
ശ്രീനഗർ: അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ്റെ പ്രകോപനം. ഉറി മേഖലയിലെ ഹാജിപൂർ സെക്ടറിലാണ് പാകിസ്ഥാൻ്റെ ഭാഗത്ത് നിന്ന് അതിരൂക്ഷ ഷെല്ലിങ് നടന്നത്. ഗ്രാമീണ മേഖലകൾ ലക്ഷ്യമിട്ട് പരമാവധി ആൾനാശമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പാകിസ്ഥാൻ ആക്രമണം നടത്തുന്നത്. മേഖലയിൽ മലമുകളിലാണെന്ന ആനുകൂല്യമാണ് പാകിസ്ഥാനുള്ളത്. എന്നാൽ ഇന്ത്യൻ സൈന്യം പാകിസ്ഥാനെ ശക്തമായി തിരിച്ചടിക്കുന്നതായാണ് വിവരം.
അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും സ്ഥിതി വിലയിരുത്തി. സൈനിക മേധാവിമാരും സംയുക്ത സൈനിക മേധാവിയും ദില്ലിയിൽ പ്രധാനമന്ത്രിയുടെ വസതിയിലെത്തി.
അതേസമയം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ എല്ലാ ഉദ്യോഗസ്ഥരുടെയും അവധികൾ റദ്ദാക്കിയിട്ടുണ്ട്. നേരത്തെ അനുവദിച്ച അവധികളടക്കം റദ്ദാക്കി, ഉദ്യോഗസ്ഥർ ഉടൻ ജോലിയിൽ പ്രവേശിക്കണമെന്നും സർക്കുലർ ഇറക്കി. ഇന്ന് കേന്ദ്ര ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നതിന് പിന്നാലെയാണ് തീരുമാനം. ആരോഗ്യകാരണങ്ങളാൽ അവധിയിൽ പോയവർക്ക് മാത്രം ഇളവ് അനുവദിച്ചിട്ടുണ്ട്. സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് ട്രാൻസ്ഫറുകളും പോസ്റ്റിംഗ് ഓർഡറും നൽകുന്നത് നീട്ടിവെച്ചിട്ടുണ്ട്. ഉദ്യോഗസ്ഥർക്കുള്ള ട്രെയിനിങ് കോഴ്സുകളും മാറ്റിവെച്ചു. 2400 സിആർപിഎഫ് ജവാന്മാർ അടങ്ങുന്ന രണ്ട് കമ്പനി ഫോഴ്സിനെ ജമ്മു കാശ്മീരിലേക്ക് നിയോഗിച്ചിട്ടുമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]