
ആത്മാർത്ഥതയും അധ്വാനിക്കാനുള്ള മനസും ഉണ്ടെങ്കിൽ എന്തും വിജയത്തിലെത്തിക്കാം. ഇതിന് ഒരു ഉദാഹരണമാണ് ഒഡീഷയിൽ നിന്നുള്ള ഈ സ്ത്രീ. ഇന്ന് അവരുടെ പ്രദേശത്തെ ഒരു വലിയ വനത്തിന് ഈ കൂലിപ്പണിക്കാരിയുടെ പേരിട്ട് ആദരിച്ചിരിക്കുകയാണ് വനം വകുപ്പ്. കാരണം, ആ തരിശുഭൂമിയെ ഒരു വനമാക്കി മാറ്റിയത് അവരുടെ പ്രയത്നമാണ്. ഇതാണ് അവരുടെ കഥ:
രണ്ട് വർഷത്തെ കഠിനപ്രയത്നവും ആത്മാർപ്പണവും കൊണ്ടാണ് സരോജിനി എന്ന സ്ത്രീ ഈ വനമുണ്ടാക്കി എടുത്തത്. അതിനാൽ തന്നെ ഇന്നത് അറിയപ്പെടുന്നത് സരോജിനി വന (സരോജിനി ഫോറസ്റ്റ്) എന്നാണ്. ഒഡീഷയിലെ ബോനായി എന്ന പ്രദേശം ഖനനം കാരണം തീർത്തും തരിശായി മാറിപ്പോയ ഒരു ഭൂമിയാണ്. അതിന്റെ ഫലമായി അവിടുത്തെ സ്വാഭാവികമായ ആവാസവ്യവസ്ഥ ആകെയും തകർന്നു. ഈ പ്രദേശം പഴയ നിലയിലാക്കി തീർക്കുന്നതിന് വേണ്ടി ഡിസ്ട്രിക്ട് മിനറൽ ഫൗണ്ടേഷൻ ഒരു ഫണ്ട് അനുവദിച്ചു. അതിന്റെ ഭാഗമായിരുന്നു മരം നട്ടുപിടിപ്പിക്കലും പരിപാലിക്കലും എല്ലാം.
മൂന്ന് ഏക്കർ ഭൂമിയാണ് സരോജിനി മൊഹന്ത എന്ന സ്ത്രീ വനമാക്കി മാറ്റിയത്. 42 -കാരിയായ സരോജിനി മൊഹന്ത ഒരു സാധാരണ കൂലിപ്പണിക്കാരിയായിരുന്നു. ദിവസം അവൾക്ക് കിട്ടിയിരുന്ന കൂലി 315 രൂപയാണ്. ഒഡീഷയിലെ ഉൽസുരി ഗ്രാമത്തിന് സമീപത്തായിരുന്നു സരോജിനി താമസിച്ചിരുന്നത്. ബോനായി ഫോറസ്റ്റ് ഡിവിഷൻ ആ തരിശുഭൂമിയിൽ ചെടികളും മറ്റും നട്ടുപിടിപ്പിച്ച ശേഷം അത് നോക്കാൻ ഏൽപ്പിച്ചത് സരോജിനിയെയായിരുന്നു. അവരുടെ തീരുമാനം തെറ്റിയില്ല. വെറും രണ്ട് വർഷം കൊണ്ട് സരോജിനി മൊഹന്ത ആ തരിശുനിലം ഒരു വനപ്രദേശമാക്കി മാറ്റി.
വാച്ചറായിട്ടാണ് വനം വകുപ്പ് സരോജിനിയെ നിയമിച്ചത് എങ്കിലും വെറും വാച്ചറായിരുന്നില്ല അവർ. സ്വന്തം കുഞ്ഞിനെ പോലെ അവർ ആ പ്രദേശം പരിപാലിച്ചു. പാതിരാത്രിയിൽ പോലും കന്നുകാലികളോ മറ്റോ കയറി നട്ടുപിടിപ്പിച്ചിരിക്കുന്ന ചെടികൾ തിന്നുന്നു എന്ന് സംശയം തോന്നിയാൽ അവർ അങ്ങോട്ട് ഓടിച്ചെന്നു. ‘വെട്ടുകല്ല് ചേർന്നത് പോലെയുള്ള മണ്ണായിരുന്നു അവിടെ ഉണ്ടായിരുന്നത്. അത്തരം മണ്ണിൽ ചെടികൾ വളരാൻ പ്രയാസമായിരുന്നു. വെർമി കംപോസ്റ്റിട്ടും മറ്റുമാണ് ചെടികളെ വളർത്തിയെടുത്തത്. ദിവസവും ചെടികൾക്ക് വെള്ളം കിട്ടുന്നുണ്ടോ എന്നും പരിശോധിക്കാൻ മറന്നില്ല’ എന്നാണ് സരോജിനി പറയുന്നത്. അവരുടെ കഠിനാധ്വാനത്തിന്റെ ഭാഗമായിത്തന്നെ വെറും രണ്ട് വർഷത്തിനുള്ളിൽ 3000 -ലധികം പഴങ്ങൾ കായ്ക്കുന്ന മരങ്ങളും വനഭാഗത്ത് കാണാറുള്ള ചെടികളും ഒക്കെയായി ഇവിടം പച്ചപ്പ് നിറഞ്ഞതായി.
ബോനായി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (ഡിഎഫ്ഒ) സനത് കുമാർ ദ ഹിന്ദുവിനോട് പറഞ്ഞത്, ഒരു കൂലിപ്പണിക്കാരിയായ സ്ത്രീയിൽ നിന്നും ഒരു പൊതുസ്ഥലം സംരക്ഷിക്കാൻ ഇത്രയും വലിയ കഠിനാധ്വാനം ഉണ്ടാകുമെന്ന് ഞങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്നാണ്. സ്ഥലം സന്ദർശിച്ച പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് സരോജിനിയുടെ കഠിനപ്രയത്നം കണ്ട് അത്ഭുതപ്പെട്ടുപോയി. അദ്ദേഹമാണ് ആ വനത്തിന് സരോജിനി മൊഹന്തയുടെ പേര് നൽകാം എന്ന് അഭിപ്രായപ്പെട്ടത് എന്നും സനത് കുമാർ പറഞ്ഞു. ഇന്ന് ആ വനം സരോജിനി വനയാണ്. അവരുടെ അധ്വാനത്തിനുള്ള അംഗീകാരം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
Last Updated Oct 9, 2023, 4:47 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]