
ഷൈൻ ടോം ചാക്കോയുടെ പിതാവിന്റെ സംസ്കാരം ഇന്ന്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൃശൂർ ∙ തമിഴ്നാട്ടിലെ ധർമപുരിയിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ നടൻ ഇന്നു ശസ്ത്രക്രിയയ്ക്കു വിധേയനാക്കും. ഇടതു തോളിനു പരുക്കേറ്റ ഷൈനും ഇടുപ്പെല്ലിനു ഗുരുതര പരുക്കേറ്റ അമ്മ മരിയ കാർമലും (68) സൺ ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്. അപകടത്തിൽ ഷൈനിന്റെ പിതാവ് സി.പി. ചാക്കോ (73) മരിച്ചിരുന്നു.
ചാക്കോയുടെ സംസ്കാരം ഇന്നു രാവിലെ 10.30ന് മുണ്ടൂർ കർമല മാതാ പള്ളിയിൽ നടക്കും. സംസ്കാരച്ചടങ്ങുകൾക്കായി ഷൈനിനെ ഇന്നു രാവിലെ ആശുപത്രിയിൽ നിന്നു മുണ്ടൂരിലെത്തിക്കും. തുടർന്ന് മടങ്ങിയ ശേഷമായിരിക്കും ശസ്ത്രക്രിയ. അമ്മ മരിയയെ റൂമിലേക്കു മാറ്റിയെങ്കിലും ഭർത്താവ് ചാക്കോയുടെ വിയോഗ വാർത്ത അറിയിച്ചിട്ടില്ല. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്നാണു സൂചിപ്പിച്ചിരിക്കുന്നത്. അമ്മയെ ഇന്നു രാവിലെ വിവരമറിയിച്ച് സംസ്കാരച്ചടങ്ങിന് എത്തിക്കാനാണ് കുടുംബം ആലോചിക്കുന്നത്. ഷൈനിന്റെ ഇടതു തോളിനു താഴെ മൂന്ന് പൊട്ടലുണ്ട്.
നട്ടെല്ലിനും നേരിയ പൊട്ടലുണ്ട്. എങ്കിലും ആരോഗ്യവാനാണ്. ശസ്ത്രക്രിയയ്ക്കു ശേഷം മൂന്ന് ദിവസത്തിനുള്ളിൽ ആശുപത്രി വിടാമെങ്കിലും ആറാഴ്ചത്തെ വിശ്രമം വേണ്ടിവരും. അമ്മ മരിയയ്ക്ക് ഇടുപ്പെല്ലിനാണ് ഗുരുതര പരുക്കും സ്ഥാനചലനവും. തലയ്ക്കും ക്ഷതമേറ്റിട്ടുണ്ട്. എന്നാൽ ആരോഗ്യസ്ഥിതിയിൽ ആശങ്ക വേണ്ടെന്നാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്. മരിയയ്ക്കു രണ്ടു മാസത്തെ പൂർണ വിശ്രമം വേണ്ടിവരുമെന്നാണ് ഡോക്ടർമാരുടെ നിഗമനം. ചാക്കോയുടെ മൃതദേഹം തൃശൂരിലെ ജൂബിലി മിഷൻ ആശുപത്രിയിൽ നിന്ന് ഇന്നലെ വൈകിട്ട് മുണ്ടൂരിലെ വീട്ടിൽ പൊതുദർശനത്തിനെത്തിച്ചു.
ഷൈനിന്റെ സഹോദരിമാരായ സുമിയും റിയയും ന്യൂസിലൻഡിൽ നിന്നെത്തിയിട്ടുണ്ട്. ബെംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെ വെള്ളി രാവിലെ ആറോടെയാണ് ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ചിരുന്ന കാർ ധർമപുരിക്കു സമീപം നല്ലംപള്ളിയിൽ അപകടത്തിൽപെട്ടത്. ഷൈനിനൊപ്പം പിതാവ് ചാക്കോ, അമ്മ മരിയ, സഹോദരൻ ജോ ജോൺ (39), ഡ്രൈവർ അനീഷ് (42) എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. പിതാവിനെ ധർമപുരി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പെട്ടെന്നു ട്രാക്ക് മാറിയെത്തിയ ലോറിയുടെ പിന്നിൽ കാറിടിക്കുകയായിരുന്നെന്നാണ് ഡ്രൈവറുടെ മൊഴി.
ചികിത്സയിൽ കഴിയുന്ന ഷൈനിനെ കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി സുരേഷ് ഗോപി, നടന്മാരായ ടൊവിനോ തോമസ്, സൗബിൻ, കുഞ്ചാക്കോ ബോബൻ, സംവിധായകൻ ആഷിക് അബു തുടങ്ങിയവർ ആശുപത്രിയിലെത്തി സന്ദർശിച്ചു.