
കണ്ണൂർ : കണ്ണൂരിൽ വാഹന പരിശോധനക്കിടെ എക്സൈസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയ കേസിലെ അന്വേഷണം ചെന്നെത്തിയത് വൻ മയക്കുമരുന്ന് വേട്ടയിൽ. 685 ഗ്രാം എംഡിഎംഎയുമായി ദമ്പത്തികൾ ഉൾപ്പെടെ നാല് പേർ പിടിയിലായി. എക്സൈസ് ജീവനക്കാരെ അപായപ്പെടുത്താൻ ശ്രമിച്ച കാർ ഡ്രൈവർ യാസർ അരാഫത്തിനെ ചോദ്യം ചെയ്തതിൽ നിന്നാണ് വൻ മയക്കുമരുന്ന് സംഘം വലയിലായത്.
പുളിക്കൽ സ്വദേശി ഷഫീക്, ഭാര്യ സൗദ, അഫ്നാൻ, ഷാഹിദ് എന്നിവരാണ് അറസ്റ്റിലായത്. ലക്ഷങ്ങൾ വിലവരുന്ന മയക്കുമരുന്നാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. വടക്കൻ കേരളത്തിൽ എക്സൈസിന്റെ വലിയ മയക്കുമരുന്ന് വേട്ടകളിലൊന്നാണിത്.
കൂട്ടുപുഴ സംഭവത്തിലെ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിച്ചത്. വെള്ളിയാഴ്ചയാണ് ചെക്പോസ്റ്റിൽ വാഹന പരിശോധനക്കിടെ ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടു പോയത്. കർണാടക ഭാഗത്ത് നിന്ന് ഒരു കാർ എത്തി. ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥർ കാർ തടഞ്ഞ് പരിശോധിച്ചു തുടങ്ങി.ഡ്രൈവർ മാത്രമായിരുന്നു വണ്ടിയിലുണ്ടായിരുന്നത്. ഒരു ഉദ്യോഗസ്ഥൻ മുൻസീറ്റിലും ഒരാൾ പിൻസീറ്റിലും കയറി പരിശോധിക്കുന്നതിനിടെയായിരുന്നു നാടകീയ നീക്കം. മുന്നിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെ തളളിപ്പുറത്തേക്കിട്ട് കാർ അതിവേഗം ഓടിച്ചുപോയി. പിൻസീറ്റിലുണ്ടായിരുന്ന ഓഫീസറെയും കൊണ്ട് അതിവേഗത്തിൽ പാഞ്ഞ കാർ ഒടുവിൽ മൂന്ന് കിലോമീറ്റർ അകലെ കിളിയന്തറയിൽ നിർത്തി ഉദ്യോഗസ്ഥനെ ഇറക്കിവിട്ടു.
എക്സൈസും പൊലീസും പിന്നാലെ പോയെങ്കിലും കാർ കണ്ടെത്താനായില്ല. പിന്നീട് കാർ ഓടിച്ചുപോയത് മലപ്പുറം ഭാഗത്തേക്കെന്ന് കണ്ടെത്തി. എക്സൈസ് ഇൻസ്പെക്ടർ മുഹമ്മദ് ഷഫീഖിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതി പിടിയിലായി. ബേപ്പൂർ സ്വദേശി യാസർ അറാഫത്തായിരുന്നു പ്രതി. മഞ്ചേരിയിൽ വെച്ചാണ് പ്രതിയെ പിടികൂടിയത്. കാർ പിന്നീട് കോഴിക്കോട് നിന്നും കണ്ടെത്തി.ബെംഗളൂരു കേന്ദ്രീകരിച്ചുളള മയക്കുമരുന്ന് സംഘത്തിലെ കണ്ണിയാണ് ഇയാളെന്ന് വ്യക്തമായി.അങ്ങനെയാണ് എക്സൈസും പൊലീസും ചേർന്ന് സംഘത്തെ വലയിലാക്കിയത്.കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിൽപ്പനക്കായാണ് മയക്കുമരുന്ന് എത്തിച്ചത്.
Last Updated Jun 9, 2024, 10:00 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]