
പാട്ടുപാടുന്നവർ ബിഗ് ബോസ് വീട്ടിൽ ഇതിനുമുമ്പും വന്നിട്ടുണ്ട്. സോമദാസ്, അമൃത സുരേഷ്, അഭിരാമി സുരേഷ്, ലക്ഷ്മി ജയൻ… അങ്ങനെ സിംഗർ എന്ന ഐഡന്റിറ്റിയിൽ ബിഗ് ബോസ് വീട്ടിലേക്ക് മത്സരാർത്ഥികൾ എത്തുന്നത് ആദ്യമായല്ല.
പക്ഷേ അവരിൽനിന്നെല്ലാം വ്യത്യസ്തനാണ് അക്ബർ ഖാൻ എന്ന സീസൺ 7 ലെ പാട്ടുകാരൻ. പല മ്യൂസിക് റിയാലിറ്റി ഷോകളിലൂടെയും ആളുകൾക്ക് ഏറെക്കുറേ പരിചിതനായിരുന്നു അക്ബർ.
ഒരുപാട് കഷ്ടതകൾ അനുഭവിച്ച് വളർന്നുവന്ന, വളരെ നന്നായി പാട്ടുപാടുന്ന, സൗമ്യനായ ഒരാൾ. ബിഗ് ബോസ് പോലെയൊരു സർവൈവൽ റിയാലിറ്റി ഷോയിൽ അക്ബറിന് എത്രത്തോളം പിടിച്ചുനിൽക്കാനാകും എന്നും എന്തായിരിക്കും അവിടെ അക്ബറിനുണ്ടാകുന്ന സ്ഥാനം എന്നുമെല്ലാമാണ് അക്ബറിനെ സ്നേഹിക്കുന്നവർ ഷോയുടെ തുടക്കത്തിൽ വിചാരിച്ചത്.
എന്നാൽ ആദ്യത്തെ ദിവസം തന്നെ താൻ വെറുതെ പാട്ടുംപാടി പോകാൻ വന്നതല്ലെന്ന് അക്ബർ ഖാൻ തെളിയിച്ചു. ഒന്നാം ദിവസം മുതൽ അക്ബർ ഷോയിൽ വളരെ ആക്റ്റീവ് ആയിരുന്നു.
സഹമത്സരാർത്ഥികളുമായെല്ലാം നന്നായി ഇടപെട്ട അക്ബർ ഒരു കണക്ഷൻ ഉണ്ടാക്കിയത് അപ്പാനി ശരത്തും ആയാണ്.
ബിഗ് ബോസ് വീട്ടിൽ ഉദയം ചെയ്ത ആദ്യത്തെ ഗ്രൂപ്പും ഇവരുടേത് തന്നെ. അക്ബർ, ശരത് , ആര്യൻ, അഭിലാഷ് എന്നിവരാണ് ഏറെക്കുറേ ഒരു ഗ്രൂപ്പിന്റെ സ്വഭാവത്തിൽ വീട്ടിൽ ഗെയിം കളിക്കുന്നത്.
ഓരോ കാര്യങ്ങളെക്കുറിച്ചും കൃത്യമായി വിശകലനം ചെയ്തും ഓരോ മത്സരാർത്ഥികളെയും വ്യക്തിഗതമായി നിരീക്ഷിച്ചുമാണ് ശരത്തും അക്ബറും ഗെയിം കളിക്കുന്നത്. ശരത്തുമായുള്ള ഈ സൗഹൃദത്തിൽ അക്ബർ വളരെ ആത്മാർത്ഥത കാണിക്കുന്നതായും തോന്നിയിട്ടുണ്ട്.
ചെയ്യുന്ന ഓരോ കാര്യങ്ങളെക്കുറിച്ചുമുള്ള വിശദീകരണം അക്ബർ ശരത്തിന് എല്ലായിപ്പോഴും നൽകാറുണ്ട്. തുടക്കം മുതൽ ഇത്തരത്തിൽ മത്സരാർത്ഥികൾ പരസ്പരം ഉണ്ടാക്കുന്ന ബോണ്ട് മുന്നോട്ടുപോകുംതോറും പല തരത്തിൽ മാറിമറിയുന്നത് നമ്മൾ കാണാറുണ്ട്.
അതുകൊണ്ടുതന്നെ ശരത്തിനെ പോലെ വളരെ അഗ്രസീവ് ആയ ഒരാളും ജയിക്കണമെന്നുറപ്പിച്ച് മത്സരത്തിൽ പങ്കെടുക്കുന്ന അക്ബർ ഖാനും തമ്മിലെ ഈ ഗ്രൂപ്പ് കളി മുന്നോട്ടുപോകുംതോറും ഏത് തരത്തിലും മാറിമറിഞ്ഞേക്കാം. നിലവിൽ ഈ ടീമിന്റെ നായക സ്ഥാനം ആരും അവകാശപ്പെട്ടിട്ടില്ല.
ഭാവിയിൽ ഇതിന്റെ പേരിലും പ്രശ്നങ്ങൾ ഉണ്ടാകുമോ എന്ന് കണ്ടറിയേണ്ടി വരും. ഓരോ മത്സരാർത്ഥിയെയും കൃത്യമായി നിരീക്ഷിച്ചും അവരെ നേരിടാൻ വേണ്ട
മുൻകരുതലുകൾ എടുത്തുമാണ് അക്ബറിന്റെ ഗെയിം. ഷാനവാസിനെ ഒരു എതിരാളിയായി ആദ്യംതന്നെ തീരുമാനിച്ച അക്ബർ ഷാനവാസിനെതിരെ കളിക്കാൻ കിട്ടുന്ന ഒരവസരവും പാഴാക്കാറുമില്ല.
അതിൽപ്പോലും ബുദ്ധിപരമായ നീക്കങ്ങൾ ആണ് അക്ബറിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത് എന്നതും എടുത്തുപറയണം. ഉദാഹരണത്തിന് പുകഞ്ഞ കൊള്ളി പുറത്ത് എന്ന ടാസ്ക്കിന്റെ ഭാഗമായി പുറത്തുകിടന്നിരുന്ന ഷാനവാസിനെ വീടിനകത്തേക്ക് വിളിക്കാമെന്ന് തീരുമാനിച്ച ആൾ അക്ബർ ആയിരുന്നു.
എന്നാൽ എന്തുകൊണ്ടാണ് തന്റെ എതിരാളിയായ ഷാനവാസിനെതെരഞ്ഞെടുത്തത് എന്ന അക്ബറിന്റെ വിശദീകരണം അയാളുടെ ഗെയിം പ്ലാനും ഷോ സ്പിരിറ്റും പ്രേക്ഷകർക്ക് മനസിലാക്കി നൽകി. എല്ലാ കാര്യങ്ങളുടെയും ക്രെഡിറ്റ് എടുക്കാൻ എപ്പോഴും ശ്രമിക്കാറുള്ള ഷാനവാസിനെ അന്നുകൂടി പുറത്തുകിടത്തിയാൽ രണ്ട് ദിവസം ഉറങ്ങാതെ ഗെയിം കളിച്ചു എന്നതരത്തിൽ ഷാനവാസ് ആളുകൾക്കുമുന്നിൽ ഹീറോ ആകാൻ ശ്രമിക്കുമെന്നും അതിന് അനുവദിക്കേണ്ട
കാര്യമില്ല എന്നുമാണ് അക്ബർ പറഞ്ഞത്. ഇത്തരത്തിൽ ഓരോ മത്സരാർത്ഥികളുടെയും സ്വഭാവത്തിനും അവരുടെ ഗെയിമിനും അനുസരിച്ചാണ് അക്ബർ ഖാൻ തന്റെ ഗെയിം കളിക്കുന്നത്.
എന്താണ് താൻ കളിച്ച കളി എന്ന് മറ്റുള്ളവരോട് പറഞ്ഞുകൊടുക്കാനും അക്ബർ പലപ്പോഴും ശ്രമിക്കുന്നുണ്ട്. രേണുവും അക്ബറും തമ്മിൽ നടന്ന പ്രശ്നത്തിലും അടി പതറാതെനിന്ന അക്ബറിനെയാണ് കണ്ടത്.
എല്ലാ സ്ത്രീകളോടും വിധവകളോടുമുള്ള അധിക്ഷേപമാണ് അക്ബർ നടത്തിയത് എന്ന തരത്തിലെ രേണുവിന്റെ വാദം നിമിഷനേരംകൊണ്ട് അക്ബർ പൊളിച്ചു. അങ്ങനെ വീട്ടിലെ ആര്, എന്ത് കാർഡ് പുറത്തെടുത്തലും അത് മനസിലാക്കി അതിനെ പ്രതിരോധിക്കാൻ അക്ബർ ശ്രമിക്കുന്നുണ്ട്.
അനീഷിന്റെ നിരന്തരമായ പ്രകോപനത്തിൽ മാത്രമാണ് അക്ബർ കുറച്ചെങ്കിലും വീണുപോകുന്നതായി തോന്നിയത്. അപ്പോൾപ്പോലും ശരത്തും അഭിലാഷും അടക്കമുള്ളവർ അനീഷിന്റെ ഗെയിമിൽ പെട്ടുപോകുന്ന അത്രയൊന്നും അക്ബർ അതിൽ പെടുന്നില്ല.
കഴിയുന്നത്ര അനീഷിനെ അവഗണിക്കാൻ അയാൾ ശ്രമിക്കുന്നുമുണ്ട്. താൻ കാരണം ആളുകൾക്ക് കണ്ടന്റ് ഉണ്ടാക്കണ്ട
എന്നും താനുൾപ്പെടുന്ന കണ്ടന്റിൽ മെയിൻ താൻ തന്നെയാകണമെന്നുമുള്ള ബോധ്യത്തിലാണ് അക്ബറിന്റെ ഗെയിം. ഫിസിക്കൽ ടാസ്ക്കുകളിൽ നിലവിൽ ഏറ്റവും മുന്നിട്ടുനിൽകുന്ന ആളാണ് അക്ബർ.
ടാസ്ക്കുകളിൽ വളരെ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന അക്ബർ ആ ഏരിയയിലും തന്റെ കഴിവ് തെളിയിച്ചുകഴിഞ്ഞു. വീക്ക്ലി ടാസ്ക്കിലെ അക്ബറിന്റെ മികച്ച പ്രകടനവും ഭക്ഷണത്തിനായി ബുദ്ധിമുട്ടിയിരുന്നു വീട്ടുകാർക്കുവേണ്ടി പണിപ്പുരയിൽ കയറി ഭക്ഷണ സാധനങ്ങൾ എടുത്തതും അത് എല്ലാവർക്കുമായി പങ്കുവച്ചതും എല്ലാം അക്ബറിന്റെ ഹീറോ പരിവേഷത്തിന് മാറ്റുകൂട്ടുന്നവയായി.
അൽപ്പം പിന്തിരിപ്പൻ ചിന്താഗതിയുള്ള അക്ബറിനെ വീട്ടിലെ പെൺകുട്ടികൾ എങ്ങനെയാകും ഡീൽ ചെയ്യുക എന്നുള്ളതാണ് ഒരു ചോദ്യം. പ്രത്യേകിച്ച് അനുമോൾ, ബിൻസി, ബിന്നി, ആദില-നൂറ, റെന തുടങ്ങി സ്മാർട്ടായി സംസാരിക്കാൻ കഴിവുള്ള ഒരു കൂട്ടം പെൺകുട്ടികളുള്ള ഈ സീസണിൽ അത്തരം ആക്ടുകൾ വേഗത്തിൽ ചോദ്യം ചെയ്യപ്പെട്ടേക്കാം.
കഴിഞ്ഞ ദിവസം അനുവും ബിൻസിയും തമ്മിൽ നടന്ന ഒരു സംഭാഷണം അക്ബറിനെ കുറിച്ചുള്ളതായിരുന്നു. തനിക്ക് അക്ബറിനെ പേടിയുണ്ടെന്നും ശാരീരികമായി കയ്യേറ്റം ചെയ്തേക്കുമോ എന്നുമാണ് അനു ബിൻസിയോട് പറയുന്നത്.
ഇവിടെ ആരും ആരെയും ഫിസിക്കലി അറ്റാക്ക് ചെയ്യാൻ ഇടയില്ലെന്ന് ബിൻസി മറുപടിയും നൽകുന്നു. പക്ഷേ ഇത് അക്ബറിന്റെ ഫിസിക്കൽ അഗ്രഷൻ കൈവിട്ടേക്കാൻ സാധ്യതയുണ്ടോ എന്നൊരു ചോദ്യം കൂടി ഉയർത്തുന്ന സംഭാഷണമായിരുന്നു.
ഇന്നലെ പണിപ്പുരയിൽ നിന്ന് തിരികെയെത്തിയ ശേഷം അനീഷ് നടത്തിയ പ്രസ്താവനയോട് വിയോജിച്ച അക്ബർ അനീഷിനോട് ഷൗട്ട് ചെയ്യുകയും കൊണ്ടുവന്നവ നിലത്തേക്കെറിയുകയും ചെയ്തിരുന്നു. ദേഷ്യം നിയന്ത്രിക്കാൻ അത്ര കഴിവില്ലാത്ത ആളായി അക്ബറിനെ തോന്നിയിട്ടില്ലെങ്കിലും പോകെപ്പോകെ ചുറ്റുമുള്ള ഇറിറ്റേഷനുകളെ എങ്ങനെ അയാൾ നേരിടും എന്നത് നിർണ്ണായകമാണ്.
വരുന്ന വീക്കെൻഡ് എപ്പിസോഡ് തന്നെയാകും അക്ബറിന് ഏറെ നിർണ്ണായകമാകാൻ പോകുന്നത്. രേണു സുധിയെക്കുറിച്ച് നടത്തിയ സെപ്റ്റിക് ടാങ്ക് പ്രസ്താവന തീർച്ചയായും ചോദ്യം ചെയ്യപ്പെട്ടേക്കും.
ഇതിനെ മോഹൻലാൽ ഏത് രീതിയിലാകും കൈകാര്യം ചെയ്യുക എന്നത് അക്ബറിന്റെ ഷോയിലെ ഭാവിയെ തീരുമാനിക്കാനും ഇടയുണ്ട്. പരസ്യമായി വലിയ ശകാരങ്ങളോ ശിക്ഷയോ നേരിടേണ്ടി വന്നാൽ അത് അക്ബറിന്റെ ആത്മവിശ്വാസത്തെ എങ്ങനെ ബാധിക്കുമെന്ന് പറയാനാവില്ല.
മറ്റൊരു പ്രധാന കാര്യം, ഇത്തരം വീക്കെൻഡ് എപ്പിസോഡുകൾക്കുശേഷമാണ് ഷോയിലെ ഹീറോകൾ ഉദയം ചെയ്യപ്പെടുന്നത് എന്നതാണ്. വീക്കെൻഡ് എപ്പിസോഡിൽ ഒരു വലിയ പ്രശ്നം ഇതുമായി ബന്ധപ്പെട്ട് ഉണ്ടായാൽ അതിനെ മുതലെടുത്ത് വീട്ടിലെ മറ്റുള്ളവർ അക്ബറിനെ ആക്രമിക്കുമോ എന്നും അത് പ്രേക്ഷകരും അക്ബറും തമ്മിൽ പുതിയൊരു ബോണ്ടിങ് ഉണ്ടാക്കുമോ എന്നുമുള്ള ചോദ്യങ്ങൾ തന്നെയാണ് നിലവിൽ ഏറ്റവും പ്രധാനം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]