
ദില്ലി: എംഎൽഎ ഹോസ്റ്റലിൽ നിന്ന് വിതരണം ചെയ്ത ഭക്ഷണത്തിന് നിലവാരമില്ലെന്ന് ആരോപിച്ച് കാന്റീൻ ഓപ്പറേറ്റർക്ക് എംഎൽഎയുടെ മർദ്ദനം. ശിവസേന എംഎൽഎ സഞ്ജയ് ഗെയ്ക്വാദ് ആണ് കാന്റീൻ നടത്തിപ്പുകാരനെ ആക്രമിച്ചത്.
മുംബൈയിലെ അകാശ്വാനി എംഎൽഎ റസിഡൻസിയിലെ കാന്റീനിലാണ് സംഭവം. ഹോസ്റ്റലിൽ വിതരണം ചെയ്ത പരിപ്പ്കറിക്ക് നിലവാരം ഇല്ലെന്ന് പറഞ്ഞാണ് എംഎൽഎ പ്രശ്നം തുടങ്ങിയത്.
ഭക്ഷണത്തിന് ഗുണനിലവാരം പോരെന്നും, കാന്റീനിലെ പരിപ്പുകറി കഴിച്ചതിന് പിന്നാലെ തനിക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായതായും എംഎൽഎ പരാതിപ്പെട്ടു. ‘ഭക്ഷണം, പ്രത്യേകിച്ച് പരിപ്പ്, ഗുണനിലവാരം ഇല്ലാത്തതായിരുന്നുവെന്നും കഴിച്ച ഉടനെ തന്നെ അസ്വസ്ഥത അനുഭവപ്പെട്ടെ’ന്നുമാണ് ഗെയ്ക്വാദ് പറയുന്നത്.
ഭക്ഷണം പോരെന്നും പരിപ്പിന് ഗുണ നിലവാരമില്ലെന്നും പറഞ്ഞ് എംഎൽഎ കാന്റീൻ നടത്തിപ്പുകാരനെ ചോദ്യം ചെയ്യുകയായിരുന്നു. പരിപ്പ് പായ്ക്കറ്റ് മുഖത്തിന് നേരെ നീട്ടി മണത്ത് നോക്കാൻ പറയുന്നതും വീഡിയോയിൽ കാണാം.
പിന്നാലെ സഞ്ജയ് ഗെയ്ക്വാദ് കാന്റീൻ ജീവനക്കാരന്റെ മുഖത്ത് ആഞ്ഞിടിക്കുകയായിരുന്നു. അടിയേറ്റ് ജീവനക്കാരൻ നിലത്ത് വീണു.
എഴുനേറ്റ ഇയാളെ എംഎംഎൽ വീണ്ടും മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ‘ഞാൻ എന്റെ രീതിയിൽ, ശിവ സേനയുടെ രീതിയിൽ’ പാഠം പഠിപ്പിച്ചു എന്ന് സഞ്ജയ് ഗെയ്ക്വാദ് മർദ്ദനത്തിന് ശേഷം പറയുന്നതും പുറത്ത് വന്ന വീഡിയോയിൽ ഉണ്ട്.
വീഡിയോ വൈറലായതോടെ എംഎൽഎക്കെതിരെ വിമർശനം ഉയർന്നു. ഭക്ഷണം മോശമാണെങ്കിൽ അത് പറഞ്ഞ് തിരുത്തുകയോ, നിയമനടപടി സ്വീകരിക്കുകയോ ചെയ്യാം, എങ്ങനെയാണ് ഒരാളെ ക്രൂരമായി മർദ്ദിക്കാൻ പറ്റുന്നതെന്നാണ് വിമർശനം.
എന്നാൽ തനിക്ക് വിളമ്പിയ ഭക്ഷണം മോശം ഗുണനിലവാരമുള്ളതാണെന്നും നിയമസഭാ സമ്മേളനത്തിൽ ഈ വിഷയം ഉന്നയിക്കുമെന്നും എംഎൽഎ പറഞ്ഞു. ബുൽദാനയിൽ നിന്ന് രണ്ട് തവണ എംഎൽഎയായ ഗെയ്ക്വാദ് ശിവസേന എക്നാഥ് ഷിൻഡെ വിഭാഗം നേതാവാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]