ഹാങ്ചൗ – പത്തൊമ്പതാമത് ഏഷ്യന്‍ ഗെയിംസില്‍ മത്സരങ്ങള്‍ ലോകോത്തര നിലവാരം പുലര്‍ത്തിയെന്ന് ഒളിംപിക് കൗണ്‍സില്‍ ഓഫ് ഏഷ്യ ആക്ടിംഗ് ഡയരക്ടര്‍ ജനറല്‍ വിനോദ്കുമാര്‍ തിവാരി. 13 ലോക റെക്കോര്‍ഡുകളാണ് ഏഷ്യന്‍ ഗെയിംസില്‍ പിറന്നത്. 26 ഏഷ്യന്‍ റെക്കോര്‍ഡും 97 ഏഷ്യന്‍ ഗെയിംസ് റെക്കോര്ഡുകളുമുണ്ടായി. ഷൂട്ടിംഗിലും വെയ്റ്റ്ലിഫ്റ്റിംഗിലുമാണ് ലോക റെക്കോര്‍ഡുകളുണ്ടായത്. ഏഴ് അത്ലറ്റുകള് ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടു.
ഹോക്കിയും ബോക്സിംഗുമുള്പ്പെടെ ഒമ്പത് ഇനങ്ങള്‍ ഒളിംപിക് യോഗ്യതാ ടൂര്‍ണമെന്റായിരുന്നു. പുരുഷ ഹോക്കി സ്വര്‍ണം നേടി ഇന്ത്യ ഒളിംപിക്സ് ബെര്‍ത്ത് നേടി. ബോക്സിംഗിലും നിരവധി ഇന്ത്യന്‍ താരങ്ങള്‍ ഒളിംപിക് യോഗ്യതയുറപ്പിച്ചു.
ചൈനീസ് നീന്തല്‍ താരങ്ങളായ ഷാംഗ് യുഫെയിയും ക്വിന്‍ ഹായാംഗും മികച്ച അത്ലറ്റുകളായി തെരഞ്ഞെടുക്കപ്പെട്ടു. ചൈന നേടിയ 28 നീന്തല്‍ സ്വര്‍ണങ്ങളില്‍ പതിനൊന്നും ഇവര്‍ രണ്ടു പേരുമാണ് വാരിക്കൂട്ടിയത്. ഇന്ത്യ അമ്പെയ്ത്തിലും ഷൂട്ടിംഗിലുമാണ് മെഡല്‍ വാരിയത്. അത്ലറ്റിക്സില് എക്കാലത്തെയും മികച്ച പ്രകടനം കാഴ്ചവെച്ചു. ബാഡ്മിന്റണിലും ക്രിക്കറ്റിലുമുള്പ്പെടെ ആദ്യമായി സ്വര്‍ണം നേടി.
തൊട്ടുപിന്നിലുള്ള എട്ട് രാജ്യങ്ങള്‍ നേടിയതിനെക്കാള്‍ കൂടുതല്‍ സ്വര്‍ണം ചൈന വാരിക്കൂട്ടുന്നതു കണ്ട് ഹാങ്ചൗ ഏഷ്യന്‍ ഗെയിംസ് മിഴിയടച്ചു. മൂന്നു വര്‍ഷത്തിനു ശേഷം ജപ്പാനിലെ നഗായൊ ഇരുപതാമത്തെ ഏഷ്യന്‍ ഗെയിംസിന് വേദിയൊരുക്കും. എക്കാലത്തെയും വലിയ കായികമേളക്കാണ് ഹാങ്ചൗവില്‍ തിരശ്ശീല വീണത്. 1982 ലെ ദല്‍ഹി ഏഷ്യന്‍ ഗെയിംസ് മുതല്‍ മെഡല്‍ പട്ടികയില്‍ ഒന്നാം സ്ഥാനം വിട്ടുകൊടുക്കാത്ത ചൈന ഇത്തവണ സംഘാടനത്തിലും കളിക്കളത്തിലും ഏഷ്യയിലെ സൂപ്പര്പവറാണെന്നു തെളിയിച്ചാണ് ഏഷ്യന്‍ കായികമാമാങ്കത്തിന് വേദിയൊരുക്കിയത്. ഇന്ത്യയും 28 സ്വര്‍ണമുള്‍പ്പെടെ 107 മെഡലുമായി ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചു.
എണ്‍പതിനായിരത്തോളം പേര്‍ക്കിരിക്കാവുന്ന താമരക്കുമ്പിള്‍ സ്റ്റേഡിയത്തില്‍ ലവ് ഏഷ്യ സന്ദേശം അലയടിച്ച നൃത്ത സംഗീത സന്ധ്യയിലാണ് സമാപനച്ചടങ്ങ് നടന്നത്. ചൈനീസ് തായ്പെയിയുടെ ഗു ഷിയാവു ഷുവാംഗ് കരാട്ടെയില്‍ അവസാനത്തെ സ്വര്‍ണം നേടി.
201 സ്വര്‍ണ മെഡലുകളാണ് ചൈന നേടിയത്. 2010 ല്‍ ചൈനയിലെ തന്നെ ഗ്വാംഗ്ഷുവില്‍ നടന്ന ഏഷ്യാഡില്‍ നേടിയതിനെക്കാള്‍ രണ്ടെണ്ണം കൂടുതല്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]