മറ്റൊരു യുവാവുമായി ബന്ധമെന്ന് സംശയം; ‘ബസ്സിൽനിന്നിറങ്ങി ബൈക്കിൽ പോയി’: കലഹത്തിനൊടുവിൽ കൊല
തൃശൂർ∙ വരന്തരപ്പിള്ളിയിൽ ഭാര്യയെ ഭര്ത്താവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത് ഭാര്യയ്ക്ക് മറ്റൊരു യുവാവുമായി സൗഹൃദമുണ്ടെന്ന സംശയത്തെ തുടർന്ന്. വേലൂപ്പാടം വെട്ടിങ്ങപ്പാടം പാറയ്ക്ക ഗംഗാധരന്റെയും ഷീലയുടെയും മകളായ ദിവ്യ(36) യാണ് കൊല്ലപ്പെട്ടത്.
ഭർത്താവ് കണ്ണാറ കരടിയള തെങ്ങനാൽ കുഞ്ഞുമോൻ (45) പൊലീസ് പിടിയിലായി.
ദിവ്യ ജോലിയ്ക്കായി പോകുന്ന സമയത്ത് കുഞ്ഞുമോൻ ദിവ്യയെ പിന്തുടർന്നു.
ബസിൽ പോകുന്നതിനിടെ വഴിമധ്യേ ഇറങ്ങിയ ദിവ്യ പിന്നീട് ഒരു ബൈക്കിൽ കയറി പോകുന്നത് കണ്ടതായി കുഞ്ഞുമോൻ പൊലീസിനോട് പറഞ്ഞു. ഇതേ തുടർന്നു തലേദിവസം വീട്ടിൽ കലഹമുണ്ടായി.
തുടർന്നായിരുന്നു കൊലപാതകം. പ്രതി നിലവിൽ പൊലീസിന്റെ കസ്റ്റഡിയിലാണ്.
ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്. പൊലീസ് സ്റ്റേഷനു സമീപം വാടകയ്ക്കു താമസിക്കുകയായിരുന്നു ദമ്പതികൾ.
ഭാര്യ മരിച്ചതു പനിയും അലർജിയും ശ്വാസംമുട്ടലും പിടിപെട്ടതുമൂലമാണെന്നാണു കുഞ്ഞുമോൻ ബന്ധുക്കളെയും നാട്ടുകാരെയും വിശ്വസിപ്പിച്ചത്. എന്നാൽ, ദിവ്യയുടെ മുഖത്തും കഴുത്തിലും കണ്ടെത്തിയ പാടുകൾ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയതാണെന്ന സൂചനയിലേക്കെത്തിക്കുകയായിരുന്നു. ദിവ്യയെ ശനിയാഴ്ച വൈകിട്ടു നാലോടെയാണു മരിച്ച നിലയിൽ കണ്ടെത്തിയത്.
ആദ്യം ആർക്കും സംശയമുണ്ടായിരുന്നില്ലെങ്കിലും ശരീരത്തിലെ പാടുകൾ ദുരൂഹമെന്നു പൊലീസ് കണ്ടെത്തി. പിന്നീട് ദിവ്യയുടെ ബന്ധുക്കളും പരാതിയുമായെത്തി.
കുഞ്ഞുമോനും ദിവ്യയ്ക്കും 11 വയസ്സുള്ള മകനുണ്ട്. ചോദ്യം ചെയ്യലിനിടെ കുഞ്ഞുമോൻ കഥകൾ മാറ്റിപ്പറഞ്ഞെങ്കിലും ഒടുവിൽ കുറ്റസമ്മതം നടത്തിയെന്നാണു വിവരം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]