
ഇസ്ലാമാബാദ്: അതിർത്തിയിലെ സംഘർഷം തുടരുന്നതിനിടെ പാകിസ്ഥാൻ സൈന്യത്തിന്റെ തലപ്പത്തും മാറ്റമുണ്ടാകുമെന്ന് റിപ്പോർട്ടുകൾ. പാക് സൈന്യത്തിൽ ഭിന്നതയുണ്ടെന്നും നിലവിലെ സൈനിക മേധാവി അസിം മുനീറിന് പകരം പാക്കിസ്ഥാന്റെ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റിയുടെ ചെയർമാൻ ജനറൽ സാഹിർ ഷംഷദ് മിർസ എത്തുമെന്നും അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ സൈനിക മേധാവി അസിം മുനീർ ബങ്കറിലൊളിച്ചെന്നും, കസ്റ്റഡിയിലെടുത്ത് അജ്ഞാത കേന്ദ്രത്തിലേക്കു മാറ്റിയെന്നുമടക്കം വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാക് സൈന്യത്തിന്റെ തലപ്പത്ത് മാറ്റമുണ്ടാകുമെന്നും ജനറൽ സാഹിർ ഷംഷദ് മിർസ പുതിയ മേധാവിയാകുമെന്ന അഭ്യൂഹങ്ങൾ ശക്തമായത്.
റാവൽപിണ്ടി നോർത്തേൺ കമാൻഡിന്റെ കമാൻഡറായിരുന്നു മിർസ 2022ലാണ് സ്ഥാന്റെ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റി (സിജെസിഎസ്സി) ചെയർമാനായി ചുമതലയേൽക്കുന്നത്. നിലവിൽ പാകിസ്താൻ സൈന്യത്തിലെ രണ്ടാമൻ എന്നറിയപ്പെടുന്ന മിർസ സൈന്യത്തിലെ ഏറ്റവും ശക്തനായ വ്യക്തികളിൽ ഒരാളാണ്. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ചക്വാൾ ജില്ലയിലെ മുൽഹൽ മുഗ്ലാനിലായിണ് സാഹിർ ഷംഷാദ് മിർസയുടെ ജനനം. ഷംഷാദ് മിർസയാണ് പിതാവ്. പാകിസ്താൻ മിലിട്ടറി അക്കാദമി, ക്വറ്റയിലെ കമാൻഡ് ആൻഡ് സ്റ്റാഫ് കോളേജ്, പാകിസ്താനിലെ നാഷണൽ ഡിഫൻസ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലായിരുന്നു മിർസയുടെ സൈനിക പഠനം. ബ്രിട്ടനിലെ ക്രാൻഫീൽഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഗ്ലോബൽ സെക്യൂരിറ്റിയിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
1987 സെപ്റ്റംബറിൽ പാകിസ്ഥാൻ സൈനിക അക്കാദമി കോഴ്സ് പൂർത്തിയാക്കിയ ശേഷം പാകിസ്ഥാൻ ആർമിയുടെ സിന്ധ് റെജിമെൻന്റ് എട്ടിലാണ് മിർസ ജോലിയിൽ പ്രവേശിക്കുന്നത്. കഴിഞ്ഞ ഏഴ് വർഷത്തിനിടെ ജനറൽ സാഹിർ ഷംഷാദ് മിർസയുടെ വളർച്ച വളരെ പെട്ടെന്നായിരുന്നു. മുൻ സൈനിക മേധാവിയായിരുന്ന റഹീൽ ഷെരീഫിന്റെ സേവന കാലയളവിന്റെ അവസാന വർഷങ്ങളിൽ മിലിട്ടറി ഓപ്പറേഷൻസിന്റെ ഡയറക്ടർ ജനറലായി സാഹിർ ഷംഷാദ് മിർസയെ നിയോഗിച്ചു. ഇതോടെയാണ് മിർസ ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുന്നത്. 2021-ൽ ചൈനീസ് വിദേശകാര്യ മന്ത്രിയുമായുള്ള ചർച്ചകളിൽ മുൻ വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷിക്കൊപ്പം മിർസ പങ്കെടുത്തിരുന്നു. 2021 ഒക്ടോബറിൽ, പ്രവർത്തന പരിചയം നേടുന്നതിനും ഉന്നത തസ്തികകളിലേക്ക് പരിഗണിക്കപ്പെടാൻ യോഗ്യനാകുന്നതിനും വേണ്ടി റാവൽപിണ്ടിയിൽ കോർപ്സ് കമാൻഡറായി മിർസയെ നിയമിച്ചു.
ത്രീ-സ്റ്റാർ റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചതിന് പിന്നാലെ മിർസയെ ചീഫ് ഓഫ് ജനറൽ സ്റ്റാഫായി ഉയർത്തി. ഇതോടെ ചീഫ് ഓഫ് ആർമി സ്റ്റാഫിന് ശേഷം സൈന്യത്തിലെ ഏറ്റവും ശക്തനായ രണ്ടാമത്തെ വ്യക്തിയായി മിർസ മാറി. ദേശീയ സുരക്ഷയും വിദേശകാര്യങ്ങളുമായി ബന്ധപ്പെട്ട നിർണായക തീരുമാനങ്ങൾ എടുക്കുന്നതിൽ ഇതോടെ മിർസയ്ക്ക് നിർണ്ണായക റോൾ ലഭിച്ചിരുന്നു. പാകിസ്ഥാൻ, ചൈന, അഫ്ഗാനിസ്ഥാൻ, അമേരിക്ക എന്നിവ ഉൾപ്പെടുന്ന അഫ്ഗാൻ ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ച ക്വാഡ്രിലാറ്ററൽ കോർഡിനേഷൻ ഗ്രൂപ്പിലും ലെഫ്റ്റനന്റ് ജനറൽ മിർസ സജീവ പങ്കാളിയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]