രാജ്യത്തുടനീളമുള്ള രാഷ്ട്രീയത്തിന്റെയും ബ്യൂറോക്രസിയുടെയും സ്പന്ദനങ്ങളിലേക്ക് ഏഷ്യാനെറ്റ് ന്യൂസ് നെറ്റ് വര്‍ക്ക് ഇറങ്ങിച്ചെല്ലുകയാണ്. രാജ്യമെങ്ങുമുള്ള ഏഷ്യാനെറ്റ് ന്യൂസ് നെറ്റ് വര്‍ക്ക് ലേഖകര്‍ പറയുന്ന, അധികാരത്തിന്റെ ഇടനാഴികളില്‍നിന്നുള്ള ചില കഥകളാണിത്. ‘ഫ്രം ദി ഇന്ത്യാ ഗേറ്റി’ന്റെ പുതിയ എപ്പിസോഡ്.
ബാറും ഗട്ടറും!
പുതിയ ബാറുകള്‍ വേണോ വേണ്ടയോ? ഈ വിഷയത്തിലാണ്, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും തമ്മിലെ പുതിയ പോര്! പുതിയ ബാറോ മദ്യശാലകളോ തുടങ്ങേണ്ടതില്ല എന്നതാണ് മുഖ്യമന്ത്രിയുടെ നിലപാട്. എന്നാല്‍, ഗ്രാമങ്ങള്‍ തോറും പുതിയ ബാര്‍ തുറക്കണമെന്നാണ് ഡികെ പറയുന്നത്.
ഇതോടെ രസകരമായ ഒരു മുദ്രാവാക്യം സോഷ്യല്‍ മീഡിയയിലൂടെ പരക്കയാണ്. സിദ്ധരാമയ്യയയുടെ അനുയായികളാണ് ഇതിന് പിന്നില്‍. ‘ഞങ്ങള്‍ക്കു വേണ്ടത് ഗട്ടര്‍’ എന്നതാണ് ആ മുദ്രാവാക്യം. എന്തിനാണ് ഗട്ടറെന്നോ? ബാറില്‍നിന്നിറങ്ങിയാല്‍ വീണുകിടക്കാന്…!
കളി മുളകിനോട് വേണ്ട!
പരിപാടി ഏതായാലും ക്യാമറകളുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ ചില രാഷ്ട്രീയക്കാര്‍ക്ക് പ്രത്യേക കഴിവുകളുണ്ട്. വരും, എന്തേലും നാടകം നടത്തും, ക്യാമറക്കണ്ണുകള്‍ മുഴുവന്‍ തങ്ങളിലേക്ക് ഫോക്കസ് ചെയ്യും. ഇതാണ് അത്തരക്കാരുടെ രീതി. അതിനവര്‍ എന്തും ചെയ്യും. ചെരിപ്പില്ലാതെ നടക്കും, ചാണകമോ മണ്ണോ തിന്നും!
ഈയടുത്തുനടന്ന കാവേരി ബന്ദിനിടയിലും നടന്നു അത്തരമൊരു സംഭവം. ഒരൊറ്റ ക്യാമറയ്ക്കും അവഗണിക്കാനാവാത്ത സമരതന്ത്രമായിരുന്നു നമ്മുടെ നേതാവിന്‍േറത്. എന്താണ് സംഭവമെന്നോ? പച്ചമുളക് പച്ചയ്ക്ക് തിന്നല്!
സംഗതി ക്ലിക്കായി. പ്രതിഷേധസൂചകമായി നേതാവ് പച്ചമുളകുകള്‍ കൈയിയെടുത്തു! പച്ചയ്ക്ക് ഓരോന്നായി വിഴുങ്ങി. കണ്ടു നിന്നവര്‍ കൈയടിച്ചു, ക്യാമറകള്‍ കണ്ണുതുറന്നു, ആള് വാര്‍ത്തകളില്‍ നിറഞ്ഞു.
പക്ഷേ, കഥ അവിടെ തീര്‍ന്നില്ല. സമരം കഴിഞ്ഞ്, ക്യാമറകള്‍ പിരിഞ്ഞുപോയതോടെ നേതാവ് വീട്ടിലേക്ക് പാഞ്ഞു. ഉള്ളില്‍ കിടക്കുന്ന പച്ചമുളകുകള്‍ ഒന്നിച്ച് പ്രവര്‍ത്തനം തുടങ്ങിയതോടെ നേതാവിന് ഇരിക്കാനും നില്‍ക്കാനും പറ്റാതായി. അമ്മൂമ്മ വക മരുന്നും നാട്ടുകാരുടെ വക ഒറ്റമൂലികളും ഒക്കെ പ്രയോഗിച്ചുവെങ്കിലും എരിവു കുറഞ്ഞില്ല.
അവസാനം അതു സംഭവിച്ചു. പ്രതിഷേധത്തിന്റെ മൂര്‍ദ്ധന്യത്തില്‍ നേതാവ് ആശുപത്രിയില്‍ അഡ്മിറ്റായി. വയറിലെ പുകച്ചില്‍ ഒന്നൊതുങ്ങാന്‍ പച്ചയ്ക്ക് നിലവിളിക്കുകയാണത്രെ നേതാവ്!
നെഞ്ചളവും ജില്ലകളും
56 VS 56. രാജസ്ഥാനിലെ പുതിയ തെരഞ്ഞെടുപ്പ് ചര്‍ച്ച ഈ വിഷയത്തിനു ചുറ്റുമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഗെഹ്ലോട്ട് സര്‍ക്കാറിന്റെ പുതിയ പരിഷ്കാരവും തമ്മിലുള്ള പോരിനെക്കുറിക്കുന്നതാണ് 56 VS 56 എന്ന മുദ്രാവാക്യം.
കാര്യം ഇത്രയേ ഉള്ളൂ. 53 ജില്ലകളുണ്ടായിരുന്ന രാജസ്ഥാനില്‍ ഗെഹ്ലോട്ട് സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മൂന്ന് പുതിയ ജില്ലകള്‍ കൂടി രൂപവല്കരിച്ചു. അതോടെ മൊത്തം ജില്ലകള്‍ 56 ആയി. മോദിയുടെ 56 ഇഞ്ച് നെഞ്ചളവിനെ തടുക്കാനാണ് 56 ജില്ലാ പദ്ധതിയുമായി കോണ്‍ഗ്രസ് സര്‍ക്കാര്‍ മുന്നോട്ടുപോവുന്നത് എന്നാണ് ഇപ്പോള്‍ കേള്‍ക്കുന്ന പറച്ചില്. മോദിയെ നേരിടുന്നത് എങ്ങനെ എന്ന കാര്യത്തില്‍ കോണ്‍ഗ്രസ് ഇപ്പോഴും ഇരുട്ടില്‍ തപ്പുന്നതിന്റെ സൂചനയാണ് ഇതെന്നാണ് വിമര്‍ശനം. അതോടൊപ്പം, ലൊട്ടുലൊടുക്ക് വിദ്യകള്‍ കൊണ്ട് കോണ്‍ഗ്രസ് സര്‍ക്കാറിന് പിടിച്ചുനില്ക്കാനാവുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
പണി, കട്ടപ്പണി!
ആര്‍ക്കും വേണ്ടാതാവുക. അതാണ്, ഒരു രാഷ്ട്രീയ നേതാവിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ദുരന്തം. രാജസ്ഥാനില്‍ ഈയടുത്ത കാലം വരെ കൊടുകുത്തിവാണ ഒരു വനിതാ ബി.ജെ.പി നേതാവ് ഇക്കാര്യം ഇപ്പോള്‍ അനുഭവിച്ചറിയുന്നുണ്ട്.
തനിക്കു ചുറ്റും കാലം മാറുന്നതും അനുയായികള്‍ക്കും പുത്തന്‍കൂറ്റു നേതാക്കള്‍ക്കും താന്‍ അന്യയാവുന്നതും അനുഭവിച്ചറിയുകയാണ് ഇപ്പോള്‍ ഈ നേതാവ്. ഇക്കഴിഞ്ഞ ദിവസം നടന്ന ഒരു വാര്‍ത്ത സമ്മേളനം
അതിന്റെ പ്രത്യക്ഷ വേദിയായി മാറുകയും ചെയ്തു.
വാര്‍ത്താ സമ്മേളനം നടക്കവെയാണ്, താരതമ്യേന പുത്തന്‍ കൂറ്റുകാരനായ ഒരു നേതാവിന്റെ ഫോണിലേക്ക് ഒരു ഫോണ്‍കോള്‍ വന്നത്. ഫോണ്സ്ക്രീനില് ആളിന്റെ പേരു തെളിഞ്ഞു കാണാമായിരുന്നു. മറ്റാരുമല്ല, ആദ്യം പറഞ്ഞ മുതിര്‍ന്ന വനിതാ ബി.ജെ.പി നേതാവ്!
മുമ്പത്തെ സ്ഥിതി ആയിരുന്നുവെങ്കില്‍, ആ പേര് ഫോണില്‍ കണ്ടാല്‍ എഴുന്നേറ്റ് നില്ക്കുമായിരുന്നു നമ്മുടെ നേതാവ്. എന്നാല്‍, ഇപ്പോഴാവട്ടെ പുള്ളി മുഖമൊന്നു കോട്ടി, കൈ നീട്ടി ആ കോള്‍ കട്ടു ചെയ്യുകയായിരുന്നു. വീണ്ടും വീണ്ടും വനിതാ നേതാവിന്റെ കോള്‍ വന്നെങ്കിലും ഒരു കരുണയുമില്ലാതെ നേതാവ് ആള്‍ക്കൂട്ടത്തിനു മുന്നില്‍ അത് കട്ടു ചെയ്തുകൊണ്ടേയിരുന്നു!
കഷ്ടം! അല്ലാതെ മറ്റെന്ത് പറയാന്‍!
പഴയ ഇടിവെട്ടു നേതാവ്, ഇപ്പോള്‍ ഇടിയോടിടി!
സഹകരണ വകുപ്പിനെയും പൊതുമരാമത്ത് വകുപ്പിനെയും അടിമുടി മാറ്റിമറിച്ച മന്ത്രിയാണ് ജി സുധാകരന്. സി പി എമ്മിലെ ഇടിവെട്ടു നേതാക്കളിലൊരാള്‍. ആലപ്പുഴയിലെ കരുത്തന്. പക്ഷേ, കുറച്ചുകാലമായി ആളുടെ സ്ഥാനം പിന്നണിയിലാണ്. ഒറ്റയടിക്കാണ്, മുഖ്യധാരയില്‍നിന്നും സുധാകരന് വെട്ടിമാറ്റപ്പെട്ടത്.
അതാവണം, ഇക്കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസിന് നല്കിയ അഭിമുഖത്തില്‍ ചില കാര്യങ്ങള്‍ അദ്ദേഹം പച്ചയ്ക്കു തുറന്നു പറഞ്ഞത്. കരുവന്നൂര്‍ സഹകരണ ബാങ്ക് അഴിമതിക്കേസില്‍ പാര്‍ട്ടിക്ക് പിഴവുണ്ടായി എന്നാണ് അദ്ദേഹം തുറന്നുപറഞ്ഞത്. കുറ്റക്കാരെ മുളയിലേ നുള്ളിക്കളയണമായിരുന്നുവെന്നും കുറ്റം ചെയ്തതത് ആരൊക്കെയെന്ന് പൊതുസമൂഹത്തോട് പറയാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേസ് അന്വേഷിക്കുന്ന ഇഡിയെ തടയാനാകില്ലെന്നും സുധാകരന് തുറന്നുപറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആലപ്പുഴയില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ താന്‍ പ്രവര്‍ത്തിച്ചെന്ന് പാര്‍ട്ടി റിപ്പോര്‍ട്ടില്‍ എഴുതിവെച്ച മുന്‍ മന്ത്രി എളമരം കരീമിന് എതിരെയും സുധാകരന് വിമര്‍ശനമുന്നയിച്ചു.
പാര്‍ട്ടിയുടെ നാട്ടുനടപ്പനുസരിച്ച്, ശിക്ഷാര്‍ഹമായ കുറ്റമാണ് ഈ തുറന്നുപറച്ചില്‍. ജി സുധാകരന്റെ വിധി എന്താണെന്ന് കണ്ടറിയേണ്ടി വരും.
Last Updated Oct 9, 2023, 3:23 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]