ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. അമിത് ഷായുടെ കൃഷ്ണമേനോൻ മാർഗിലെ ഔദ്യോഗിക വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.
സാധാരണയായി ആഭ്യന്തരമന്ത്രാലയത്തിൽ വെച്ച് നടക്കാറുള്ള കൂടിക്കാഴ്ചകൾക്ക് വിപരീതമായി, അപൂർവ്വമായാണ് അമിത് ഷാ വസതിയിൽ കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകാറുള്ളത്. അരമണിക്കൂറോളം നീണ്ട
ചർച്ചയിൽ ചീഫ് സെക്രട്ടറി മാത്രമാണ് മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നത്. മന്ത്രിമാരായ കെ.എൻ.
ബാലഗോപാലും പി.എ. മുഹമ്മദ് റിയാസും ഡൽഹിയിൽ ഉണ്ടെങ്കിലും കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നില്ല.
വയനാട് ദുരന്തത്തിൽ കൂടുതൽ കേന്ദ്രസഹായം ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി അമിത് ഷായെ സന്ദർശിച്ചത്. കൂടിക്കാഴ്ചയ്ക്ക് ശേഷം വിവാദ വിഷയങ്ങളിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി മടങ്ങി.
നാളെ പ്രധാനമന്ത്രിയെ കാണും വയനാട് ദുരന്തത്തിൽ കൂടുതൽ സഹായം അഭ്യർത്ഥിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കൂടിക്കാഴ്ച നടത്തും. പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി കേരളം 2221 കോടി രൂപ ആവശ്യപ്പെട്ട
സ്ഥാനത്ത്, ഇതുവരെ 260.56 കോടി രൂപ മാത്രമാണ് കേന്ദ്രം അനുവദിച്ചത്. കഴിഞ്ഞ വർഷം ജൂലൈ മാസത്തിൽ മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലുണ്ടായ ദുരന്തത്തിന്റെ പുനർനിർമ്മാണത്തിനായാണ് ഈ തുക.
നീണ്ട കാത്തിരിപ്പിനൊടുവിൽ ഒക്ടോബർ 1-നാണ് വയനാടിനായി പ്രത്യേക കേന്ദ്ര സഹായം പ്രഖ്യാപിച്ചത്.
അമിത് ഷാ അധ്യക്ഷനായ ഉന്നതാധികാര സമിതി ദേശീയ ദുരന്ത ലഘൂകരണ നിധിയിൽ നിന്ന് 9 സംസ്ഥാനങ്ങൾക്കായി 4645.60 കോടി രൂപ അനുവദിച്ചപ്പോൾ, 2022-ലെ മണ്ണിടിച്ചിലിന് അസമിന് 1270.788 കോടി രൂപ നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് കൂടുതൽ സഹായത്തിനായി കേരളം കേന്ദ്രത്തിൽ സമ്മർദ്ദം ശക്തമാക്കുന്നത്.
എയിംസ് ആവശ്യവുമായി ആരോഗ്യമന്ത്രിയേയും കണ്ടു ഇതിനുപുറമെ, കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയുമായി കൂടിക്കാഴ്ച നടത്തിയ മുഖ്യമന്ത്രി, കേരളത്തിന് എയിംസ് അനുവദിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടു.
തുടർന്ന്, മന്ത്രി പി.എ. മുഹമ്മദ് റിയാസിനൊപ്പം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയെയും സന്ദർശിച്ച് ദേശീയപാതാ വികസനം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്തു.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, സംസ്ഥാനത്തിന് പരമാവധി കേന്ദ്ര സഹായം നേടിയെടുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. വയനാട് ദുരന്ത സഹായം വൈകുന്നതിൽ കേന്ദ്രത്തിനെതിരെ വിമർശനം നിലനിൽക്കുന്നതോടൊപ്പം, സംസ്ഥാന സർക്കാരിന്റെ ഇടപെടലുകൾ ഫലപ്രദമല്ലെന്ന ആക്ഷേപവും ഉയർന്നിരുന്നു.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]