ചൈനീസ് ഇലക്ട്രിക് വാഹന ഭീമനായ ബിവൈഡി (ബിൽഡ് യുവർ ഡ്രീംസ്) 2025 സെപ്റ്റംബറിൽ യുകെ വിപണിയിൽ ചരിത്രപരമായ മുന്നേറ്റം നടത്തി. ഒറ്റ മാസം കൊണ്ട് 880 ശതമാനത്തിൻ്റെ അമ്പരപ്പിക്കുന്ന വളർച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്.
ഇതോടെ 11,271 കാറുകൾ യുകെയിൽ വിറ്റഴിച്ച്, ചൈനയ്ക്ക് പുറത്തുള്ള ബിവൈഡിയുടെ ഏറ്റവും വലിയ അന്താരാഷ്ട്ര വിപണിയായി യുകെ മാറി. ഇതാ കണക്കുകൾ യുകെയിലെ സൊസൈറ്റി ഓഫ് മോട്ടോർ മാനുഫാക്ചറേഴ്സ് ആൻഡ് ട്രേഡേഴ്സിൻ്റെ (SMMT) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബറിൽ വിറ്റഴിച്ച പുതിയ കാറുകളിൽ 51 ശതമാനവും ഇലക്ട്രിക്, ഹൈബ്രിഡ് മോഡലുകളായിരുന്നു.
ഈ പശ്ചാത്തലത്തിലാണ് ബിവൈഡി തങ്ങളുടെ വിൽപ്പനക്കണക്കുകൾ കൊണ്ട് വാഹന ലോകത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. 2025 സെപ്റ്റംബറിലെ കമ്പനിയുടെ വിൽപ്പന 11,271 യൂണിറ്റുകളായിരുന്നു.
2025-ലെ മൂന്നാം പാദത്തിൽ (Q3) ബിവൈഡിയുടെ വിൽപ്പന 16,000 യൂണിറ്റുകൾ മറികടന്നു. ഈ വർഷത്തെ ഇതുവരെയുള്ള മൊത്തം വിൽപ്പന 35,000 യൂണിറ്റിലധികമാണ്.
സെപ്റ്റംബറിലെ മികച്ച പ്രകടനത്തോടെ കമ്പനിയുടെ വിപണി വിഹിതം 3.6% ആയി ഉയർന്നു. നിലവിൽ വാർഷിക ശരാശരി 2.2% ആണ്.
ബ്രിട്ടീഷ് വിപണിയിൽ ബിവൈഡിയുടെ സീൽ U DM-i എന്ന ഹൈബ്രിഡ് എസ്യുവിയാണ് തരംഗമാകുന്നത്. ജൂലൈ-സെപ്റ്റംബർ കാലയളവിൽ ഈ മോഡലിൻ്റെ 7,524 യൂണിറ്റുകളാണ് വിറ്റഴിച്ചത്.
ഇതിൽ 5,373 യൂണിറ്റുകളും സെപ്റ്റംബറിൽ മാത്രമാണ് നിരത്തിലെത്തിയത്. ബിവൈഡിയുടെ ആകെ വിൽപ്പനയുടെ 48 ശതമാനവും സീൽ U എസ്യുവിയുടെ സംഭാവനയാണ്.
ഇതോടെ 2025-ൽ യുകെയിലെ ഏറ്റവും ഡിമാൻഡുള്ള പ്ലഗ്-ഇൻ ഹൈബ്രിഡ് കാറായി ഈ മോഡൽ മാറി. കൂടാതെ, സെപ്റ്റംബറിലെ ടോപ്പ് 10 വിൽപ്പന പട്ടികയിൽ ബിവൈഡി സീൽ ആറാം സ്ഥാനവും കരസ്ഥമാക്കി.
അടുത്തിടെ, 13 ദശലക്ഷം ന്യൂ എനർജി വാഹനങ്ങൾ (NEV) നിർമ്മിക്കുകയെന്ന സുപ്രധാന നാഴികക്കല്ലും ബിവൈഡി പിന്നിട്ടിരുന്നു. ആദ്യത്തെ 10 ലക്ഷം യൂണിറ്റ് നിർമ്മിക്കാൻ 13 വർഷം വേണ്ടിവന്ന സ്ഥാനത്ത്, 10 ദശലക്ഷത്തിൽ നിന്ന് 13 ദശലക്ഷത്തിലേക്ക് എത്താൻ വെറും എട്ട് മാസം മാത്രമാണ് കമ്പനിക്ക് ആവശ്യമായി വന്നത്.
2025-ലെ ആദ്യ പകുതിയിൽ (ജനുവരി-ജൂൺ) ആഗോളതലത്തിൽ 21.45 ലക്ഷം ന്യൂ എനർജി വാഹനങ്ങളാണ് ബിവൈഡി വിറ്റഴിച്ചത്. ഇതിൽ 4.7 ലക്ഷത്തിലധികം യൂണിറ്റുകൾ ഇന്ത്യയുൾപ്പെടെയുള്ള അന്താരാഷ്ട്ര വിപണികളിലായിരുന്നു.
യുകെയിൽ ഇത്തരമൊരു റെക്കോർഡ് വിൽപ്പന നേടാനായത് അവിശ്വസനീയമാണെന്നും, ചൈനയ്ക്ക് പുറത്ത് തങ്ങളുടെ ഏറ്റവും വലിയ വിപണിയായി യുകെ മാറിയതിൽ അതിയായ അഭിമാനമുണ്ടെന്നും ബിവൈഡി യുകെ കൺട്രി മാനേജർ ബോണോ ഗേ പ്രതികരിച്ചു. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]