
മലപ്പുറം: സാമൂഹ്യ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി മർദിച്ച് പണംതട്ടാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ യുവതിയുടെ ഭർത്താവും പിടിയിൽ. വാക്കാലൂർ കളത്തിങ്ങൽ വീട്ടിൽ ശുഹൈബിനെയാണ് (27) അരീക്കോട് എസ്.എച്ച്.ഒ വി. ഷിജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐ നവീൻ ഷാജ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കാവനൂർ വാക്കാലൂർ കളത്തിങ്ങൽ വീട്ടിൽ അൻസീന (29), ഭർതൃസഹോദരൻ ഷഹബാബ് (29) എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു.
കഴിഞ്ഞ സെപ്റ്റംബർ ഏഴിനായിരുന്നു സംഭവം.
തിരൂരങ്ങാടി സ്വദേശിയായ യുവാവിനെ സംഭവം നടക്കുന്നതിന് നാല് ദിവസം മുമ്പാണ് പ്രതികളിലൊരാളായ അൻസീന സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെടുന്നത്. യുവാവിനെ ഭർത്താവ് വിദേശത്താണെന്ന് പറഞ്ഞ് അൻസീന വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. ഞായറാഴ്ച വീടിനടുത്തെത്തിയ യുവാവിനെ അൻസീനയുടെ ഭർത്താവ് ശുഹൈബ്, സഹോദരൻ ഷഹബാബ്, സുഹൃത്ത് മൻസൂർ എന്നിവർ ചേർന്ന് സമീപത്തെ ക്വാറിയിലെത്തിച്ച് മർദിച്ചു.
മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയനുസരിച്ച് അൻസീന യുവാവിനെ വിളിച്ച് അക്രമി സംഘം ആവശ്യപ്പെടുന്നത് നൽകണമെന്നും ഇല്ലെങ്കിൽ അവർ വിദേശത്തുള്ള ഭർത്താവിനെ വിവരമറിയിക്കുമെന്നും പറഞ്ഞു. യുവാവിന്റെ കൈയിലുണ്ടായിരുന്ന 17,000 രൂപയും മൊബൈൽ ഫോണും പ്രതികൾ തട്ടിയെടുക്കുകയും ചെയ്തു. പിന്നീട് രണ്ട് ലക്ഷം രൂപകൂടി യുവാവിനോട് ആവശ്യപ്പെട്ടു.
സുഹൃത്തുക്കൾ മുഖേന 25,000 രൂപ സംഘടിപ്പിച്ച യുവാവ് ഗൂഗിൾപേ വഴി തട്ടിപ്പ് സംഘത്തിന് നൽകി. അരീക്കോട്ടെ മൊബൈൽ കടയിൽനിന്ന് യുവാവിന്റെ പേരിൽ ഇഎംഐ വഴി രണ്ട് മൊബൈൽ ഫോണുകളെടുക്കാനും പ്രതികൾ ശ്രമിച്ചു. ഇതിനിടെ സംശയം തോന്നിയ യുവാവിന്റെ സുഹൃത്തുക്കൾ തിരൂരങ്ങാടി പൊലീസിൽ പരാതി നൽകി. ഇത് അരീക്കോട് പൊലീസിന് കൈമാറുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ ശുഹൈബ് ഗോവ, ബംഗളൂരു എന്നിവിടങ്ങളിൽ കഴിയുകയായിരുന്നു. ഇതിനിടെ കോഴിക്കോട്ടെത്തി മറ്റൊരു തട്ടിപ്പും നടത്തി.
മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സയിലുള്ള രോഗിയുടെ കൂട്ടിരിപ്പുകാരിയായ വീട്ടമ്മയിൽ നിന്ന് ആഭരണം പണയം വെച്ച് തരാമെന്ന് പറഞ്ഞ് 25,000 രൂപ തട്ടിയെടുക്കുകയായിരുന്നു. ഈ കേസിൽ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് പ്രതി ഞായറാഴ്ച വാക്കാലൂരിലെ വീട്ടിലെത്തിയ വിവരം അരീക്കോട് പൊലീസിന് ലഭിച്ചത്. പിടികൂടാൻ ശ്രമിച്ചെങ്കിലും ഓടിരക്ഷപ്പെട്ട പ്രതിയെ പിന്തുടർന്ന് സമീപത്തെ ക്വാറിയിൽ നിന്നാണ് പിടികൂടിയതെന്ന് അരീക്കോട് എസ്. എച്ച്. ഒ വി. ഷിജിത്ത് പറഞ്ഞു. മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]