
റിലീസ് ചെയ്ത് വർഷങ്ങൾ കഴിഞ്ഞാലും ഇന്നും ടിവിയിൽ വരുമ്പോൾ ആവർത്തിച്ചു കാണുന്ന സിനിമകൾ ഉണ്ട്. അവയിലെ കഥാപാത്രങ്ങളും സന്ദർഭങ്ങളും എന്തിനേറെ ഡയലോഗുകൾ വരെ പ്രേക്ഷകർക്ക് മനഃപ്പാഠം ആയിരിക്കും. അത്തരത്തിൽ ഒട്ടനവധി സിനിമകൾ മലയാളത്തിലും ഉണ്ട്. അതിൽ പ്രധാനപ്പെട്ട ചിത്രമാണ് മണിച്ചിത്രത്താഴ്. സിനിമ വീണ്ടും റീ റിലീസിന് ഒരുങ്ങുന്നുവെന്ന വാർത്ത ഏതാനും നാളുകൾക്ക് മുൻപ് പുറത്തുവന്നിരുന്നു.
പുത്തൻ സാങ്കേതികവിദ്യയിൽ ഫോർകെ അറ്റ്മോസിൽ ആണ് മണിച്ചിത്രത്താഴ് വീണ്ടും എത്താൻ ഒരുങ്ങുന്നത്. ഇപ്പോഴിതാ റിലീസ് സംബന്ധിച്ച അപ്ഡേറ്റുകളാണ് പുറത്തുവരുന്നത്. ചിത്രം 2024 ജൂലൈ 12ന് റീ റിലീസ് ചെയ്യുമെന്നാണ് അനൗദ്യോഗിക വിവരം. എന്നാൽ ഓഗസ്റ്റ് 17ന് റിലീസ് ചെയ്യുമെന്നും ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇക്കാര്യത്തിൽ ഔദ്യോഗിക വിവരത്തിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികളും മോഹൻലാൽ, സുരേഷ് ഗോപി ഫാൻസും.
1993ൽ ഫാസിലിന്റെ സംവിധാനത്തിൽ ആയിരുന്നു മണിച്ചിത്രത്താഴ് റിലീസ് ചെയ്തത്. മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നായ ചിത്രത്തിൽ മോഹൻലാൽ, സുരേഷ് ഗോപി, തിലകൻ, നെടുമുടി വേണു, ഇന്നസെന്റ്, സുധീഷ, കെപിഎസി ലളിത തുടങ്ങിയവർ കസറിയപ്പോൾ ഗംഗ, നാഗവല്ലി എന്നീ കഥാപാത്രങ്ങളായി എത്തി ശോഭന പ്രകടനത്തിൽ അമ്പരപ്പിച്ചിരുന്നു. മലയാളത്തിലെ വൻ ഹിറ്റിന് പിന്നാലെ മണിച്ചിത്രത്താഴ് ഇതര ഭാഷകളിലും റീമേക്ക് ചെയ്തിരുന്നു. എന്നാൽ മണിച്ചിത്രത്താഴിനോളം ആ സിനിമകൾക്ക് ശോഭിക്കാൻ സാധിച്ചിരുന്നില്ല എന്നതാണ് വാസ്തവം.
നേരത്തെ കേരളീയം 2023നോട് അനുബന്ധിച്ച് മണിച്ചിത്രത്താഴ് തിയറ്ററുകളിൽ റിലീസ് ചെയ്തിരുന്നു. ഇന്നത്തെ തലമുറയ്ക്ക് തിയറ്റർ എക്സ്പീരിയൻസ് മിസ്സായി ചിത്രം കാണാൻ ഒട്ടനവധി പേരാണ് തലസ്ഥാന നഗരിയിലെ തിയറ്ററുകളിൽ തടിച്ചു കൂടിയത്. പിന്നാലെ എക്സ്ട്രാ ഷോകളും സംഘടിപ്പിച്ചിരുന്നു. നേരത്തെ മോഹൻലാലിന്റെ മറ്റൊരു സൂപ്പർ ഹിറ്റ് ചിത്രമായ സ്ഫടികവും റീ റിലീസ് ചെയ്തിരുന്നു. അതും ഫോർ കെ മികവിൽ ആയിരുന്നു.
Last Updated Jun 8, 2024, 7:13 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]