
ജൂലൈ 11ന് തിയേറ്ററുകളിലെത്തുന്ന സിനിമയാണ് കോലാഹലം. പ്രമോഷൻ മെറ്റീരിയലുകൾ കൊണ്ടുതന്നെ ശ്രദ്ധനേടിയ ചിത്രം അവതരിപ്പിക്കുന്നത് സംവിധായകൻ ലാൽ ജോസ് ആണ്.
നവാഗതനായ റഷീദ് പറമ്പിൽ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സിനിമ റിലീസിന് തയ്യാറെടുക്കുന്നതിനടെ ഈ സിനിമാ യാത്രയെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് സംസാരിക്കുകയാണ് റഷീദ്.
മികച്ച അഭിപ്രായവുമായി കോലാഹലം കോലാഹലം സിനിമയുടെ പ്രിവ്യൂ കണ്ടവരിൽ നിന്നെല്ലാം മികച്ച അഭിപ്രായമാണ് കിട്ടുന്നത്. അത് വളരെ സന്തോഷമുണ്ടാക്കുന്ന കാര്യമാണ്.
ഒരു മരണവീടും അവിടെ നടക്കുന്ന ചില കോലാഹലങ്ങളും ആണ് ഈ സിനിമയുടെ പ്രമേയം. ഒറ്റപ്പാലം വള്ളുവനാട് തുടങ്ങിയ ഇടങ്ങളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.
ഒരുകാലത്തെ ഗ്രാമീണ സിനിമകളുടെ സ്ഥിരം പശ്ചാത്തലമായിരുന്നു അവിടെല്ലാം. അത്തരത്തിൽ മിക്ക സിനിമകളിലും പ്രധാനമായിട്ട് വന്നിരുന്ന ലൊക്കേഷനുകളുടെ ഭാഗങ്ങൾ തന്നെയാണ് ഈ സിനിമയിലും നമ്മൾ എടുത്തിട്ടുള്ളത്.
അതുപോലെ അവിടത്തെ ആളുകളെ തന്നെയാണ് സിനിമയിൽ അധികവും അഭിനയിപ്പിച്ചിരിക്കുന്നത്. അതിൽ സാധാരണക്കാരും പ്രൊഫഷണൽ നടന്മാരുമെല്ലാം ഉണ്ട്.
പിന്നെ കോലാഹലം ജനങ്ങളിലേക്കെത്തിക്കുന്നത് ഒറ്റപ്പാലംക്കാരൻ തന്നെയായ ലാൽ ജോസ് സർ ആണ്. ലാൽ ജോസ് തരുന്ന പിന്തുണ സിനിമ എന്നു പറയുന്നത് ആർട്ട് എന്നതിനപ്പുറത്തേക്ക് ബിസിനസ് കൂടിയാണ്.
ഈ സിനിമയെ സംബന്ധിച്ചിടത്തോളം സംവിധായകനായ ഞാനും ഇതിൽ അഭിനയിച്ചിരിക്കുന്ന ആളുകളും എല്ലാം താരതമ്യേന പുതിയവരാണ്. എന്നാൽ ഈ സിനിമ കണ്ട
ലാൽ ജോസ് സാറിന് അതൊന്നുമൊരു വിഷയമല്ലാത്തത് കാരണവും അതിനകത്തുള്ള കണ്ടന്റും ഇഷ്ടപ്പെട്ടത് കാരണവും സിനിമ കൂടുതൽ പേരിലേക്ക് എത്തിക്കാം എന്ന ചിന്ത വന്നു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ പേരിൽ അത് പ്രസന്റ് ചെയ്യുക എന്നുള്ളതാണ് അദ്ദേഹത്തിന് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ സഹായം.
അതിന് അദ്ദേഹം തയ്യാറായി. സിനിമയുടെ ഫസ്റ്റ് കോപ്പി കാണിച്ച സമയത്ത് ആണ് അദ്ദേഹം അതിന് തയ്യാറായത്.
ഒരു കണ്ടന്റും ഇല്ലാത്ത സിനിമയ്ക്ക് അദ്ദേഹം ഇങ്ങനെയൊരു സഹായം ചെയ്യുമെന്ന് ഞങ്ങൾ കരുതുന്നില്ല. അതാണ് ഞങ്ങൾക്കീ സിനിമയിലുള്ള ഏറ്റവും വലിയ വിശ്വാസം.
പിന്നെ പ്രിവ്യൂ കഴിഞ്ഞപ്പോൾ നല്ല അഭിപ്രായങ്ങൾ കിട്ടി. പ്രതീക്ഷയില്ലാതെ വന്ന ലാൽജോസ് സിനിമയുടെ ഫസ്റ്റ് കോപ്പി കാണാൻ വേണ്ടി അദ്ദേഹം മിക്സിങ് സ്റ്റുഡിയോയിലേക്ക് വരുമ്പോൾ അദ്ദേഹത്തിന് വലിയ പ്രതീക്ഷയൊന്നും ഇല്ലായിരുന്നു എന്നാണ് മനസ്സിലാക്കിയത്.
എന്നാൽ സിനിമ കണ്ടതിനുശേഷം ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനെ കുറിച്ചാണ് അദ്ദേഹം ചിന്തിച്ചത്. നേരം, കിസ്മത് പോലുള്ള ചെറിയ ചെറിയ നല്ല സിനിമകൾ ഒക്കെ അദ്ദേഹത്തിന്റെ LJ ബാനറിലാണ് പുറത്തുവന്നിട്ടുള്ളത്.
ഇപ്പോ ആ കമ്പനി ഫ്രീസ് ചെയ്തിരിക്കുകയാണ്. നിലവിൽ അദ്ദേഹത്തിന് ചെയ്യാൻ പറ്റുന്നത് അദ്ദേഹത്തിന്റെ പേര് നമുക്ക് തരുക എന്നുള്ളതാണ്.
അതാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. ഇപ്പോൾ ആ സിനിമയുടെ പ്രധാനപ്പെട്ട
ഒരാളായി അദ്ദേഹം മാറി കഴിഞ്ഞു. ഞങ്ങളെക്കാൾ കൂടുതൽ ആവേശത്തിൽ ആ സിനിമയെ കുറിച്ച് സംസാരിക്കാൻ താൽപര്യപ്പെടുന്നത് ഇപ്പോൾ ആദ്ദേഹമാണ്.
പുതുമുഖങ്ങളുടെ കോലാഹലം കോലാഹലം എന്റെ രണ്ടാമത്തെ സിനിമയാണ്. പ്രൊഡക്ഷൻ പരിമിതികൾ ഉള്ളതുകൊണ്ടാണ് പുതുമുഖങ്ങൾ എന്ന ചിന്തയിലേക്ക് വരുന്നത്.
എന്നാൽ അതേസമയം തന്നെ നല്ല സിനിമയാണെങ്കിൽ ആളുകൾ ഏറ്റെടുക്കും എന്നുള്ള വിശ്വാസവുമുണ്ട്. പുതുമുഖങ്ങളെ വെച്ച് സിനിമ ചെയ്യുന്നത് റിസ്ക് തന്നെയാണ്.
സ്ഥാനാർത്ഥി ശ്രീക്കുട്ടൻ, മൂൺവാക്ക് പോലുള്ള സിനിമകൾക്ക് തിയേറ്ററിൽ നല്ല റെസ്പോൺസ് കിട്ടിയില്ലെങ്കിലും ഒടിടിയിൽ നല്ലപോലെ സ്വീകരിക്കപ്പെട്ടതാണ്. അതായത് ഇന്നത്തെ കാലത്ത് ചെറിയ ബഡ്ജറ്റിൽ എടുക്കുന്ന സിനിമകൾക്ക് തിയേറ്ററിനെ കൂടാതെ ഒടിടി യൂട്യൂബ് തുടങ്ങിയ ഓപ്ഷനുകളുണ്ട്.
ആ ഒരു ധൈര്യത്തിലാണ് നമ്മളും മുൻപോട്ട് പോകുന്നത്. എന്നാൽ ഇത്തരം ചെറിയ സിനിമകൾ തിയേറ്ററിൽ കണ്ടു തന്നെ ജനങ്ങൾ വിജയിപ്പിക്കുകയാണെങ്കിൽ അത് പുതുമുഖങ്ങളായ അഭിനേതാക്കൾ ടെക്നീഷ്യൻസ് തുടങ്ങി എല്ലാവർക്കും വലിയ പ്രതീക്ഷ ഉണ്ടാക്കും.
അതോടൊപ്പം പ്രൊഡക്ഷൻ കമ്പനികൾക്ക് പോലുമതൊരു ധൈര്യമാകും. ആദ്യ സിനിമയുടെ പാഠങ്ങൾ എന്റെ ആദ്യ സിനിമയും രണ്ടാമത്തെ സിനിമയും ചെറിയ ബഡ്ജറ്റിൽ ഉള്ള സിനിമകളാണ്.
അതിലുള്ള വലിയ സമാധാനം എന്താണെന്ന് വെച്ചാൽ ഇടപെടലുകൾ താരതമ്യേന വളരെയധികം കുറവായിരിക്കും എന്നതാണ്. എന്നാൽ സിനിമയുടെ ഫൈനൽ കോപ്പി ആയതിനു ശേഷമാണ് നമുക്ക് ബുദ്ധിമുട്ടുകൾ വരുക.
തീയറ്റർ, റിലീസ്, ഒ ടി ടി തുടങ്ങിയ എല്ലാത്തിലും ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരും. എനിക്കത് കൃത്യമായി മനസ്സിലാക്കി തന്നത് ആദ്യ സിനിമ ആയിട്ടുള്ള ഭഗവാൻ ദാസന്റെ രാമരാജ്യം ഇറങ്ങിയപ്പോഴാണ്.
ആ സിനിമക്ക് വേണ്ടി അത്രമാത്രം ഓടി നടന്നിട്ടുണ്ട്. ഫെസ്റ്റിവൽ വേദികളിലെ സ്വീകാര്യത ഫെസ്റ്റിവൽ വേദികളിൽ എല്ലാം കോലാഹലം സിനിമയ്ക്ക് നല്ല സ്വീകാര്യത കിട്ടിയിട്ടുണ്ട്.
ലാൽ ജോസ് സാറിന്റെ നിർദ്ദേശം അനുസരിച്ച് തന്നെയാണ് ഞങ്ങൾ അങ്ങനെ ഫെസ്റ്റിവൽസിലേക്കെല്ലാം സിനിമ എത്തിച്ചത്.ഫെസ്റ്റിവലുകളിൽ നിരവധി അവാർഡുകളും കോലാഹലത്തിന് നേടാൻ കഴിഞ്ഞു. പരമാവധി ഫെസ്റ്റിവലുകൾക്ക് അയച്ചതിനു ശേഷം മാത്രം തീയറ്ററിൽ സിനിമ റിലീസ് ചെയ്താൽ മതി എന്നാണ് അദ്ദേഹം പറഞ്ഞത്.
അത്തരത്തിൽ കുറെ ഫെസ്റ്റിവലിന് അയച്ചു, അവിടെ നിന്നെല്ലാം കോലാഹലത്തിന് കിട്ടിയ സ്വീകാര്യത കണ്ടപ്പോഴാണ് ഈ സിനിമയ്ക്ക് ഇത്തരത്തിൽ ഒരു സാധ്യത കൂടി ഉണ്ടെന്ന് ഞങ്ങൾ മനസ്സിലാക്കിയത്. സിനിമ റിലീസിനെത്തുമ്പോൾ ഇതുവരെ കാണിച്ച പ്രിവ്യൂ ഷോ കണ്ട
പ്രേക്ഷകരും മറ്റു സംവിധായകനും ടെക്നീഷ്യൻസും ഒക്കെ പറഞ്ഞ അഭിപ്രായത്തിന്റെ പുറത്താണ് ഞങ്ങളുടെയിപ്പോഴത്തെ പ്രതീക്ഷ. അവരൊക്കെ പറഞ്ഞ അഭിപ്രായങ്ങൾ തന്നെയായിരിക്കും സിനിമ കാണാൻ വരുന്ന ഇനിയുള്ള പ്രേക്ഷകർ കൂടി പറയുക എന്നാണ് കരുതുന്നത്.
അങ്ങനെ സംഭവിക്കട്ടെ എന്നാഗ്രഹിക്കുന്നു. എന്നാൽ പ്രൊമോഷണൽ ഗിമ്മിക്കുകളിലൊന്നും വിശ്വാസമില്ല.
ഒരു ചെറിയ സിനിമയെ അതുപോലെ ഹെവി പ്രൊമോഷൻ ഗിമ്മിക്കുകൾ കൊടുത്ത ആളെ കുത്തി കയറ്റേണ്ട എന്നാണ് ഞാൻ വിചാരിക്കുന്നത്.
ഇല്ലിത്തള്ള സിനിമയാകുമോ? ഇല്ലിത്തള്ള എന്റെ ശ്രദ്ധിക്കപ്പെട്ട ഒരു ഷോർട്ട് ഫിലിമാണ്.
ആ വർക്ക് കണ്ടിട്ടാണ് മലയാളത്തിലെ പ്രശസ്തമായ ഒരു പ്രൊഡക്ഷൻ കമ്പനി എന്നെ വിളിച്ച് ഇല്ലിത്തള്ള പോലെയൊരു പ്രോജക്ടിന് വേണ്ടി സംസാരിച്ചിരുന്നു. ഏതാണ്ട് ഒന്നരവർഷത്തോളം ഞാനാ വർക്കിന് വേണ്ടി നടന്നിരുന്നു.
പക്ഷെ സിനിമ നടക്കാൻ ആയപ്പോഴേക്കും കോവിഡ് ഒക്കെ വന്നത് മുടങ്ങിപ്പോയി. ഇപ്പോഴും ആ വർക്കിന് ഒരു സാധ്യത മുൻപിലുണ്ട്.
എനിക്കിഷ്ടപ്പെട്ട ജോണർ ഹൊറർ തന്നെയാണ്.
എന്റെ കൈയിൽ അത്തരത്തിൽ ഉള്ള സ്ക്രിപ്റ്റുകൾ ഉണ്ട്. വിചാരിക്കുന്ന പോലെ കാര്യങ്ങൾ നടക്കുകയാണെങ്കിൽ ഇനി ഞാൻ ചെയ്യാൻ പോകുന്നത് ഹൊറർ മൂവി ആയിരിക്കും.
അതിജീവനം ആഡ് ഫിലിംസ് ചെയ്യുന്നുണ്ട്. അതോടൊപ്പം പോസ്റ്റർ ഒക്കെ ഡിസൈൻ ചെയുന്ന ഡിസൈനർ ആണ്.
സിനിമയുടെ പുറകെ നടന്ന സാമ്പത്തിക പ്രശ്നം ഉണ്ടാകുമെന്ന് വീട്ടിൽ അറിഞ്ഞു കഴിഞ്ഞാൽ സിനിമ മുൻപോട്ട് കൊണ്ടുപോകുന്നത് പ്രശ്നമായി പോകും. അതുകൊണ്ട് എല്ലാത്തിനെയും ബാലൻസ് ചെയ്താണ് മുന്നോട്ടുപോകുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]