
തിരുവനന്തപുരം: കശ്മീരിലെ കുൽഗാം മണ്ഡലത്തിൽ നിന്ന് വിജയിച്ച മുഹമ്മദ് യൂസഫ് തരിഗാമിക്കും വോട്ടർമാർക്കും അഭിവാദ്യമർപ്പിച്ച് മന്ത്രി മുഹമ്മദ് റിയാസ്. ഭൂരിപക്ഷ – ന്യൂനപക്ഷ വർഗ്ഗീയതകളുടെ പൊതു ശത്രു ഇടതുപക്ഷവും സിപിഐഎമ്മുമാണെന്നതിന്റെ ഏറ്റവും ഉറച്ച ദൃഷ്ടാന്തമാണ് ജമ്മു കാശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിൽ കുൽഗാമിലെ അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ടെന്നും മന്ത്രി പറഞ്ഞു.
ജമാഅത്തെ ഇസ്ലാമിയും ബിജെപിയും ചേർന്ന അവിശുദ്ധ കൂട്ടുകെട്ടിനെയാണ് തരിഗാമി തോല്പിച്ചതെന്ന് റിയാസ് പറയുന്നു. ജനങ്ങളെ തമ്മിലടിപ്പിക്കുന്ന മതവർഗ്ഗീയ ആശയങ്ങളെ രാഷ്ട്രീയമായി നേരിടുന്ന ഇടതുപക്ഷം തകരണമെന്ന് ഇത്തരം ശക്തികൾ എത്രത്തോളം ആഗ്രഹിക്കുന്നു എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് കുൽഗാമിലെ നീക്കം. രാഷ്ട്രീയ വെല്ലുവിളികളെ നേരിട്ട് ഉജ്ജ്വല വിജയമാണ് തരിഗാമി നേടിയതെന്ന് മന്ത്രി കുറിച്ചു.
ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയോടെ മത്സരിച്ച സായാർ അഹമ്മദ് റേഷിയായിരുന്നു കുൽഗാമിൽ തരിഗാമിയുടെ മുഖ്യ എതിരാളി. മുസ്ലിം ഭൂരിപക്ഷ സീറ്റിൽ താൻ പരാജയപ്പെട്ടാൽ അത് ഇസ്ലാമിന്റെ പരാജയമാണെന്ന് ജമാഅത്ത് സ്ഥാനാർത്ഥി പറഞ്ഞത് വലിയ വിവാദമായിരുന്നു. വോട്ടർമാരെ ധ്രുവീകരിക്കാനുള്ള ജമാഅത്തിന്റെ നീക്കം വിഫലമായെന്നും പ്രച്ഛന്ന വേഷധാരികൾക്ക് രാഷ്ട്രീയത്തിൽ സ്ഥാനമില്ലെന്നും തരിഗാമി പ്രതികരിച്ചു. നാഷണൽ കോൺഫറൻസ് തരിഗാമിയെ പിന്തുണച്ചിരുന്നു. മണ്ഡലത്തിലെ പിഡിപി സ്ഥാനാർത്ഥി മൊഹമ്മദ് അമിൻ ദാറാണ് മൂന്നാം സ്ഥാനത്തുള്ളത്.
കുൽഗാമിൽ അഞ്ചാം തവണയാണ് തരിഗാമി വിജയിച്ചത്. 1996, 2002, 2008, 2014 എന്നിങ്ങനെ തുടർച്ചയായി നാല് തവണ വിജയിച്ച തരിഗമിയെ ഇത്തവണയും കുൽഗാം വിജയിപ്പിച്ചു. 73കാരനായ തരിഗാമി സിപിഎം കേന്ദ്ര കമ്മിറ്റി അംഗമാണ്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളിഞ്ഞ 2019ൽ മാസങ്ങളോളം തരിഗാമി വീട്ടുതടങ്കലിൽ കഴിഞ്ഞു. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതും തൊഴിലില്ലായ്മയും കർഷക പ്രശ്നങ്ങളും ഉയർത്തിയായിരുന്നു ഇത്തവണത്തെ പ്രചാരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]