറ് വർഷം തുടർച്ചയായി സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. ഈ വർഷം 338 നാമനിർദേശങ്ങളാണ് ലഭിച്ചത്.
2009ൽ ബരാക് ഒബാമക്ക് ലഭിച്ചതാണ് യുഎസ് പ്രസിഡന്റിന് ലഭിച്ച അവസാന പുരസ്കാരം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]