
ബിനാമി അടിസ്ഥാനത്തില്‍ ലൈസന്‍സ് സമ്പാദിച്ച് കോടികളുടെ മുതല്‍മുടക്കില്‍ ഖനനം; മണ്ണുമല, മലവെള്ളപ്പാച്ചിലില്‍ വീടുകളിലേക്ക് ഒഴുകി തുടങ്ങി, മണ്ണിടിച്ചിലും പ്രകമ്പനവും വർധിക്കുന്നു; നിയമം ലംഘിച്ച് പ്രവത്തിക്കുന്ന കുടക്കച്ചിറയിലെ പാറമടകൾക്കെതിരെ ജനരോഷം ശക്തമാകുന്നു
കരൂര്‍: പഞ്ചായത്തിലെ കുടക്കച്ചിറ ഒന്നാം വാര്‍ഡില്‍ കലാമുകുളം വ്യൂ പോയിന്റ് എന്ന വിനോദ സഞ്ചാര സ്പോട്ടിന്റെ താഴ്വരയില് എല്ലാ പരിസ്ഥിതി നിയമങ്ങളും ലംഘിച്ച് പ്രവത്തിക്കുന്ന പാറമടക്കെതിരെ ജനരോഷം ശക്തമാകുന്നു. ബിനാമി അടിസ്ഥാനത്തില്‍ ലൈസന്‍സ് സമ്പാദിച്ച് കോടികളുടെ മുതല്‍മുടക്കില്‍ ലൈസന്‍സും യന്ത്രസംവിധാനങ്ങളും ഏക്കറുകണക്കിന് സമീപ സ്ഥലങ്ങളും വാങ്ങിച്ചാണ് ഖനനം നടത്തുന്നത്.
പാരിസ്ഥിതികവും പരിസ്ഥിതിലോലപരവുമായ എല്ലാ ചട്ടങ്ങളും ലംഘിച്ച് അപകടകരമായ നിലയില്‍ പാറഖനനം തുടരുന്നത് സമീപ വാസികളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ബഞ്ച് സംവിധാനം പിന്തുടരാതെ ലംബമായി പാറ പൊട്ടിച്ച് കുത്തനെ നിറുത്തിയിരിക്കുന്നതിനാല് മുകള്‍ ഭാഗത്തെ കൃഷിഭൂമി ഇടിഞ്ഞു വീഴുമൊ എന്ന ആശങ്കയിലാണ് സമീപവാസികള്‍.
പാറഖനനത്തിന് മുന്നോടിയായി ഉണ്ടാക്കിയ മണ്ണുമല, മലവെള്ളപ്പാച്ചിലില്‍ താഴ്വരയിലെ വീടുകളിലേക്കും കൃഷിയിടങ്ങളിലേക്കും നാശം വിതച്ച് ഒഴുകിയിറങ്ങിത്തുടങ്ങിയിട്ടുണ്ട്. പെരുമഴപെയ്യുന്ന സാഹചര്യത്തില്‍ പ്രദേശത്തെ താമസക്കാര്‍ ഭീതിയിലാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
കരൂര്‍ പഞ്ചായത്തിന്റെയും ഉഴവൂര്‍ പഞ്ചായത്തിന്റെയും ആസ്തി രജിസ്റ്ററിലുള്ള റോഡുകളും ഉഴവൂര്‍- കുടക്കച്ചിറ പാറമട ജങ്ക്ഷന് പൊതുമരാമത്തു റോഡും ടോറസ് ഗതാഗതം മൂലം തകര്‍ന്നുകിടക്കുകയാണ്. പാറമട ജങ്ഷനിലെ ഇറക്കവും വളവും മെറ്റല്‍ ഇളകി നശിച്ചപ്പോള്‍ പാറമടക്കാര്‍ കോണ്‍ക്രീറ്റു ചെയ്ത് കുഴിയടച്ചത് പായല്‍ പിടിച്ച് വഴുതിക്കിടക്കുന്നതിനാല് ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുകയാണ്.
ക്വാറിക്കു ചുറ്റും നിയമപരമായി ഉണ്ടായിരിക്കേണ്ട ഗ്രീന്‍ ബെല്‍റ്റ് പിടിപ്പിച്ചിട്ടില്ല. നിയമപരമായി സ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കുന്നതിനാവശ്യമായ സുരക്ഷിത സ്ഥലമോ, ലൈസന്‍സുള്ള ബ്ലാസ്റ്റ്മാനോ, 24 മണിക്കൂര്‍ സെക്യൂരിറ്റിയോ, ബ്ലാസ്റ്റ് മാനുമായി നിരന്തരം ആശയവിനിമയം നടത്തണമെന്ന നിബന്ധനയോ പാലിക്കപ്പെടുന്നില്ലന്നും നാട്ടുകാര്‍ പറയുന്നു.
മണ്‍സൂണ്‍ മഴയില്‍ തകര്‍ന്ന പി.ഡബ്ലു.ഡി റോഡിന്റെയും പഞ്ചായത്ത് റോഡിന്റെയും സ്ഥിതി കൂടുതല്‍ ഗുരുതരമായിക്കൊണ്ടിരിക്കുകയാണ്. 150 ലേറെ കുടുബങ്ങളുടെ ഏക കുടിവെള്ള സ്രോതസ്സായ പറയാനി ജലനിധിയുടെ ജലസംഭരണി ക്വാറി അതിര്‍ത്തിയില്‍ നിന്ന് വെറും 124 മീറ്റര്‍ മാത്രം ദൂരത്താണ്.
ഒരേ പാറയുടെ അടിത്തറയിലാണ് ജലസംഭരണിയുള്ളത്. 500 മീറ്ററിനുള്ളില്‍ ളാലം ബ്ലോക്കിന്റെ ചെക്ക് ഡാമും പറയാനി സര്‍ക്കാര്‍ എല്‍.പി. സ്കൂളും പ്രവര്‍ത്തിക്കുന്നു. അതിരാവിലെ 4.30 ന് ആരംഭിക്കുന്ന ക്വാറി ഖനനം രാത്രി 8 വരെ വിവിധ ഷിഫ്റ്റുകളിലായി നീളുകയാണന്നും നാട്ടുകാര്‍ പറഞ്ഞു. സ്ഫോടനങ്ങള്‍ 40 ഡിഗ്രിയിലേറെ ചരിവുള്ള കലാമുകുളം വ്യൂപോയിന്റും സമീപപ്രദേശങ്ങളെയും വിറപ്പിക്കുകയാണ്.
കനത്ത പൊടിപടലങ്ങളുയര്‍ത്തി നാട്ടുകാരുടെ ജീവിതവും കുട്ടികളുടെ പഠനവും രോഗികളായവരുടെ സ്വസ്ഥതയും കെടുത്തുകയാണ് പാറമടകള്‍. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ താഴ്വരയിലുള്ളവരും സമീപവാസികളും കടുത്ത മാനസിക ഭീതിയിലാണ്. 22 ഡിഗ്രിയിലേറ ചെരിവുള്ള പ്രദേശങ്ങള്‍ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സോയില്‍ പൈപ്പിംഗ് പ്രതിഭാസത്തിനും വിധേയമാവാന്‍ സാധ്യതയുണ്ടെന്ന ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പും അതിതീവ്ര മഴയും അവരെ ഭീതിയിലാഴ്ത്തുന്നു.
സെന്റ് തോമസ് മൗണ്ടിലാണ് മറ്റൊരു ഖനന കേന്ദ്രം. സെന്റ് ജോസഫ്സ് ഹൈസ്കൂള്‍, എല്‍.പി സ്കൂള്‍, കുടക്കച്ചിറ വലിയപള്ളി, രണ്ടു കുരിശു പള്ളികള്‍, നിരവധി വീടുകള്‍ 200 ഉപഭോക്താക്കളുള്ള കുടിവെള്ള പദ്ധതിയുടെ ജലസംഭരണി എന്നിവയുടെ എല്ലാം സമീപത്തായി ,2019ല്‍ ഉരുള്പൊട്ടലുണ്ടായിട്ടുള്ള സ്ഥലത്താണ് ഈ പാറമട.
225 മീറ്റര്‍ മാത്രം അകലത്തിലുള്ള ജലസംഭരണിക്കും വീടുകള്‍ക്കും പാറഖനന സ്ഫോടനം മൂലം വിള്ളലുകളും തകര്‍ച്ചയും സംഭവിച്ചിട്ടുണ്ടെന്ന കോട്ടയം ജില്ലാ ജലസേചന എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ സത്യവാങ്ങ്മൂലം ഹൈക്കോടതിയില്‍ സമര്പ്പിചിട്ടുള്ളതാണ്.
കൂവയ്ക്കല്‍ പാറമടയും ജനങ്ങള്‍ക്കു ഭീഷണിയാണ്. 600 ലേറെ കുട്ടികളും നൂറോളം അധ്യാപക അനധ്യാപകരും ഉള്ള വലവൂര്‍ ഐ.ഐ.ഐ.ടി.യുടെ കുറഞ്ഞ അകലത്തിലാണ് ഈ പാറമട. ഖനനവും പൊടിയും പ്രകമ്പനവും ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തെയും ബാധിച്ചു തുടങ്ങിയിരിക്കുന്നുവെന്ന് സ്ഥാപനത്തിന്റെ രജിസ്ട്രാര്‍ പരാതിപ്പെട്ടു.
കരൂര്‍ പഞ്ചായത്തിലെ ഒരേ മലയുടെ 40 ലേറെ ഡിഗ്രി ചരിവുള്ള സ്ഥലത്താണ് ഈ 3 മടകള്‍ക്കും പഞ്ചായത്ത് ലൈസന്‍സ് കൊടുത്തിരിക്കുന്നത്. ഇതിനെതിരേ കരൂര്‍ പഞ്ചായത്ത് പാറമടവിരുദ്ധ സംയുക്ത പരിസ്ഥിതി ആക്ഷന്‍ കൗണ്‍സില്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍ 18 ന് സര്‍വ്വകക്ഷി പ്രതിഷേധ യോഗവും ധര്‍ണയും കരൂര്‍ പഞ്ചായത്ത് പടിക്കല്‍ നടത്തിയിരുന്നു.
അതിനു പിന്നാലെ ഈ പ്രശ്നത്തിന്റെ സമഗ്ര പഠനത്തിന് പഞ്ചായത്ത് സബ്കമ്മിറ്റിയെ വച്ചെങ്കിലും ഒന്നും മുന്നോട്ടു പോയിട്ടില്ല. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ നിരോധിക്കണമെന്ന് ഗ്രാമവാസികള്‍ അധികൃതരോട് ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]