ന്യൂഡൽഹി: ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യ.ഹമാസ് സംഘടനയുടെ റോക്കറ്റാക്രമണത്തിൽ ഇസ്രായേലിലുണ്ടായ ഭീകരാക്രമണം ഞെട്ടിക്കുന്നതാണെന്നും ആക്രണത്തിന് ഇരകളായ നിഷ്കളങ്കരായ ആളുകൾക്കും അവരുടെ കുടുംബങ്ങൾക്കുമായി പ്രാർത്ഥിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. പ്രതിസന്ധി നിറഞ്ഞ ഈ മണിക്കൂറിൽ ഇസ്രയേലിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും പ്രധാനമന്ത്രി കുറിച്ചു.
‘ഇസ്രയേലിലെ ഭീകരാക്രമണം അക്ഷാർത്ഥത്തിൽ ഞെട്ടിച്ചു. അവിടുത്തെ നിഷ്കളങ്കരായ ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കുമായി പ്രാർഥിക്കുന്നു. ഏറ്റവും പ്രയാസമേറിയ ഈ ഘട്ടത്തിൽ ഇന്ത്യ ഇസ്രയേലിനൊപ്പം ഉറച്ചു നിൽക്കുന്നു’- മോദി കുറിച്ചു.
ഇന്ത്യയ്ക്ക് പുറമേ യുഎസ്എ, ഫ്രാൻസ്, ജർമനി, യുകെ, സ്പെയിൻ, ബെൽജിയം, ഗ്രീസ്, ഇറ്റലി, പോളണ്ട്, ചെക്ക് റിപ്പബ്ലിക്ക്, യുക്രെയ്ൻ തുടങ്ങിയ രാജ്യങ്ങളും ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു.