
.news-body p a {width: auto;float: none;}
ഇൻസ്റ്റഗ്രാം വീഡിയോകളിലൂടെയും യൂട്യൂബിലൂടെയും മലയാളികൾക്ക് സുപരിചിതയും പ്രിയങ്കരിയായും മാറിയ ഇൻഫ്ലുവൻസറാണ് ബബിത ബബി. നർമം കലർന്ന വീഡിയോകളിലൂടെ മലയാളികളെ പൊട്ടിചിരിപ്പിക്കുന്ന താരത്തിന്റെ ജീവിതം അത്ര മധുരം നിറഞ്ഞതല്ലന്നും ബബിത പറയുന്നു. ജീവിതത്തിൽ നേരിട്ട പ്രതിസന്ധികളെ ഒറ്റയ്ക്ക് തരണം ചെയ്തുവന്ന യുവതി കേരളകൗമുദി ഓൺലൈനോട് മനസ് തുറക്കുകയാണ്.
കൊല്ലം കരാളിമുക്ക് സ്വദേശിയാണ് ബബിത. ചെറുപ്രായത്തിൽ തന്നെ പ്രണയിച്ചയാളെ വീട്ടുകാർ എതിർത്തിട്ടും വിവാഹം ചെയ്തു. യാഥാസ്ഥിതിക കുടുംബമായതിനാൽ താരത്തിന്റെ മാതാപിതാക്കളും ബന്ധുക്കളും വിവാഹത്തെ അംഗീകരിച്ചില്ല. ഒടുവിൽ ബബിതയുടെ മാതാപിതാക്കൾ പിന്തുണയുമായെത്തി. ജീവിതത്തിൽ അത്രയധികം വിശ്വസിച്ച പങ്കാളി സമ്മാനിച്ചത് കയ്പ്പേറിയ അനുഭവങ്ങളായിരുന്നുവെന്ന് ബബിത പറയുന്നു. രണ്ട് കുട്ടികളുടെ അമ്മയായ താരം ഇന്ന് വിവാഹബന്ധം വേർപ്പെടുത്തിയാണ് ജീവിക്കുന്നത്.
ഭർത്താവിന് താൻ പഠിക്കുന്നത് ഇഷ്ടമില്ലായിരുന്നുവെന്ന് താരം പറയുന്നു. ഭർത്താവറിയാതെ പാതിരാത്രിയിലപം അതിരാവിലെയും എഴുന്നേറ്റ് പഠിച്ചാണ് ബിരുദം പൂർത്തിയാക്കിയത്. പഠിക്കുന്നതിനിടയിൽ തന്നെ പിഎസ്സി പരീക്ഷകളും എഴുതി. ലാസ്റ്റ് ഗ്രേഡിന്റെ പരീക്ഷ ഭർത്തവറിയാതെ എഴുതിയതോടെ പഠിക്കുന്നത് നിർത്തിപ്പിച്ചുവെന്നും ബബിത പറഞ്ഞു. എന്നിട്ടും ബിരുദം പൂർത്തിയാക്കി. ഭർത്താവിൽ നിന്നും ശാരീരികമായും മാനസികമായും കൊടിയ പീഡനങ്ങൾ നേരിടേണ്ടിവന്ന അവസ്ഥയെക്കുറിച്ചും താരം പറഞ്ഞു.
രണ്ട് കുട്ടികളുടെ അമ്മയാണ് ബബിത. ഒരു വർഷത്തോളം കഷ്ടപ്പെട്ട് പഠിച്ചാണ് ബബിത റെയിൽവേയിൽ ജോലി നേടിയെടുത്തത്. തമിഴ്നാട് തിരുച്ചിറപ്പളളിയിൽ ട്രാക്ക് മെയിന്റനറായാണ് താരം ജോലിയിൽ പ്രവശിച്ചത്. കഴിഞ്ഞ ഒമ്പത് വർഷമായി തിരുച്ചിറപ്പളളിയിൽ സ്ഥലം മാറ്റം പോലും നടക്കാതെ താരം ജോലി ചെയ്തുവരികയാണ്. സഹപ്രവർത്തകരിൽ നിന്നുണ്ടായ മോശം അനുഭവങ്ങളിൽ പ്രതികരിച്ചതിനെ തുടർന്നാണ് ദുരിതം അനുഭവിക്കേണ്ടി വന്നതെന്നും ബബിത വ്യക്തമാക്കി. പ്രശ്നങ്ങൾ തുറന്നുപറഞ്ഞതോടെ റെയിൽവേയിൽ നിന്നും നടപടിയുണ്ടായിട്ടുണ്ടെന്നും താരം പറഞ്ഞു.
സോഷ്യൽമീഡിയ വഴിത്തിരിവായി
ചെറിയ പ്രായത്തിൽ തന്നെ ജോലി കിട്ടി. ട്രാക്ക് മെയിന്റനർ എന്ന ട്രേഡാണെങ്കിലും ഗേറ്റ് കീപ്പറായാണ് ജോലി ചെയ്യുന്നത്. 12 മണിക്കൂർ ജോലിയാണ്. എപ്പോഴും ഒറ്റയ്ക്കാണ്. ജോലിസ്ഥലത്തായാലും തിരികെ മുറിയിൽ പോയാലും ഒറ്റയ്ക്കാണ്. അതിന്റെ ഇടയിൽ കുറച്ച് വെറ്റൈറ്റിക്കും ഒറ്റപ്പെടലിൽ നിന്നും രക്ഷപ്പെടുന്നതിനാണ് വീഡിയോ ചെയ്തു തുടങ്ങിയത്. ടിക്ടോക് വൈറലായി തുടങ്ങിയ സമയങ്ങളിലാണ് ഞാനും വീഡിയോ ചെയ്യാൻ തുടങ്ങിയത്.
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ പരീക്ഷകൾ എഴുതുന്നതിനായി ഒന്നരവർഷത്തോളം പഠിച്ചു. അതിനിടയിലാണ് പി എസ് സി പുതിയ പരിഷ്കാരങ്ങൾ കൊണ്ടുവന്നത്. അതോടെ മനസ് മടുത്തു. കൊല്ലം ജില്ലയിൽ എൽജിഎസിന്റെ റാങ്ക് ലിസ്റ്റിലൊക്കെ വന്നതാണ്. അപ്പോഴേക്കും ടിക്ടോക്ക് പോയി. അങ്ങനെ വെറുതെ യൂട്യൂബ് ചാനലായി തുടങ്ങിയതാണ്. സ്റ്റാറ്റസ് ഇടാൻ വേണ്ടി ചില വീഡിയോകൾ ചെയ്ത് തുടങ്ങിയതാണ്. അപ്പോഴേക്കും സ്വീകാര്യത ലഭിച്ചു. ബബിത പറഞ്ഞു.
ഭർത്താവിന് ജോലി പോകുമെന്ന അവസ്ഥയുണ്ടാപ്പോൾ പഠിക്കാൻ പറഞ്ഞു
തന്റെ സ്വാഭാവം കാരണം പല പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ടെന്ന് താരം പറഞ്ഞു. മോശം സംഭവങ്ങൾ എന്തെങ്കിലുമുണ്ടായാൽ അപ്പോൾ തന്നെ പ്രതികരിക്കും. അത് പ്രശ്നങ്ങളിലേക്കും വഴിവയ്ക്കും. എല്ലാവരെയും വിശ്വസിക്കും. അതിലൂടെയും ജീവിതത്തിൽ പല ചതികളും നേരിടേണ്ടി വന്നു.
കള്ളുഷാപ്പിലായിരുന്നു ഭർത്താവ് ജോലി ചെയ്തിരുന്നത്. കൈയിൽ നല്ല പണമുണ്ടായിരുന്നു. സംസ്ഥാനത്ത് കളളുഷാപ്പുകൾ നിരോധിക്കുന്ന അവസ്ഥയുണ്ടായപ്പോൾ അയാൾക്ക് ജോലി നഷ്ടപ്പെടുമെന്ന സ്ഥിതി ഉണ്ടായി, അപ്പോഴേയ്ക്കും എന്നോട് പഠിക്കാൻ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കേരളവും തമിഴ്നാടും
തമിഴ്നാട് നമ്മുടെ കേരളം പോലെയല്ല. ജോലിയിൽ ഒരുപാട് വിവേചനങ്ങൾ നേരിട്ടു. സ്ത്രീകൾക്ക് ഒരുപാട് സഹിക്കേണ്ടി വന്നു. നടന്നതൊന്നും പുറത്ത് പറയരുത് എന്ന വിലക്കുണ്ടെങ്കിലും പലതും ഞാൻ തുറന്നു പറഞ്ഞു. അതിലൂടെ അച്ചടക്കനടപടികളും നേരിട്ടു. അച്ഛന്റെ പ്രായമുളള മേലുദ്യോഗസ്ഥൻ മുറിയിലേക്ക് വിളിപ്പിച്ചതോടെയാണ് പ്രതികരിക്കാൻ തുടങ്ങിയത്. അതുവരെ എല്ലാം സഹിച്ചതാണ്. ഒടുവിൽ ഉന്നതർക്ക് പരാതി നൽകുകയായിരുന്നു. അതിനുശേഷം ഒരുപാട് ദുരിതങ്ങൾ അനുഭവിച്ചു. ഒമ്പത് വർഷക്കാലം ട്രാൻസ്ഫറില്ലാതെ ജോലി ചെയ്തു. ആവശ്യത്തിന് ലീവ് കിട്ടാത്ത സാഹചര്യമുണ്ടായി. ഒടുവിൽ റെയിൽവേ ഗേറ്റിലേക്ക് ജോലി മാറി. ഇപ്പോൾ ട്രാൻസ്ഫർ കിട്ടുമെന്ന പ്രതീക്ഷയിലാണ്. ഇപ്പോഴും നൈറ്റ് ഡ്യൂട്ടിയാണ്. ജോലി റെയിൽവേയിൽ ആണെന്ന പേര് മാത്രമേയുളളൂ. പ്രതികരിച്ചതിന്റെ ഫലമാണെന്നാണ് വിശ്വാസം,
സിനിമാമോഹം
പണ്ടുമുതൽക്കേ സിനിമയിൽ അഭിനയിക്കണമെന്നാണ് മോഹം. സോഷ്യൽമീഡിയയിലെ ട്രെൻഡ് അനുസരിച്ചും മനസിൽ വരുന്ന ആശയങ്ങൾ എഴുതിവച്ചും വീഡിയോ ചെയ്യുകയാണ് പതിവ്. സോഷ്യൽമീഡിയ മാനേജ് ചെയ്യുന്നതിൽ വലിയ ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിട്ടില്ല. ഇത് നൈസാണ്. എല്ലാവരും പറയും ഇതൊരു മായാലോകമാണെന്ന്. യൂട്യൂബിൽ നിന്ന് ലഭിക്കുന്നത് അന്തസുളള പണമല്ലെന്നാണ് അമ്മ പറയുന്നത്.
മറക്കാൻ പറ്റാത്ത അംഗീകാരം
ആദ്യമായിട്ട് യൂട്യൂബിൽ ഒരു ലക്ഷം സബ്സ്ക്രൈബേഴ്സ് ആയപ്പോൾ ലഭിച്ച പ്ലേ ബട്ടണാണ് ജീവിതത്തിൽ ലബിച്ച മറക്കാൻ പറ്റാത്ത അംഗീകാരമെന്ന് താരം പറയുന്നു. ആത്മാർത്ഥമായി ഒമ്പത് വർഷം റെയിൽവേയിൽ ജോലി ചെയ്തതിന് അംഗീകാരം ലഭിച്ചിട്ടില്ല.
ബോഡിഷെയ്മിംഗ്
ബോഡിഷെയിമിംഗ് എന്നെ സംബന്ധിച്ച് ഒരു പ്രശ്നമേ അല്ല. തവിട്ട് കളറിലുളള സാരിയുടുത്ത് ഒരു വീഡിയോ ചെയ്തു. സാരിക്കും എനിക്കും ഒരേ നിറമാണെന്ന് ഒരാൾ കമന്റിട്ടു. അതെനിക്ക് പ്രശ്നമേയല്ല. സൗന്ദര്യത്തെക്കുറിച്ച് പറയുന്നതൊന്നും എന്നെ ബാധിക്കാറേയില്ല. ഞാൻ മോശമാണെന്ന രീതിയിൽ പലരും കമന്റ് ചെയ്യാറുണ്ട്. കാരണം സോഷ്യൽമീഡിയയിൽ സജീവമായി നിൽക്കുന്ന സ്ത്രീകൾക്ക് മോശം പേര് ചാർത്തി കൊടുക്കുന്ന ഒരു വിഭാഗം ആളുകൾ സമൂഹത്തിലുണ്ട്. തമിഴ്നാട്ടിലുളളവർക്കാണ് ഈ കാഴ്ചപ്പാട് കൂടുതൽ. അത് കേൾക്കുമ്പോൾ സങ്കടം വരാറുണ്ട്.തിരുത്താൻ പോകാൻ ഞാൻ ശ്രമിക്കാറില്ല.