First Published Aug 8, 2024, 6:08 PM IST | Last Updated Aug 8, 2024, 6:08 PM IST
ഡിപ്രെഷൻ / വിഷാദരോഗത്തെപ്പറ്റി നമ്മൾ മിക്ക ആളുകൾക്കും അറിവുണ്ട്. ഡിപ്രെഷൻ ഉള്ളവർ എപ്പോഴും സങ്കടപ്പെട്ടിരിക്കുക, എല്ലാ കാര്യങ്ങളോടും താല്പര്യം നഷ്ടമാവുക, എപ്പോഴും കട്ടിലിൽ തന്നെ കിടക്കുക, ഒരു കാര്യങ്ങളും ചെയ്യാനുള്ള ഊർജ്ജം ഇല്ലാത്ത അവസ്ഥ എന്നതാണ് സംഭവിക്കുക. എന്നാൽ ഇതിൽ നിന്നും അല്പം വ്യത്യസ്തമായ അവസ്ഥയാണ് ‘സ്മൈലിംഗ് ഡിപ്രെഷൻ’. എന്താണ് സ്മൈലിംഗ് ഡിപ്രെഷൻ എന്നും എന്തൊക്കെയാണ് അതിന്റെ ലക്ഷണങ്ങളെന്നും ക്ലിനിക്കൽ സൈക്കോളജിസ്റ്റ് പ്രിയ വർഗീസ് എഴുതുന്നു.
ചില ആളുകൾ സൈക്കോളജിസ്റ്റിനെ സമീപിക്കുമ്പോൾ പറയാറുണ്ട്- “എനിക്ക് മനസ്സിൽ എപ്പോഴും സങ്കടമാണ്. പക്ഷേ അത് എന്നെ അറിയാവുന്ന മറ്റാർക്കും അറിയില്ല. ഇത്രയൊക്കെ സങ്കടങ്ങളും പ്രശ്നങ്ങളും എനിക്കുണ്ട് എന്നു കേട്ടാൽ എന്റെ സുഹൃത്തുക്കൾ ആരും വിശ്വസിക്കില്ല. എനിക്ക് എന്റെ പ്രശ്നങ്ങൾ മറ്റാരെങ്കിലും അറിയുന്നത് ഇഷ്ടമില്ല”.
സ്മൈലിങ് ഡിപ്രെഷൻ ഉള്ള പല ആളുകളും തനിക്ക് ഡിപ്രെഷനാണ് എന്ന് മനസ്സിലാക്കുകയോ സമ്മതിക്കുകയോ ചെയ്യാൻ തയ്യാറാവില്ല എന്നതാണ് വസ്തുത. അവർ മറ്റുള്ളവരുടെ മുന്നിൽ സന്തോഷവാന്മാരായി കാണപ്പെടും എങ്കിലും മനസ്സിനുള്ളിൽ സങ്കടവും, ഉത്കണ്ഠയും, നിരാശയുമാകും അനുഭവപ്പെടുക.
അവർ മുഴുവൻ സമയം ജോലി ചെയ്യുകയും, കുടുംബത്തിലെ കാര്യങ്ങൾ ശ്രദ്ധിക്കുകയും, സാമൂഹിക ബന്ധം ഉള്ളവരും ആയിരിക്കും. അതുകൊണ്ടുതന്നെ അവരുടെ സങ്കടങ്ങളെ ചിരി എന്ന മാസ്കിനുള്ളിൽ ഒളിപ്പിച്ചു വെക്കുന്ന അവർ ഒരു പെർഫെക്റ്റ് ലൈഫ് നയിക്കുന്ന വ്യക്തികളെപ്പോലെ നമുക്കു തോന്നിയേക്കാം.
സാധാരണ തീവ്ര ഡിപ്രെഷൻ അനുഭവിക്കുന്ന ആളുകൾ ഊർജ്ജം കുറവുള്ളവരാണ് എങ്കിൽ സ്മൈലിങ് ഡിപ്രെഷൻ ഉള്ളവർ ചില സമയങ്ങളിൽ ആത്മഹത്യയെക്കുറിച്ചു പ്ലാൻ ചെയ്യാൻ സാധ്യത അധികമാണ് എന്നതിനാൽ തന്നെ വളരെ ഗൗരവമുള്ള ഒരാവസ്ഥയാണ് ഇത്.
ഉദാ: ചില കൗമാരക്കാർ ആൾകൂട്ടത്തിൽ തനിയെ എന്നപോലെ ചുറ്റും എല്ലാവരും ഉണ്ട് എങ്കിൽപ്പോലും വലിയ വിഷാദം അനുഭവിക്കുന്നു എന്ന് പറയാറുണ്ട്. പക്ഷേ മക്കളോടുള്ള അമിത സ്നേഹം കാരണം മാതാപിതാക്കൾ അത് അംഗീകരിക്കാൻ മടിക്കുന്നതായി കാണാറുണ്ട്. അതുകൊണ്ടുതന്നെ അവർ പറയുന്നത് കാര്യമായി എടുക്കാത്ത അവസ്ഥ അവരുടെ മാനസികാവസ്ഥയെ കൂടുതൽ വഷളാക്കും.
മറ്റുള്ളവരോട് സങ്കടങ്ങൾ തുറന്നു പറഞ്ഞാൽ അത് മറ്റുള്ളവർക്ക് ഒരു ബുദ്ധിമുട്ടാകും, ശല്യമാകും എന്നൊക്കെയുള്ള തെറ്റിദ്ധാരണ പലർക്കും ഉണ്ട്. എന്നാൽ നമ്മുടെ സുഹൃത്തിന് ഒരു സങ്കടമുണ്ടായാൽ നമ്മൾ എത്രമാത്രം അവർക്കൊപ്പം നിൽക്കുമോ അതുപോലെ തന്നെയാണ് നമ്മൾ ഒരു സുഹൃത്തിനെ ആശ്രയിക്കുമ്പോൾ എന്ന് മനസ്സിലാക്കാൻ ശ്രമിക്കാം.
ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അത് സ്മൈലിങ് ഡിപ്രെഷൻ ആണോ എന്ന് സ്വയം പരിശോധിക്കാം:
1. വിഷാദം
2. മറ്റുള്ളവരിൽ നിന്നും സങ്കടങ്ങൾ മറച്ചുവെക്കാൻ ശ്രമിക്കുക
3. പെട്ടെന്ന് ദേഷ്യം വരിക/ മൂഡ് മാറുക
4. മരിച്ചാൽ മതിയെന്ന തോന്നൽ / ആത്മഹത്യാ പ്രവണത
5. ജീവിതം അർത്ഥശൂന്യമാണ് എന്ന ചിന്ത
6. ആത്മവിശ്വാസം ഇല്ലാതാവുക
7. ഭാവിയെപ്പറ്റി അശുഭ ചിന്തകൾ
8. ഉറക്കക്കുറവ്
9. വിശപ്പില്ലായ്മ
10. ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട്
11. തീരുമാനങ്ങൾ എടുക്കാൻ കഴിയാതെ വരിക
12. മുൻപ് താല്പര്യം ഉണ്ടായിരുന്നവയിൽ താല്പര്യം നഷ്ടപ്പെടുക
ചെറിയ പ്രായത്തിൽ മാനസികാഘാതം നേരിടുക, ചെയ്യുന്ന കാര്യങ്ങൾ എല്ലാം പെർഫെക്റ്റ് ആയിരിക്കണം എന്ന് നിർബന്ധമുള്ളവർ, ഒറ്റപ്പെടൽ അനുഭവിക്കുക, മറ്റുള്ളവർ പറയുന്ന അഭിപ്രായങ്ങളോട് വളരെ സെൻസിറ്റീവ് ആയ വ്യക്തികൾ എന്നിവരിൽ സ്മൈലിങ് ഡിപ്രെഷൻ ഉണ്ടാകാൻ സാധ്യതയുണ്ട്. കോഗ്നിറ്റീവ് ബിഹേവിയർ തെറാപ്പി (CBT) എന്ന മന:ശാസ്ത്ര ചികിത്സയിലൂടെ ഈ ബുദ്ധിമുട്ടിനെ മാറ്റാൻ ശ്രമിക്കാം.
(ലേഖിക തിരുവല്ലയില് ക്ലിനിക്കല് സൈക്കോളജിസ്റ്റാണ്. ഫോണ്: 8281933323)
ഗാമോഫോബിയയെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? എന്താണ് ഇതിന്റെ ലക്ഷണങ്ങൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]