
ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ അമേരിക്കന്‍ താരമായ ഇന്ത്യന്‍ വംശജന് നിതീഷ് കുമാറാണിപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാവുന്നത്. പതിനാറാം വയസ്സില്‍ ലോകകപ്പ് ക്രിക്കറ്റ് മത്സരം കളിക്കുകയെന്നത് ഏതൊരു കളിക്കാരനെയും സംബന്ധിച്ചിടത്തോളം അഭിമാനകരമായ കാര്യമാണ്. അത്തരത്തില്‍ ലോകകപ്പ് കളിച്ച ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരില്‍ ഒരാളാണ് ഇന്ത്യന്‍ വംശജനായ നിതീഷ് കുമാര്‍. ഇപ്പോഴിതാ തന്റെ 30ാം വയസ്സില്‍ താരം രണ്ടാമതൊരു രാജ്യത്തിന് വേണ്ടി കൂടി ലോകകപ്പ് കളിക്കുന്നു. മുമ്പ് കളിച്ചത് കാനഡയ്ക്ക് വേണ്ടിയാണെങ്കില്‍ നിലവില്‍ യുഎസിന് വേണ്ടി.
അമേരിക്കയിലേക്ക് കൂടുമാറാനുണ്ടായ കാരണത്തെ കുറിച്ച് സംസാരിക്കുകയാണിപ്പോള്‍ നിതീഷ്. താരത്തിന്റെ വാക്കുകള്‍… ”കോവിഡ് കാലത്ത് ഏറ്റവും കൂടുതല്‍ സമയം ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ സ്ഥലങ്ങളില്‍ ഒന്നായിരുന്നു ടൊറന്റോ. ക്രിക്കറ്റിനെക്കുറിച്ച് അപ്പോള്‍ ചിന്തിക്കാന്‍ പോലും സാധിക്കില്ലായിരുന്നു. എന്നാല്‍ കളിക്കണമെന്ന ആഗ്രഹം എപ്പോഴും എന്റെ മനസ്സിലുണ്ടായിരുന്നു. എനിക്ക് കാത്തിരിക്കാന്‍ വയ്യായിരുന്നു. ക്രിക്കറ്റ് കളിക്കാന്‍ അത്രയ്ക്ക് ആഗ്രഹമായിരുന്നു. അങ്ങനെയാണ് 26ാം വയസ്സില്‍ അമേരിക്കയിലെത്തുന്നത്.” നിതീഷ് പറഞ്ഞു.
2009 മുതല്‍ 2013 വരെ കാനഡയില്‍ നിതീഷ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. 2015 മുതല്‍ 2017 വരെ യുകെയില്‍ എംസിസി യൂണിവേഴ്സിറ്റിക്ക് വേണ്ടിയും കളിച്ചു. കാനഡയ്ക്ക് വേണ്ടി 2010ലായിരുന്നു താരത്തിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ അരങ്ങേറ്റം. 16 ഏകദിനങ്ങളും 18 ടി20കളും കളിച്ചു. കാനഡയ്ക്കായി 2019ലാണ് അവസാനമായി പാഡണിഞ്ഞത്.
2024 ഏപ്രിലില്‍ അമേരിക്കയ്ക്ക് വേണ്ടി നിതീഷ് ആദ്യമായി കളിച്ചപ്പോള്‍ തന്റെ മുന്‍ ടീമായ കാനഡയായിരുന്നു എതിരാളികള്‍ എന്നത് രസകരമായ കാര്യമാണ്. മത്സരത്തില്‍ 64 റണ്‍സ് നേടിയ നിതീഷ് പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്കാരവും സ്വന്തമാക്കി. വെസ്റ്റിന്‍ഡീസിലെ പ്രാദേശിക ലിസ്റ്റ് എ ക്രിക്കറ്റിലും താരം കളിച്ചിട്ടുണ്ട്. 2016ലെ സിപിഎല്ലില്‍ സെന്റ് ലൂസിയ സൗക്ക്സിന് വേണ്ടിയും കളിച്ചു.
കാനഡയിലും യു കെയിലും അമേരിക്കയിലുമൊക്കെയാണ് ജീവിച്ചതെങ്കിലും ഇപ്പോഴും തന്റെ കുടുംബം ഇന്ത്യന്‍ വേരുകള്‍ നിലനിര്‍ത്തുന്നവര്‍ തന്നെയാണെന്നും നിതീഷ് കൂട്ടിച്ചേര്‍ത്തു.
Last Updated Jun 8, 2024, 8:55 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]