
മുംബൈ: മുംബൈ വിമാനത്താവളത്തിൽ ഡാറ്റാ നെറ്റ്വർക്ക് തകരാറിനെ തുടർന്ന് വിമാന സർവീസുകൾ താളംതെറ്റി. ചെക്ക്-ഇൻ സംവിധാനങ്ങളെ ഇത് സാരമായി ബാധിച്ചു.
തുടർന്ന് എയർ ഇന്ത്യ ഉൾപ്പെടെയുള്ള വിമാനക്കമ്പനികളുടെ സർവീസുകൾ വൈകാൻ സാധ്യതയുണ്ടെന്ന് എയർ ഇന്ത്യ യാത്രാ മുന്നറിയിപ്പ് നൽകി. കേരളത്തിൽ നിന്നടക്കമുള്ള കണക്ഷൻ ഫ്ലൈറ്റുകളെയും ഈ കാലതാമസം ബാധിച്ചേക്കും.
യാത്രക്കാര്‍ വിമാന സമയമടക്കമുള്ള അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നാണ് അറിയിപ്പ്. സാങ്കേതിക തകരാറുകൾ പരിഹരിച്ചെങ്കിലും, വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ സാധാരണ നിലയിലേക്ക് മടങ്ങിയെത്താൻ സമയമെടുക്കും.
അതിനാൽ, ചില സർവീസുകൾ ഇനിയും വൈകാൻ സാധ്യതയുണ്ട്. യാത്ര പുറപ്പെടുന്നതിന് മുൻപ് യാത്രികർ വിമാനത്തിൻ്റെ അപ്ഡേറ്റുകൾ പരിശോധിക്കണമെന്ന് എയർ ഇന്ത്യ ‘എക്സി’ലൂടെ അറിയിച്ചു.
വാരാന്ത്യത്തിൽ രക്ഷാബന്ധൻ ആഘോഷങ്ങൾ പ്രമാണിച്ച് യാത്രക്കാരുടെ തിരക്ക് വർദ്ധിച്ചതിനിടെയാണ് ഈ സാങ്കേതിക തകരാർ ഉണ്ടായത്. അതേസമയം, മഴയെത്തുടർന്ന് ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലും 300-ൽ അധികം വിമാനങ്ങൾ വൈകി.
ചില സർവീസുകൾ റദ്ദാക്കിയതായും റിപ്പോർട്ടുണ്ട്. പ്രതിദിനം ഏകദേശം 1,300 വിമാനങ്ങൾ കൈകാര്യം ചെയ്യുന്ന ഡൽഹി വിമാനത്താവളത്തിൽ ശരാശരി 17 മിനിറ്റോളം വൈകിയാണ് വിമാനങ്ങൾ പുറപ്പെട്ടതെന്ന് ഫ്ലൈറ്റ് റഡാർ24-ന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
എയർ ഇന്ത്യയിലെ പൈലറ്റുമാരുടെ വിരമിക്കൽ പ്രായം ഉയര്‍ത്തി എയർ ഇന്ത്യയിലെ പൈലറ്റുമാരുടെ വിരമിക്കൽ പ്രായം 65 വയസ്സായി ഉയർത്തി. നോൺ-ഫ്ളൈയിംഗ് ജീവനക്കാരുടെ വിരമിക്കൽ പ്രായം 60 ആക്കിയെന്നും പി.ടി.ഐ.
റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ, ഈ രണ്ട് വിഭാഗങ്ങളിലെയും ജീവനക്കാരുടെ വിരമിക്കൽ പ്രായം 58 വയസ്സാണ്.
കമ്പനിയുടെ സി.ഇ.ഒ.യും മാനേജിംഗ് ഡയറക്ടറുമായ കാംപ്ബെൽ വിൽസൺ ടൗൺ ഹാൾ മീറ്റിംഗിലാണ് ഇക്കാര്യം അറിയിച്ചത്. മുൻ വിസ്താര എയർലൈൻസിന്റെ വിരമിക്കൽ മാനദണ്ഡങ്ങളുമായി എയർ ഇന്ത്യയെ ഇത് തുല്യമാക്കും.
കമ്പനിയിൽ ഏകദേശം 24,000 ജീവനക്കാരുണ്ട്. ഇതിൽ 3,600 പൈലറ്റുമാരും 9,500 കാബിൻ ക്രൂ അംഗങ്ങളും ഉൾപ്പെടുന്നു.
കാബിൻ ക്രൂവിൻ്റെ വിരമിക്കൽ പ്രായം കൂട്ടിയോ എന്ന് വ്യക്തമല്ല. 2024 നവംബറിൽ വിസ്താരയുമായി നടന്ന ലയനത്തിന് ശേഷം പൈലറ്റുമാരുടെ വിരമിക്കൽ പ്രായവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന ആശങ്കകൾക്ക് ഇതോടെ പരിഹാരമായി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]