
പാലക്കാട്: കൃത്രിമബുദ്ധി അടിസ്ഥാനമാക്കി ട്രാക്കുകൾക്ക് സമീപം ആനകളെ കണ്ടെത്താനുള്ള പരീക്ഷണം നടത്തി ഇന്ത്യൻ റെയിൽവെ. വയനാട്ടിൽ നിന്ന് എത്തിച്ച കുങ്കിയാനയെ ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയത്.
കൊട്ടേക്കാട്-മധുക്കരൈ സെക്ഷനിൽ റെയിൽവേ ട്രാക്കുകളിൽ കാട്ടാനകൾ അതിക്രമിച്ചു കയറുന്നത് ആവർത്തിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ പരീക്ഷണം. റെയിൽ ഈ മേഖലയിൽ സ്ഥാപിച്ച എലഫന്റ് ഇൻഡ്രൂഷൻ ഡിറ്റക്ഷൻ സിസ്റ്റത്തിന്റെ (ഇ.ഐ.ഡി.എസ്)പരീക്ഷണം നടത്തി.
പുതിയ സംവിധാന പ്രകാരം ട്രാക്കിനരികിലേക്ക് കാട്ടാനകളെത്തിയാൽ ഉടൻ കൺട്രോൾ റൂമിൽ അലാം മുഴങ്ങും. സ്റ്റേഷൻ മാസ്റ്റർക്കും ലോക്കോ പൈലറ്റിനും ഡിവിഷൻ കൺട്രോൾ റൂമിലേക്കും സന്ദേശം പാഞ്ഞെത്തും.
മിന്നൽ വേഗത്തിൽ റെയിൽവേ പ്രതിരോധ നടപടികൾ ഏകോപിപ്പിക്കും. കാട്ടാനകളെ പ്രതിരോധിക്കാനും ട്രാക്കിലെത്താതിരിക്കാനും എ.ഐ സംവിധാനത്തോടെ റെയിൽവേ നിർമിക്കുന്ന എലഫന്റ് ഇൻഡ്രൂഷൻ ഡിറ്റക്ഷൻ സിസ്റ്റം (ഇ.ഐ.ഡി.എസ്)’ ആണ് കൊട്ടേക്കാട്-മധുക്കരൈ സെക്ഷനിൽ റെയിൽവേ നടപ്പാക്കിയിട്ടുള്ളതെന്ന് അധികൃതർ അറിയിച്ചു.
ഇതിനായി വാളയാറിലും പാലക്കാട് ഡിവിഷൻ ഓഫിസിലും ‘ഡിസ്ട്രിബ്യൂട്ടഡ് അക്കോസ്റ്റിക് കൺട്രോൾ റൂം (ഡി.എ.സി)’ യൂണിറ്റ് സജീകരിച്ചിട്ടുണ്ട്. മധുക്കര മുതൽ കൊട്ടേക്കാട് വരെയുള്ള 33 കിലോമീറ്ററിലാണ് ആനകളുടെ കടന്നുകയറ്റം കണ്ടെത്താനുള്ള സംവിധാനം ഒരുക്കിയിട്ടുള്ളത്.
വനമേഖലയിലൂടെ കടന്നുപോകുന്ന റെയിൽവേ ട്രാക്കിന് ഇരുവശത്തും സ്ഥാപിച്ച ഫൈബർ കേബിളുകൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) അടിസ്ഥാനമാക്കിയുള്ള ഡിറ്റക്ഷൻ സിസ്റ്റങ്ങളുമായി ഒപ്റ്റിക്കൽ ഫൈബർ നെറ്റ് വർക്ക് സമന്വയിപ്പിച്ചു കൊണ്ടാണ് ‘ഇഐഡിഎസ്’ നൂതന സാങ്കേതികവിദ്യ പ്രവർത്തിക്കുക. ആനയുടെ പാദസ്പർശമുണ്ടായാൽ ഉടൻ ഫൈബർ കേബിളുകളിൽ രേഖപ്പെടുത്തും.
ആനയുള്ള റെയിൽ ട്രാക്കിന്റെ ദൂരപരിധി ഉൾപ്പെടെയുള്ള സന്ദേശമാകും ലഭിക്കുക. റെയിൽ ഫെൻസിങ്, നിരീക്ഷണ ക്യാമറ, തെർമൽ ക്യാമറ, സോളാർ വേലികൾ, അടിപ്പാതകൾ, പ്രത്യേക അലാമുകൾ, സോളർ ലാമ്പുകൾ തുടങ്ങി കാട്ടാനകളെ പ്രതിരോധിക്കാൻ റെയിൽവേ നടപ്പാക്കിയ പല പദ്ധതികളും ഫലം കണ്ടില്ല.
കാട്ടാനകൾ ട്രെയിനിടിച്ചു ചരിയുന്നത് പതിവായതോടെ ഈ പ്രദേശങ്ങളിൽ നേരത്തേ മദ്രാസ് ഹൈക്കോടതിയിൽ നിന്നു നിയോഗിച്ച പ്രത്യേക സമിതി സന്ദർശനം നടത്തിയിരുന്നു. യാത്രക്കാർക്കും വന്യജീവികൾക്കു ഒരുപോലെ ഭീഷണിയായ അപകടം തടയാൻ പദ്ധതികൾ വേണമെന്ന് അവർ മുന്നറിയിപ്പു നൽകിയിരുന്നു.
തുടർന്നാണ് റെയിൽവേ അതിനൂതന സേങ്കേതിക പദ്ധതിയായ എലഫന്റ് ഇൻഡ്രൂഷൻ ഡിറ്റക്ഷൻ സിസ്റ്റം നടപ്പാക്കിയത്. 15.42 കോടി രൂപ ചെലവു വരുന്നതാണ് ‘ഇഐഡിഎസ്’ പദ്ധതി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]