
9:29 AM IST:
മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവരുടെ കരട് പട്ടിക വീണ്ടും പുതുക്കി. ഒടുവിൽ പ്രസിദ്ധീകരിച്ച പട്ടികയിൽ 133 പേർ കാണാമറായത്താണ്. ഇന്നലെ പട്ടികയിൽ 131 പേരായിരുന്നു.
7:13 AM IST:
ഒളിംപിക്സിലെ വെള്ളി മെഡൽ നേട്ടത്തിന് പിന്നാലെ നീരജ് ചോപ്രയുടെ ആദ്യ പ്രതികരണം ഏഷ്യാനെറ്റ് ന്യൂസിനോട്. രാജ്യത്തിനായി മെഡൽ നേടിയതിൽ അഭിമാനമുണ്ടെന്നും സ്വർണം അർഷദ് നദീമിന് എന്നതായിരുന്നു ദൈവത്തിന്റെ തീരുമാനമെന്നും അദ്ദേഹം പ്രതികരിച്ചു. മികച്ച പ്രകടനം നടത്തിയ നദീമിന് അഭിനന്ദിച്ച താരം തനിക്ക് രാജ്യത്തിനായി ഇനിയുമേറെ നേടാനുണ്ടെന്നും പറഞ്ഞു. പാരീസിൽ ഒളിംപിക്സ് റിപ്പോർട്ട് ചെയ്യുന്ന ഏഷ്യാനെറ്റ് ന്യൂസ് സ്പോർട്സ് എഡിറ്റർ ജോബി ജോർജ്ജിനോട് സംസാരിക്കുകയായിരുന്നു നീരജ് ചോപ്ര.
Read more: നീരജ് ചോപ്ര ഏഷ്യാനെറ്റ് ന്യൂസിനോട്
7:13 AM IST:
എറണാകുളം മഴുവന്നൂരിൽ അദ്ധ്യാപകന്റെ മരണം ആത്മഹത്യയെന്ന് പൊലീസ്. മഴുവന്നൂർ കവിതപടിയിൽ വെണ്ണിയേത്ത് വി എസ്. ചന്ദ്രലാലിൻ്റെ മരണത്തിലാണ് പൊലീസ് ആത്മഹത്യയെന്ന നിഗമനത്തിൽ എത്തിയത്. 41 വയസുകാരനായ ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെ വീടിനടുത്തുള്ള പറമ്പിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വയറ് കീറി ആന്തരീക അവയവങ്ങൾ പുറത്ത് വന്ന നിലയിലാണ് കാണപ്പെട്ടത്. രാജഗിരി കോളേജിലെ ഹിന്ദി വിഭാഗം പ്രൊഫസറായിരുന്നു ചന്ദ്രലാൽ. സംഭവം ആത്മഹത്യയാണെന്ന് പൊലീസിന് തുടക്കത്തിൽ തന്നെ സംശയം ഉണ്ടായിരുന്നു. സ്വന്തം ശരീരം മുറിവേൽപ്പിക്കുന്ന രീതിയിൽ മാനസിക വെല്ലുവിളി നേരിട്ട ആളായിരുന്നു മരിച്ച ചന്ദ്രലാലെന്ന് പൊലീസ് പറഞ്ഞു. മാനസിക വെല്ലുവിളി മറികടക്കുന്നതിന് ഇദ്ദേഹം ചികിത്സയിലായിരുന്നുവെന്നും ബന്ധുക്കൾ മൊഴി നൽകി.
7:12 AM IST:
സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ മഴ കനക്കുമെന്ന് മുന്നറിയിപ്പുകൾ. തെക്കൻ, മധ്യ കേരളത്തിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് സ്വകാര്യ കാലാവസ്ഥാ ഏജൻസികൾ അറിയിക്കുന്നത്. നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ആന്ധ്ര പ്രദേശിന് മുകളിലായി ഒരു ന്യൂനമർദ്ദം രൂപപ്പെടാനും, ആഗോള മഴ പാത്തി സജീവമാകാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. തുടർച്ചയായി മഴ കിട്ടിയ പ്രദേശങ്ങളിൽ, പ്രത്യേകിച്ച് മലയോര മേഖലകളിൽ ജാഗ്രത തുടരണം. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതകളും മുന്നിൽ കാണണം.
7:12 AM IST:
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. അനധികൃത ഖനനവും പ്രളയവുമടക്കമുള്ള കാര്യങ്ങൾ നിയന്ത്രിക്കാൻ നിയമപരമായി എന്തെല്ലാം ചെയ്യാൻ കഴിയുമെന്ന് ആലോചിക്കണമെന്ന് കേസ് രജിസ്റ്റർ ചെയ്ത് കോടതി വ്യക്തമാക്കിയിരുന്നു. മാധ്യമ വാർത്തകളുടെയും ഹൈക്കോടതിക്ക് ലഭിച്ച കത്തിന്റെയും അടിസ്ഥാനത്തിലാണ് സ്വമേധയാ കേസെടുത്തത്. ജസ്റ്റിസുമാരായ ജയശങ്കരൻ നന്പ്യാർ, വി.എം.ശ്യാംകുമാർ എന്നിവരുടെ ബെഞ്ച് ആണ് കേസ് പരിഗണിക്കുക. ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകളും കോടതി പരിഗണനാ വിഷയങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
7:11 AM IST:
വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തം വിലയിരുത്താൻ കേന്ദ്ര സംഘം ഇന്നെത്തും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജോയിന്റ് സെക്രട്ടറിയും ഇന്റര്‍ മിനിസ്റ്റീരിയല്‍ സെന്‍ട്രല്‍ ടീം ലീഡറുമായ രാജീവ് കുമാറിന്റെ നേത്വത്തിലുള്ള സംഘമാണ് വയനാട് സന്ദര്‍ശിക്കുന്നത്. വിവിധ വകുപ്പുകളുടെ കേരളത്തിലെ പ്രതിനിധികളും സംഘത്തെ അനുഗമിക്കും. വൈകീട്ട് 3.30 ന് എസ്.കെ.എം.ജെ സ്കൂളില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തും. നാല് മണിയോടെ ജില്ലയില്‍ നിന്ന് മടങ്ങും.
7:11 AM IST:
വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവർക്കായി ഇന്ന് ജനകീയ തെരച്ചിൽ നടക്കും. ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധു വീടുകളിലും കഴിയുന്നവരെ കൂടി ഉൾപ്പെടുത്തിയുള്ള തെരച്ചിലാകും ഇന്ന് നടക്കുക. പ്രധാന മേഖലകളിലെല്ലാം തെരച്ചിൽ നടന്നതാണെങ്കിലും ബന്ധുക്കളിൽ നിന്ന് കിട്ടുന്ന വിരത്തിന്റെ അടിസ്ഥാനത്തിൽ നടക്കുന്ന തെരച്ചിൽ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. ഉരുൾപൊട്ടലുണ്ടായ പ്രദേശത്തെ 6 മേഖലകളാക്കി തിരിച്ചാകും തെരച്ചിൽ നടത്തുക.